ദിവ്യകാരുണ്യത്തിന്റെ ശക്തിയും ചൈതന്യവും പങ്കുവെച്ച് ക്രിസ്തു വിശ്വാസത്തിന്റെ പ്രഘോഷണമായി ദിവ്യകാരുണ്യ കോണ്‍ഗ്രസ്
വിശുദ്ധ കുര്‍ബാനയില്‍ നിന്ന് ശക്തി സ്വീകരിച്ച് ജീവകാരുണ്യമായി ക്രൈസ്തവ ജീവിതം മാറണം – അപ്പസ്തോലിക് ന്യൂണ്‍ഷോ ആര്‍ച്ച് ബിഷപ് എമരിറ്റസ് മാര്‍ ജോര്‍ജ് പാനികുളം
ഇരിങ്ങാലക്കുട: വിശുദ്ധ കുര്‍ബാനയില്‍ നിന്ന് ശക്തി സ്വീകരിച്ച് ജീവകാരുണ്യമായി ക്രൈസ്തവ ജീവിതം മാറണമെന്ന് അപ്പസ്തോലിക് ന്യൂണ്‍ഷോ ആര്‍ച്ച് ബിഷപ് എമരിറ്റസ് മാര്‍ ജോര്‍ജ് പാനികുളം. ഇരിങ്ങാലക്കുട രൂപതയില്‍ നടന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസ് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്. ഒന്നിപ്പിലേക്കാണ് വിശുദ്ധ കുര്‍ബാന നമ്മെ നയിക്കുന്നത്. പെന്തക്കുസ്ത ദിനത്തിന്റെ അവസാനത്തില്‍ ഉഥാനത്തിന്റെ ശക്തിയില്‍ അരൂപിയുടെ ആഗമനത്തില്‍ ഒരു പുതിയ സമൂഹം ഉരുത്തിരിഞ്ഞതു പോലെ നമുക്കും ക്രിസ്തുവിന് സാക്ഷ്യമാകുവാന് കഴിയണം. രൂപത ഭദ്രാസന ദേവാലയമായ സെന്റ് തോമസ് കത്തീഡ്രല്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിച്ചു. കോട്ടപ്പുറം രൂപത ബിഷപ് റൈറ്റ് റവ.ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ ദിവ്യകാരുണ്യ അനുഭവം പങ്കുവെച്ചു.
ദിവ്യകാരുണ്യത്തിന്റെ ശക്തിയും ചൈതന്യവും പങ്കുവെച്ച് ദിവ്യകാരുണ്യ കോണ്‍ഗ്രസ് ക്രിസ്തുവിശ്വാസത്തിന്റെ ആഘോഷമായി. കേരളസഭാ നവീകരണത്തിന്റെയും രൂപത സുവര്‍ണ ജൂബിലി വാര്‍ഷികത്തിന്റെയും മുന്നോടിയായാണ് ഇരിങ്ങാലക്കുട രൂപതയുടെ പ്രഥമ ദിവ്യകാരുണ്യ കോണ്‍ഗ്രസ് നടത്തപ്പെട്ടത്. ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. ജോസ് മഞ്ഞളി, ഇരിങ്ങാലക്കുട രൂപത വികാരി ജനറാളും ദിവ്യകാരുണ്യ കോണ്‍ഗ്രസ് ജനറല്‍ കോര്‍ഡിനേറ്ററുമായ മോണ്‍. ജോസ് മാളിയേക്കല്‍, രൂപത വികാരി ജനറാള്‍ മോണ്‍. വില്‍സണ്‍ ഈരത്തറ, കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍, രൂപത പ്രസ്ബിറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഫാ. ആന്റണി മുക്കാട്ടുകരക്കാരന്‍, ഫാമിലി അപ്പസ്തോലിക് ഡയറക്ടര്‍ റവ.