ബസില്‍ ചില്ലറയുടെ പേരില്‍ തര്‍ക്കം: കണ്ടക്ടറുടെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന വയോധികന് മരിച്ചു
കരുവന്നൂര്‍: ബസില്‍ ചില്ലറയുടെ പേരിലുള്ള തര്‍ക്കത്തെത്തുടര്‍ന്ന് കണ്ടക്ടര്‍ ക്രൂരമായി മര്‍ദിക്കുകയും ബസില്‍നിന്ന് തള്ളിയിടുകയും ചെയ്ത വയോധികന് മരിച്ചു. കരുവന്നൂര്‍ എട്ടുമുന സ്വദേശിയായ മുറ്റിച്ചൂര്‍ വീട്ടില്‍ പവിത്ര(68) നാണു മരിച്ചത്. ഇന്നു രാവിലെയാണ് മരണം സംഭവിച്ചത്. ഏപ്രില്‍ രണ്ടിന് ഉച്ചക്ക് പന്ത്രണ്ടോടെ കരുവന്നൂര്‍ പുത്തന്‍തോട് വച്ചാണ് സംഭവം. തൃശൂര്‍ നിന്നും ഇരിങ്ങാലക്കുടയിലേക്ക് വരികയായിരുന്ന ശാസ്ത എന്ന പേരിലുള്ള സ്വകാര്യ ബസില്‍ യാത്രനിരക്ക് ചില്ലറ നല്കാത്തിനെത്തുടര്ന്നുള്ള തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. കരുവന്നൂര്‍ ബംഗ്ലാവ് സ്റ്റോപ്പിനു സമീപത്തെ കെഎസ്ഇബി ഓഫീസില്‍ വൈദ്യുതി ബില്‍ അടക്കുവാന്‍ പോയതാണ് പവിത്രന്. ബസില്‍ ചില്ലറനല്കിയതുമായി ബന്ധപ്പെട്ട് തര്‍ക്കം നടന്നിരുന്നു. കരുവന്നൂര്‍ രാജാ കമ്പനിയുടെ സമീപത്തുനിന്നാണ് പവിത്രന് ബസ് കയറിയത്. ആദ്യം 10 രൂപ നല്‍കിയെങ്കിലും 13 രൂപയാണ് ബസ് ചാര്‍ജെന്ന് കണ്ടക്ടര്‍ പറഞ്ഞപ്പോള്‍ ചില്ലറയില്ലാത്തതിനാല്‍ അഞ്ഞൂറ് രൂപ നല്കി. തിരിച്ച് 480 രൂപയാണ് കണ്ടക്ടര്‍ നല്‍കിയത്. ബാക്കി തുകയുടെ പേരില്‍ ഇരുവരും തമ്മില്‍ തര്‍ക്കമായി. ഇതിനിടയില്‍ പവിത്രന് ഇറങ്ങേണ്ട ബംഗ്ലാവ് സ്റ്റോപ്പും കഴിഞ്ഞിരുന്നു. പുത്തന്‍തോട് സ്റ്റോപ്പില്‍ ബസ് നിര്‍ത്താന്‍ തുടങ്ങിയപ്പോള്‍ ഇറങ്ങാന്‍ ശ്രമിച്ച പവിത്രനെ കണ്ടക്ടര്‍ പിന്നില്‍നിന്ന് ചവിട്ടി. ബസില്‍ നിന്നും വീണ വയോധികന് ഇലക്ട്രിക് പോസ്റ്റിനു സമീപത്തെ കരിങ്കല്‍ കുറ്റില്‍ തലയടിക്കുകയായിരുന്നു. നിലത്തു വീണ പവിത്രനെ വീണ്ടും കണ്ടക്ടര്‍ മര്‍ദിക്കുകയായിരുന്നു. നാട്ടുകാര്‍ ബസ് തടഞ്ഞിടുകയും പവിത്രനെ മാപ്രാണം ലാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പരുക്ക് ഗുരുതരമായതിനെത്തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി തൃശൂര്‍ എലൈറ്റ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തലയ്ക്ക് ആറ് തുന്നലും കഴുത്തിന്റെ എല്ലുപൊട്ടുകയും ചെയ്തിരുന്നു. സ്പൈനല്‍കോഡിനു പെട്ടലുള്ളതിനാല് ഓപ്പറേഷന് നടത്തിയിരുന്നു. ഹൃദൃരോഗവും മറ്റു രോഗങ്ങളും ഉള്ളതിനാല്‍ ഓപ്പറേഷന് അടക്കമുള്ള ചികിത്സ നടത്തുന്നതിന് വിദഗ്ധരായ ഡോക്ടര്‍മാരുടെ സേവനം വേണ്ടിവന്നിരുന്നു. അമൃത ആശുപത്രിയില്‍ ചിരിത്സയിലിരിക്കെ ഇന്നലെ രാവിലെയാണ് മരണം സംഭവിച്ചത്. ഏപ്രില്‍ 14 വരെ തൃശൂര്‍ എലൈറ്റ് ആശപത്രിയിലും തുടര്‍ന്ന് വിദഗ്ദ ചികില്‍സക്കായി എര്ണാക്കുളം അമൃത ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. പവിത്രന് ഡ്രൈവര്‍ ജോലിയില്‍ നിന്നും ലഭിക്കുന്ന തുഛമായ വരുമാനം ഏറെ സാമ്പത്തിക ബാധ്യതയുള്ള ഈ കുടുംബത്തിന് ആറെ ആശ്വാസമായിരുന്നു. എന്നാല്‍ അപകടത്തെ തുടര്‍ന്ന് ഓപ്പറേഷനും മറ്റു ചികിത്സക്കുമായി ലക്ഷങ്ങള്‍ വേണ്ടിവന്നതായി ബന്ധുക്കള്‍ പറഞ്ഞു. സംസകാരം ഇന്ന് ഇരിങ്ങാലക്കുട മുക്തിസ്ഥാനില്‍ നടക്കും. ഭാര്യ-കൗസല്യ. മക്കള്‍-പ്രണവ്, പ്രിയ. മരുമക്കള്‍- ഡെല്ല, റിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കൊലപാതക കുറ്റത്തിന് കേസെടുത്ത് ബസ് കണ്ടക്ടര്‍ ചേര്‍പ്പ് ഊരകം സ്വദേശി കടുകപറമ്പില്‍ രതീഷ് (43) നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.