തൊഴിലുറപ്പ് തൊഴിലാളികള്‍ സ്വപ്നം കണ്ട യാത്ര ഒടുവില്‍ സാക്ഷാത്കാരിച്ചു
കോണത്തുക്കുന്ന്: വിമാനത്തില്കയറണമെന്ന ആഗ്രഹം സഫലീകരിച്ചതിന്റെ സന്തോഷത്തിലാണ് വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 19 ലെ തൊഴിലുറപ്പ് തൊഴിലാളികള്‍. ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു അവരുടെത്. രാവിലെ നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ നിന്നും വിമാനത്തില്‍ ബാംഗ്ലൂര്‍ എത്തുകയും ലാല്‍ബാഗ്, വിധാന സൗദ, ടിപ്പു സുല്‍ത്താന്‍ കൊട്ടാരം, വിശ്വശര മ്യൂസിയം തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് പിറ്റേന്ന് രാവിലെ ബസില്‍ തിരികെ എത്തുകയും ചെയ്തു. തൊഴിലുറപ്പ് തൊഴിലാളികളും സുഹൃത്തുക്കളും കൂടി 25 ഓളം പേര് ഉണ്ടായിരുന്ന സംഘത്തില്‍ ഒരു വയസുള്ള ഇധികയും 72 വയസുള്ള ജോസഫിനയും ഉണ്ടായിരുന്നു. ബുദ്ധിമുട്ടുകള്‍ക്കും പ്രയാസങ്ങള്‍ക്കുമിടയില്‍ ഇത്തരം യാത്ര പോകാന്‍ കഴിഞ്ഞതില്‍ സംഘം വളരെയേറെ സന്തോഷം പ്രകടിപ്പിച്ചു. ഈ യാത്ര യാഥാര്‍ഥ്യമാകുന്നതിനായി വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എം. മുകേഷ് ഒമ്പതാം വാര്‍ഡ് മെമ്പര്‍ ടി.കെ. ഷറഫുദ്ദീന് എന്നിവര്‍ സൗകര്യം ഒരുക്കി. എന്‍ആര്‍ഇജി വര്‍ക്കേഴ്സ് യൂണിയന് ഏരിയ കമ്മിറ്റി പ്രസിഡന്റ് ചന്ദ്രിക ശിവരാമന് സംഘത്തില്‍ ഉണ്ടായിരുന്നു.