ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ് കൃത്രിമ കാല്വിതരണം നടത്തി
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബിന്റ സ്വപ്ന പദ്ധതിയായ തൂവല്‍സ്പര്‍ശം 2024 സൗജന്യ കൃത്രിമ കാല്‍വിതരണ പദ്ധതിയുടെ ആദ്യഘട്ടം ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ ടോണി എനോക്കാരന്‍ ഉദ്ഘാടനം ചെയ്തു. ക്യാമ്പിന്റെ രണ്ടാം ഘട്ടം 24 ന് രാവിലെ 10.30 നടത്തും. ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ 25 ഓളം കൃത്രിമ കാലുകള്‍ ആണ് വിതരണം ചെയ്യുന്നത്. വീടുകളിലെയും ആശുപത്രികളിലേയും നാല് ചുവരുകള്‍ക്കുള്ളില്‍ തളയ്ക്കപ്പെട്ടു പോയവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ ഉദ്ദേശിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പ്രസിഡന്റ്് അഡ്വ. ജോണ്‍ നിധിന് തോമസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ട്രഷറര്‍ മനോജ് ഐബന് സ്വാഗതവും റോണി പോള്‍ നന്ദിയും പറഞ്ഞു. മുന്‍ ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ തോമച്ചന് വെള്ളാനിക്കാരന്‍, പാലക്കാട് ഫോര്‍ട്ട് ടൗണ്‍ പ്രസിഡന്റ് ഈശ്വരന് നമ്പൂതിരി, റെന്‍സി ജോണ്‍ നിധിന്, ഡോ. കെ.വി. ആന്റണി, മിഡ്ലി റോയി എന്നിവര്‍ സംസാരിച്ചു.