ഡോ. ജോജി പാലമറ്റം, ദിവ്യകാരുണ്യ കോണ്‍ഗ്രസ് ജനറല്‍ കണ്‍വീനര്‍ റവ.ഡോ. റിജോയ് പഴയാറ്റില്‍, ഏകോപനസമിതി സെക്രട്ടറി ഫാ. ജോയല്‍ ചെറുവത്തൂര്‍, ഇരിങ്ങാലക്കുട ഉദയ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ വിമല സിഎംസി, ചാലക്കുടി അല്‍വേര്‍ണിയ എഫ്സിസി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ലില്ലി മരിയ എഫ്സിസി, കല്ലേറ്റുംകര പാവനാത്മ സിഎച്ച്എഫ് പ്രൊവിന്‍ഷ്യല്‍ സുപ്പീരയര്‍ സിസ്റ്റര്‍ ട്രീസ ജോസഫ് സിഎച്ച്എഫ്, ഇരിങ്ങാലക്കുട ഗുഡ് ഷെപ്പേര്‍ഡ് സിഎസ്എം പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ജെയിന് മേരി സിഎസ്എം, പോട്ട ഡിപോള്‍ സിഎസ്സി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ലുസീന സിഎസ്സി, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിമാരായ ഡേവിസ് ഊക്കന്‍, ആനി ആന്റോ, കുടുംബസമ്മേളന കേന്ദ്രസമിതി പ്രസിഡന്റ് ജോഷി പുത്തിരിക്കല്‍, ഏകോപനസമിതി ജോയിന്റ് സെക്രട്ടറി പിന്റോ ചക്കാലക്കല്‍, ദിവ്യകാരുണ്യ കോണ്‍ഗ്രസ് ജോയിന്റ് കണ്‍വീനര്‍ ലിംസണ്‍ ഊക്കന്‍, കത്തീഡ്രല്‍ ട്രസ്റ്റിമാരായ ആന്റണി കണ്ടംകുളത്തി, ജോബി അക്കരക്കാരന്‍, ബ്രിസ്റ്റോ നീലങ്കാവില്‍, 2024 സീറോമലബാര്‍ സഭ പ്രതിഭാതാരം കുമാരി നില ആന്റു എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. ഡിവൈന്‍ റിട്രീറ്റ് സെന്റര്‍ ഡയറക്ടര്‍ റവ.ഡോ. അഗസ്റ്റിന് വല്ലൂരാന് വിസി, തൃശൂര്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ എന്നിവര്‍ ദിവ്യകാരുണ്യ ആരാധനയ്ക്ക് നേതൃത്വം നല്കി.
രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിച്ച ദിവ്യബലിയില്‍ പാലക്കാട് രൂപത ബിഷപ് മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ വചനസന്ദേശം നല്കി. രൂപതയിലെ രണ്ടര ലക്ഷത്തോളം അത്ായവിശ്വാസികളുടെ പ്രതിനിധികളും വൈദികരും സന്യസ്തരുമടക്കം ഇരുപത്തയ്യായിരത്തോളം വിശ്വാസികള്‍ ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ പങ്കാളികളായി.
