യൂണിവേഴ്സല്‍ ഊര്‍ജ സംരക്ഷണ പദ്ധതി റസിഡന്‍സ് അസോസിയേഷനുകളിലേക്ക്
വള്ളിവട്ടം: വള്ളിവട്ടം യൂണിവേഴ്സല്‍ എന്‍ജിനീയറിംഗ് കോളജ് എന്‍കോണ്‍ ക്ലബ് ഊര്‍ജസ്വലരാകാം ഊര്ജസംരക്ഷണത്തിനായ് പദ്ധതി റസിഡന്‍സ് അസോസിയേഷനുകളില്‍ നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. പ്രിന്‍സിപ്പല്‍ ഡോ. ജോസ് കെ. ജേക്കബ് ഉദ്ഘാടനം ചെയ്തു. തൃശൂര്‍ ചിറക്കല്‍, കുറുമ്പിലാവ് തുടങ്ങിയ വിവിധ റെസിഡന്‍സ് അസോസിയേഷന് പ്രതിനിധികള്‍ പങ്കെടുത്ത പരിപാടിയുടെ ഭാഗമായി ഊര്‍ജസംരക്ഷണ മാര്‍ഗങ്ങളെക്കുറിച്ചുള്ള സെമിനാറും നടന്നു. ഇന്ധനങ്ങളുടെ ദുരുപയോഗ തടയേണ്ടതെങ്ങനെ, പുനരുപയോഗ ഊര്‍ജം, സോളാര്‍, വിവിധ വൈദ്യുത ഉത്പാദനരീതികളെ എന്നീ വിഷയങ്ങള്‍ സെമിനാര്‍ ചര്‍ച്ച ചെയ്തു. ഒരു വീട്ടില്‍ അമിതവൈദ്യുത ഉപഭോഗം നടത്തിയാല്‍ പത്തു വീട്ടുകാര്‍ ഇരുട്ടിലാകും എന്ന മുദ്രാവാക്യം റസിഡന്‍സ് അസോസിയേഷനുകളില്‍ പ്രചരിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. കുടുംബാംഗങ്ങള്‍ക്ക് എല്‍ഇഡി ബള്‍ബ് നിര്‍മ്മാണ പരിശീലനം നല്കി. എന്‍കോണ്‍ ക്ലബ് കോഓര്‍ഡിനേറ്റര്‍ കെ.കെ. അബ്ദുള്‍റസാക്ക്, ഡോ. എം. ജോളിസ റസിഡന്‍സ് അസോസിയേഷന് പ്രസിഡന്റ് ദേവസികുട്ടി, ഡോ. ഷാനിബ ആസി, പി.കെ. ശ്രീനിവാസന്, വിദ്യാര്‍ഥി പ്രതിനിധി അനു ട്രീസ എന്നിവര്‍ പ്രസംഗിച്ചു.