പോക്സോ കേസ് പ്രതി കര്‍ണ്ണാടകയില്‍ നിന്ന് അറസ്റ്റില്‍
ഇരിങ്ങാലക്കുട: പോക്സോ കേസ് പ്രതി കര്‍ണ്ണാടകയില്‍ നിന്ന് അറസ്റ്റില്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കര്‍ണ്ണാടക ബിജാപൂര്‍ സ്വദേശി അരവിന്ദ് രത്തോഡിനെയാണ് (23) തൃശൂര്‍ റൂറല്‍ എസ്പി നവനീത് ശര്‍മ്മയുടെ നിര്‍ദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈഎസ്പി എം.എസി. കുഞ്ഞിമോയിന്‍ കുട്ടിയുടെ നേതൃത്വത്തില്‍ എസ്ഐ ടി.എ. റാഫേല്‍, സിനിയര്‍ സിപിഒ ഇ.എസ്. ജീവന്, സിപിഒ വി.എം. മഹേഷ് എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്. മഹാരാഷ്ട്ര കര്‍ണ്ണാടക അതിര്‍ത്തി ജില്ലയായ വിജയപുരയിലെ ഉള്‍ഗ്രാമമായ ഇത്തങ്കിഹാളില്‍ ആണ് പ്രതിയുടെ വീട്.
നാലു വര്‍ഷം മുന്‍പ് ചേര്‍പ്പില്‍ ബന്ധുക്കളുടെ അടുത്ത് സ്വര്ണ്ണപ്പണിക്കെത്തിയ ഇയാള്‍ പരാതിക്കാരിയായ പെണ്‍കുട്ടിയുമായി സൗഹൃദത്തിലായി. ഇതിനിടെ പലതവണ പെണ്‍കുട്ടിയെ ശാരീരികമായി ഉപദ്രവിച്ചതായാണ് പരാതി. പിന്നീട് സ്വദേശത്തേക്ക് തിരിച്ചു പോയ ശേഷം ഫോണിലൂടെ ഭീഷണിപ്പെടുത്തുകയുമുണ്ടായി. പരാതിയെത്തുടര്‍ന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ച റൂറല്‍ പോലീസ് രഹസ്യമായി കര്‍ണ്ണാടകയിലെത്തി വിജയപുര എപിഎംസി പോലീസിന്റെ കൂടി സഹായത്തോടെ പ്രതിയെ അറസ്റ്റുചെയ്യുകയായിരുന്നു. റൂറല്‍ എസ്പിയുടെ നിര്‍ദ്ദേശപ്രകാരം മൂന്നംഗ പോലീസ് സംഘം കര്‍ണ്ണാടകയിലേക്ക് പുറപ്പെട്ടത്.
കസ്റ്റഡിയിലെടുക്കാനെത്തിയ പോലീസിനെ പ്രതിരോധിച്ച ഇയാളെ ശ്രമകരമായി പിടികൂടുകയായിരുന്നു. പിന്നീട് വിജയപുര കോടതിയില്‍ ഹാജരാക്കിയാണ് കേരളത്തിലേക്ക് കൊണ്ടുവന്നത്. ചേര്‍പ്പ് സ്റ്റേഷനിലെത്തിച്ച് വൈദ്യ പരിശോധനകള്‍ അടക്കമുള്ള നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം തൃശൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. കോടതി ഇയാളെ റിമാന്റ് ചെയ്തു. ബാംഗ്ലൂര്‍ നിന്ന് അഞ്ഞൂറ്റി അമ്പതോളം കിലോമീറ്റര്‍ ദൂരെയുള്ള ഇത്തങ്കിഹാള്‍ ഗ്രാമവാസിയായ അരവിന്ദ് പാരാമെഡിക്കല്‍ വിദ്യാര്‍ഥിയാണ്.
മൂന്നു ദിവസം അവിടെ തങ്ങിയ പോലീസ് സംഘം ഇയാളുടെ നീക്കങ്ങള്‍ നിരീക്ഷിച്ച് മഫ്തിയില്‍ ഓട്ടോറിക്ഷയിലെത്തിയാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. ഇരിങ്ങാലക്കുട ഡിവൈഎസ്പി എം.സി. കുഞ്ഞിമോയിന്‍കുട്ടിയുടെ നേതൃത്വത്തില്‍ ചേര്‍പ്പ് ഇന്‍സ്പെക്ടര്‍ സി.വി. ലൈജുമോന്, എസ്ഐമാരായ ടി.എ. റാഫേല്‍, വസന്ത് കുമാര്‍, സീനിയര്‍ സിപിഒ പി.എ. സരസപ്പന്‍, ഇ.എസ്. ജീവന്, സിപിഒ വി.എം. മഹേഷ് സൈബര്‍ വിദഗ്ധന്‍ സി.ആര്. സനൂപ് എന്നിവരാണ് അന്വേഷണ സംഘത്തി് ഉണ്ടായിരുന്നത്.