ദിവ്യകാരുണ്യ അനുഭവം പങ്കുവെച്ച് ദിവ്യകാരുണ്യ സെമിനാറുകള്‍
ഇരിങ്ങാലക്കുട: ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ ഭാഗമായി ഏഴ് കേന്ദ്രങ്ങളില്‍ നടന്ന ദിവ്യകാരുണ്യ സെമിനാറുകള്‍ വിശ്വാസ പ്രഘോഷണ വേദികളായി മാറി. കത്തീഡ്രല്‍ അങ്കണത്തിലെ പന്തലില്‍ നടന്ന സെമിനാറില്‍ ഫാ. ഡേവിസ് ചിറമ്മല്‍ ക്ലാസ് നയിച്ചു. കോട്ടപ്പുറം രൂപത ബിഷപ്പ് റൈറ്റ് റവ.ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ ദിവ്യകാരുണ്യ അനുഭവം പങ്കുവെച്ചു. ബിഷപ്സ് ഹൗസില്‍ നടന്ന സെമിനാറില്‍ ഫാ. ജോയ് ചെഞ്ചേരിയില്‍ എംസിബിഎസ് ക്ലാസ് നയിച്ചു. ഫാ. പോള്‍ കള്ളിക്കാടന്, സിസ്റ്റര്‍ റീന സിഎച്ച്എഫ് എന്നിവര്‍ ദിവ്യകാരുണ്യ അനുഭവം പങ്കുവെച്ചു. കത്തീഡ്രല്‍ പാരിഷ് ഹാളില്‍ നടന്ന സെമിനാറില്‍ റവ.ഡോ. സെബാസ്റ്റ്യന്‍ ചാലക്കല്‍ ക്ലാസ് നയിച്ചു. ബേബി ജോണ്‍ കലയന്താനി ദിവ്യകാരുണ്യ അനുഭവം പങ്കുവെച്ചു. സെന്റ് ജോസഫ്സ് കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാറില്‍ ഫാ. ജോസഫ് പുത്തന്‍പുയ്ക്കല്‍ ഒഎഫ്എം ക്ലാസ് നയിച്ചു. ഡോ. മേരി റെജീന ദിവ്യകാരുണ്യ അനുഭവം പങ്കുവെച്ചു. കത്തീഡ്രല്‍ സിയോണ്‍ ഹാളില്‍ നടന്ന സെമിനാറില്‍ ശശി ഇമ്മാനുവല്‍ ക്ലാസ് നയിച്ചു. ജോബി വര്‍ഗീസ് ബിന്‍ഷ ജോബി, ബിനോയ് പോള്‍ ഷേര്‍ളി ബിനോയ്, സിനോജ് ജോണ്‍ സൂസന് സിനോജ് എന്നിവര്‍ പാനല്‍ ഷെയറിംഗ് നടത്തി. ഡോണ്‍ബോസ്കോ സ്കൂളില്‍ നടന്ന സെമിനാറില്‍ ഫാ. ഏലിയാസ് ഒഎഫ്എം ക്ലാസ് നയിച്ചു. അല്‍ഫോന്‍സ് ജോസഫ് ദിവ്യകാരുണ്യ അനുഭവം പങ്കുവെച്ചു. സെന്റ് ജോസഫ്സ് കോളജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന സെമിനാറില്‍ ഫാ. ജെയിംസ് പള്ളിപ്പാട്ട് ക്ലാസ് നയിച്ചു. സിസ്റ്റര്‍ ക്രിസ്റ്റി എംഎസ്എംഐ ദിവ്യകാരുണ്യ അനുഭവം പങ്കുവെച്ചു.
റവ.ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍- കോട്ടപ്പുറ രൂപത ബിഷപ്
