പഞ്ചായത്ത് പറയുന്ന റൂട്ടില്‍, പറയുന്ന സമയത്ത് സര്‍വീസ്; കെഎസ്ആര്‍ടിസിയുടെ ഗ്രാമവണ്ടി തയ്യാര്‍ നിയോജകമണ്ഡലത്തില്‍ ആദ്യത്തേത്

മുരിയാട് പഞ്ചായത്തിലെ ഗ്രാമവണ്ടി ഇന്ന് ഉള്‍നാടന്‍ യാത്ര ആരംഭിക്കും
ഇരിങ്ങാലക്കുട: തൃശൂര്‍ ജില്ലയിലെ രണ്ടാമത്തേതും ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ ആദ്യത്തേതുമായ മുരിയാട് പഞ്ചായത്ത് സ്പോണ്സര് ചെയ്ത ഗ്രാമവണ്ടി ഇന്നു മുതല്‍ ഉള്‍നാടന്‍ യാത്ര ആരംഭിക്കും. ബസിന്റെ ഡീസല്‍ ചെലവ് മാത്രം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഹിച്ച് അവര്‍ നിശ്ചയിക്കുന്ന റൂട്ടുകളും സമയക്രമവും അനുസരിച്ച് കെഎസ്ആര്‍ടിസി ബസ് സര്‍വീസ് നടത്തുന്ന പദ്ധതിയാണ് ഗ്രാമവണ്ടി.
ഒരു പഞ്ചായത്തിലെ ബസ് പോകുന്ന എല്ലാ റോഡുകളിലും എത്തുന്ന രീതിയിലായിരിക്കും ഗ്രാമവണ്ടി സര്‍വ്വീസ് നടത്തുക. പൊതുഗതാഗത രംഗം ജനകീയ സൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ മുരിയാട് പഞ്ചായത്ത് മൂന്നാം 100 ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി നടപ്പിലാക്കുന്ന ഗ്രാമവണ്ടി ഇന്ന് ആനന്ദപുരം എടയാറ്റു മുറിയില്‍ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി ഡോ. ആര്. ബിന്ദു ഫ്ലാഗ് ഓഫ് ചെയ്യും.
ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡില്‍ നിന്നും ആരംഭിച്ചു മുരിയാട് പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന പുല്ലൂര്‍ ഊരകം, ആനുരളി മുരിയാട് ആനന്ദപുരം നെല്ലായി എന്നി വിടങ്ങളിലെ ഉള്റോഡുകളിലൂടെയാണ് ആദ്യമായി ഒരു ബസ് സര്‍വീസ് ഗ്രാമവണ്ടിയിലുടെ സാഷാത്കരിക്കുന്നത്. ഉള്‍പ്രദേശങ്ങളില്‍ ഉള്ളവര്‍ക്ക് യാത്രാസൗകര്യം ഉറപ്പാക്കാനും ഇത് വഴി സാധിക്കും. അതോടൊപ്പം പ്രദാന വഴികളില്‍നിന്നും മാറികിടക്കുന്ന ഗ്രാമീണ വഴികളിലൂടെയുള്ള യാത്ര അനുഭവിക്കാനും മറ്റുള്ളവര്‍ക്ക് ഒരു അവസരവുമാണ്.
ഓര്‍ഡിനറി ബസുകളുടെ ടിക്കറ്റ് ചാര്‍ജാണ് ഗ്രാമവണ്ടിക്കും ഈടാക്കുന്നത്. 39 സീറ്റുള്ള കട്ട് ചെസ് ബസാണ് ഗ്രാമവണ്ടിയായി രോപകല്പന ചെയ്തിരിക്കുന്നത്. ഇരുവശങ്ങളിലും പുറകിലും സ്റ്റിക്കര്‍വര്‍ക്ക് ചെയ്തു ഗ്രാമവണ്ടി കാഴ്ചയില്‍ വ്യത്യസ്തമാക്കിയിട്ടുണ്ട്. പഞ്ചായത്തിന്റെ ഓണ്‍ ഫണ്ട് ഉപോയോഗിച്ചാണ് ഗ്രാമവണ്ടിയുടെ ഡീസല്‍ ചെലവുകള്‍ നടത്താന്‍ ഉദ്ദേശിക്കുന്നത്. ഇതിനായി ഒരു ട്രാന്‍സ്പോര്‍ട് വികസന സമതി പഞ്ചായത്തില്‍ നിലവില്‍ വന്നിട്ടുണ്ട്, ഇതില്‍ രണ്ട് കെഎസ്ആര്‍ടിസി പ്രതിനിധികള്‍ ഉണ്ടായിരിക്കും.
പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നും സിവില്‍ സ്റ്റേഷന്, പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ്, താലൂക്ക് ആശുപത്രി, മാര്‍ക്കറ്റ്, ദേശീയ പാത എന്നിവയെ ബനധിപ്പിക്കുന്നതും, പഞ്ചായത്ത് ഓഫീസ്, പഞ്ചായത്തിന്റെ വെറ്റിനറി, ഹോമിയോ, അലോപതി ആശുപത്രികള്‍, കൃഷിഭവന്, സര്‍ക്കാര്‍ സ്കൂള്‍ എന്നിവിടങ്ങളിലേക്ക് എത്തിപ്പെടാന്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് സൗകര്യം ലഭിക്കുന്ന തരത്തില്‍ ഇരിങ്ങാലക്കുട മുതല്‍ നെല്ലായി വരെ ആണ് ഗ്രാമവണ്ടി സൗകര്യം ഒരുക്കിയിരിക്കുന്നത്.
ഗ്രാമവണ്ടി എന്ന ആശയം നടപ്പിലാക്കുന്നതോടെ മുരിയാട് ഗ്രാമപ്പഞ്ചായത്തില്‍ പൊതുഗതാഗത സൗകര്യം എത്തിപ്പെടാത്ത ബഹുഭൂരിപക്ഷം മേഖലകളിലും ആളുകള്‍ക്ക് പട്ടണത്തിലും വിവിധ സ്ഥാപനങ്ങളിലേക്കും എത്തിപ്പെടാന്‍ വലിയ അനുഗ്രഹമായിരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി പറഞ്ഞു.