പ്രഖ്യാപനങ്ങള്‍ മാത്രം, ഇത്തവണയും ഇരിങ്ങാലക്കുടയ്ക്ക് അമൃത് പദ്ധതിയില്ല
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷനോടുള്ള അവഗണന തുടരുന്നു
കല്ലേറ്റുംകര: നൂറുവര്‍ഷത്തിലേറെ പഴക്കം. വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും വര്‍ഷംതോറും വര്‍ധന. പക്ഷേ, ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷനോടുള്ള അധികൃതരുടെ അവഗണനയ്ക്ക് മാത്രം കാലമെത്ര കഴിഞ്ഞിട്ടും മാറ്റമൊന്നുമില്ല. സ്റ്റേഷന്റെ സമഗ്ര വികസനത്തിനായി അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന പ്രഖ്യാപനം ഇത്തവണയും നടപ്പായില്ല. 2023 ഓഗസ്റ്റില്‍ റെയില്‍വേ പാസഞ്ചേഴ്സ് അമിനിറ്റീസ് കമ്മിറ്റി ചെയര്മാന് പി.കെ. കൃഷ്ണദാസ് സ്റ്റേഷന് സന്ദര്‍ശിച്ചപ്പോള്‍ ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് രണ്ടാംഘട്ട അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പത്തുകോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ചായക്കടയോ, ശൗചാലയമോ, കാത്തിരിപ്പുകേന്ദ്രമോ ഇല്ലാത്ത രണ്ടാമത്തെ പ്ലാറ്റ് ഫോമില്‍ ഒരാഴ്ചയ്ക്കുള്ളില്‍ കാന്റീന് സൗകര്യത്തിന് ടെണ്ടര്‍ വിളിക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തിരുന്നു. സന്ദര്‍ശനവും പ്രഖ്യാപനവും കഴിഞ്ഞ് ഒന്നര വര്‍ഷമായിട്ടും യാതൊരു അനക്കവുമില്ല. മാത്രമല്ല, ഒന്നാം പ്ളാറ്റ്ഫോമിലുണ്ടായിരുന്ന കാന്റീനടക്കമുള്ളവ അടച്ചുപൂട്ടുകയും ചെയ്തു. സുരേഷ് ഗോപി എം.പി.യാകുന്നതിന് മുന്‍പ് 2024 ഫെബ്രുവരിയില്‍ ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് സന്ദര്‍ശിച്ചവേളയില്‍ നല്കിയ വാഗ്ദാനങ്ങളും പാലിച്ചിട്ടില്ലെന്ന് യാത്രക്കാര്‍ പറഞ്ഞു.
പ്രതിഷേധിച്ച് ജനകീയ കമ്മിറ്റി
കല്ലേറ്റുംകര: ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷനോടുള്ള എംപിയുടെയും റെയില്‍വേ അധികാരികളുടെയും അവഗണനയ്ക്കെതിരേ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ പാസഞ്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ജനകീയ കമ്മിറ്റി രൂപവത്കരിച്ചു. അസോസിയേഷന് പ്രസിഡന്റ് ഷാജു ജോസഫ് അധ്യക്ഷനായ യോഗത്തില്‍ ആളൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ രക്ഷാധികാരിയായും സി.പി.എം. ആളൂര്‍ നോര്‍ത്ത് സെക്രട്ടറി ഐ.എന്‍. ബാബു ചെയര്‍മാനായും ആളൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ബാബു തോമസ് കണ്‍വീനറായും കമ്മിറ്റി രൂപവത്കരിച്ചു.