ദിവ്യകാരുണ്യത്തെകുറിച്ച് പഠിക്കേണ്ടത് പുസ്തകങ്ങളില്‍ നിന്നല്ല, മറിച്ച് ദേവാലയത്തിനുള്ളില്‍ മുട്ടുകുത്തി നിന്ന് പ്രാര്‍ഥിച്ചാണ് മനസിലാക്കേണ്ടതാണ്. ദിവ്യരഹസ്യങ്ങളെല്ലാം ധ്യാനിക്കാനും പ്രാര്‍ഥിക്കാനുമാണ് നമ്മള് ശ്രമിക്കേണ്ടത്. ക്രൈസ്തവ വിശ്വാസത്തെ വെല്ലുവിളിക്കുന്ന കാലഘട്ടത്തില്‍ വിശ്വാസം പ്രഘോഷിക്കുന്നവരായി നാം തീരണം. എന്റെ ജീവിതത്തില്‍ ദൈവം തന്നതല്ലാതെ മറ്റൊന്നുമില്ല. എന്റെ അമ്മ എന്നും ദേവാലയത്തില്‍ പോകുമായിരുന്നു. അമ്മയോടൊപ്പം എന്നും ഞാനും ദേവാലയത്തില്‍ പോകും. ഇത് ചെറുപ്പത്തിലേ തുടങ്ങിയ ശീലമാണ്. ഒന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ ആദ്യകുര്‍ബാന സ്വീകരിക്ാന് എനിക്ക് അവസരമുണ്ടായി. അതോടെ അള്‍ത്താരബാലനായി. അന്നുമുതല്‍ അള്‍ത്താരയോട് വലിയ സ്നേഹം തുടങ്ങി. ചെറുപ്പത്തില്‍ തന്നെ വൈദികനാകണമെന്ന മോഹമുണ്ടായി. സെമിനാരിയില്‍ ചെന്നപ്പോഴാണ് വൈദികന് മാത്രമല്ല വിശുദ്ധനാകണമെന്ന ചിന്തയും ഉണ്ടായത്. പരിശുദ്ധ അമ്മയോട് ചേര്‍ന്നുനിന്നുകൊണ്ടാണ് ഞാന്‍ ദിവ്യകാരുണ്യനാഥനെ കണ്ടെത്തിയത്. അതിന് പ്രേരകമായത് എന്റെ അമ്മയുടെ പരിശീലനം തന്നെയാണ്.
ക്രൈസ്തവ ജീവിതത്തിന്റെ ഏറ്റവും വലിയ സമ്പത്ത്, ഏറ്റവും വലിയ നിധി അത് ദിവ്യകാരുണ്യമാണ് – മാര്‍ പോളി കണ്ണൂക്കാടന്‍
ക്രിസ്തു തന്നെയായ വിശുദ്ധ കുര്‍ബാനയാണ് ക്രൈസ്തവരുടെ ഏറ്റവും വലിയ സമ്പത്തും നിധിയും. ഇത് വിളിച്ചോതുന്ന ഏറ്റവും പരമമായ അവസരമാണ് ഈ ദിവ്യകാരുണ്യ കോണ്‍ഗ്രസ്. അതുകൊണ്ടുതന്നെ ആന്തരിക നവീകരണത്തിന്റെയും ശാക്തീകരണത്തിന്റെയും പുതിയ പാതകള്‍ ഈ ആധുനിക കാലഘട്ടത്തില്‍ സഭയില്‍ രൂപപ്പെടേണ്ടിയിരിക്കുന്നു. അത് വ്യക്തിജീവിതത്തിലും കുടുംബങ്ങളിലും ഇടവകകളിലും രൂപതയിലും സഭയില്‍ മുഴുവനും രൂപപ്പെടേണ്ടിയിരിക്കുന്നു. എന്റെ ബലഹീനതയില്‍ എന്റെ ശക്തി അത് കര്‍ത്താവിന്റെ വിശുദ്ധ കുര്‍ബാനയിലാണ്. വൈദികനെന്ന നിലക്ക് മെത്രാനെന്ന നിലക്ക് ഞന്‍ അര്‍പ്പിച്ച ബലികളില്‍ നിന്നും ഞാന്‍ നേടിയ കരുത്താണ് എന്റെ ജീവിതത്തിന്റെ അജപാലന ശുശ്രൂഷയില്‍ ഇന്നോളം എന്നെ നയിച്ച എന്റെ ഏറ്റവും വലിയ രഹസ്യം. സഭയെ പരിപോഷിപ്പിക്കുന്നത് വിശുദ്ധ കുര്‍ബാനയാണ്. വിശുദ്ധ കുര്‍ബാനയില്ലാതെ സഭയില്ല. വിശുദ്ധ കുര്‍ബാനയില്ലാതെ കത്തോലിക്ക ജീവിതമില്ല. ക്രൈസ്തവ ജീവിതമില്ല. ഞാന്‍ അര്‍പ്പിക്കുന്ന ബലികളില്‍ നിന്നും കിട്ടുന്ന കരുത്താണ് എന്റെ ജീവിതമെന്ന് പ്രഘോഷിക്കാനുള്ള ഏറ്റവും വലിയ അവസരമാണ് ഈ ദിവ്യകാരുണ്യ കോണ്‍ഗ്രസ്.
മാര്‍ ടോണി നീലങ്കാവില്‍
മനുഷ്യന്റെ യുക്തിക്കതീതമാണ് ദിവ്യകാരുണ്യ രഹസ്യം. ഭൂകമ്പങ്ങളുണ്ടായപ്പോഴും പകര്ച്ചവ്യാധികളുണ്ടായപ്പോഴും സഭയുടെ ചരിത്രത്തില്‍ വിശ്വാസ സമൂഹം ഒരുമിച്ച് ആശ്രയിച്ചത് ദിവ്യകാരുണ്യനാഥന്റെ അടുക്കലാണ്. ഈ ലോകത്ത് നമ്മള് നിസഹായരായി തീരുന്ന ഏതു നിമിഷത്തെയും തരണം ചെയ്യുവാന്‍ ദിവ്യകാരുണ്യം ശക്തി നല്കുന്നു. സ്വയം മുറിയാനും മുറിക്കപ്പെടുവാനും പങ്കുവെയ്ക്കാനും ദിവ്യകാരുണ്യ ഈശോ നമ്മെ എല്ലാവരെയും ക്ഷണിക്കുകയാണ്. ഏത് പരാജയത്തെയും വിജയമാക്കി മാറ്റുവാന്‍ കഴിവുള്ളവനാണ് ക്രിസ്തു നാഥന്. എല്ലാം തീര്‍ന്നുവെന്ന് കരുതി നിരാശപ്പെടരുത്. നമമുടെ ജീവിതത്തിലെ തിന്മയുടെ വഴികളില്‍ നാം വ്യതിചലിച്ചുപോയ മാര്‍ഗങ്ങളില്‍ നമ്മെ വീണ്ടെടുക്കാന്‍ ശക്തിയുള്ളവനാണ് ദിവ്യകാരുണ്യനാഥന്.
മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍
നാമെല്ലാം സ്വര്‍ഗത്തില്‍ ദൈവത്തെ മുഖാഭിമുഖം കാണേണ്ടവരാണ്. സ്വര്‍ഗത്തെ ലക്ഷ്യമാക്കി ജീവിക്കുന്നവരുമാണ്. സ്വര്‍ഗത്തെ ലക്ഷ്യമാക്കി ജീവിക്കുന്ന നമുക്ക് കൂട്ടായ്മ ഉറപ്പുവരുത്തുന്ന വലിയ സംഭവമാണ് യേശുക്രിസ്തുവിന്റെ തിരുശരീരങ്ങളടങ്ങുന്ന ദിവ്യകാരുണ്യം. ഒന്നായി ഒരു ഹൃദയമായി ദിവ്യകാരുണ്യത്തിലേക്ക് എന്നുള്ളത് ഒരു യാത്രയാണ്. ഈ യാത്രയെ തടസപ്പെടുത്തുന്ന കാര്യങ്ങളെ ഓരോന്നോരോന്നായി പിഴുതെറിയാന്‍ ദിവ്യകാരുണ്യത്തിലുള്ള കൂട്ടായ്മ നമ്മെ ആന്തരികമായും സ്വയം പ്രേരിതമായും നിര്‍ബന്ധിക്കുകയാണ്. ജീവന് തുടിക്കുന്ന കൂട്ടായ്മയില്‍ നിലനില്‍ക്കുന്ന ഒരു ശരീരമാകണം നാം.
വിശ്വാസം പ്രൗഢോജ്വലമായി; ദിവ്യകാരുണ്യ പ്രദക്ഷിണത്തില്‍ പതിനായിരങ്ങള്‍ അണിനിരന്നു
ഇരിങ്ങാലക്കുട: ക്രൈസ്തവ വിശ്വാസം പ്രൗഢോജ്വലമാക്കുന്നതായിരുന്നു ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ ഭാഗമായി പതിനായിരങ്ങള്‍ അണിനിരന്ന നഗരം ചുറ്റിയുള്ള ദിവ്യകാരുണ്യ പ്രദക്ഷിണം. ദിവ്യകാരണ്യ ഈശോയ്ക്ക് സ്തുതി ആരാധനകള്‍ അര്‍പ്പിക്കാനും ദൈവാനുഭവങ്ങള്‍ പങ്കുവെക്കാനും വിശ്വാസം പ്രഘോഷിക്കാനുമായി പതിനായിരങ്ങളാണ് ഇന്നലെ ഇരിങ്ങാലക്കുടയില്‍ എത്തിച്ചേര്‍ന്നത്. രാവിലെ മുതല്‍ വിശ്വാസികളുടെ പ്രവാഹമായിരുന്നു ഇരിങ്ങാലക്കുടയിലേക്ക്. കത്തീഡ്രല്‍ അങ്കണത്തിലെ പന്തലുകളിലും സെമിനാര്‍ നടന്ന ഏഴു കേന്ദ്രങ്ങളിലും വന്‍ ജനപങ്കാളിത്തമാണ് ഉണ്ടായിരുന്നത്.
ഇന്നലെ വൈകീട്ട് കത്തീഡ്രല്‍ പള്ളിയില്‍ നിന്നും ആരംഭിച്ച ദിവ്യകാരുണ്യ പ്രദക്ഷിണം ചന്തക്കുന്ന് വഴി ചന്ദ്രിക ജംഗ്ഷനിലെത്തി ദൈവപരിപാലന ഭവനത്തിനു മുന്നിലൂടെ മെയിന്‍ റോഡു വഴി ഠാണാ ജംഗ്ഷനിലെത്തി കത്തീഡ്രല്‍ പള്ളിയില്‍ സമാപിച്ചു. ജപമാലയുമേന്തി ദിവ്യകാരുണ്യനാഥനെ സ്തുതിച്ചുകൊണ്ടായിരുന്നു വിശ്വാസികള്‍ പ്രദക്ഷിണത്തില്‍ അണിനിരന്നത്.
രൂപതയിലെ 141 ഇടവകകളെ സൂചിപ്പിച്ചുകൊണ്ട്, 141 പൊന്‍കുരിശുകളും പട്ടുകുടകളും പേപ്പല്‍ പതാകകള്‍ക്കു പിന്നില്‍ ഓപ്പയും മോറിസും ധരിച്ച ദര്‍ശന സഭാംഗങ്ങളും ഈ വര്‍ഷം ആദ്യകുര്‍ബാന സ്വീകരണം നടത്തിയ കുഞ്ഞുങ്ങള്‍ അവരുടെ ആദ്യകുര്‍ബാന സ്വീകരണ വേഷത്തിലും അണിനിരന്നു. കോണ്ഗ്രിഗേഷന് അടിസ്ഥാനത്തില്‍ സിസ്റ്റേഴ്സ്. തൊട്ടുപുറകില്‍ ധൂപക്കുറ്റിയും ചെറുമണകളുമായി അള്‍ത്താര സംഘക്കാരും ഇവര്‍ക്കു പിറകില്‍ വെള്ള ഉടുപ്പ് ധരിച്ച ചിറകുകളുമായി തലയില്‍ കിരീടം ചൂടി കയ്യില്‍ സ്റ്റാര്‍ വടിയും പിടിച്ച് കുഞ്ഞുമാലാഖമാരും നിരന്നു. തുടര്‍ന്ന് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ കൈകളിലേന്തി ദിവ്യകാരുണ്യം വഹിച്ച വാഹനം. പ്രദക്ഷിണം പള്ളിയില്‍ എത്തിച്ചേര്‍ന്നതോടെ ദിവ്യകാരുണ്യ ആശീര്‍വാദത്തോടെ ദിവ്യകാരുണ്യ കോണ്‍ഗ്രസ് സമാപിച്ചു.