പടിയൂര്‍ ഇരട്ടകൊലപാതകം; പ്രതി പ്രേംകുമാര്‍ കീഴടങ്ങിയത് പോലീസിനല്ല, മരണത്തിന്

പ്രേംകുമാര്‍, മണി, രേഖ.
കൊലപാതകത്തിന് മുന്‍പ് വരെ വാട്സാപ്പ് പ്രൊഫൈല്‍ ചിത്രമായി രേഖയുമൊപ്പമുള്ള ഫോട്ടോ; ശേഷം ‘ലോക സമസ്ത സുഖിനോ ഭവന്തു’
മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങില്ല, കേദാര്‍നാഥില്‍ തന്നെ സംസ്കരിക്കും
ഇരിങ്ങാലക്കുട: കൊലപാതകത്തിന് മുന്‍പ് വരെ വാട്സാപ്പ് പ്രൊഫൈല്‍ ചിത്രമായി രേഖയുമൊപ്പമുള്ള ഫോട്ടോ; ശേഷം ‘ലോക സമസ്ത സുഖിനോ ഭവന്തു’; സംശയ രോഗം മൂത്ത് ഭാര്യയെയും അമ്മയെയും കൊന്ന പ്രേംകുമാര്‍ സമസ്ത ലോകത്തിനും നന്മ നേര്‍ന്ന് ഒളിച്ചു കടന്നത് ഉത്തരാഖണ്ഡിലേക്ക്; പുണ്യ ഭൂമിയിലെത്തിയ ശേഷം പരലോകത്തേക്കും! സൈക്കോ കില്ലറുടെ മരണകാരണം അവ്യക്തം. പടിയൂര്‍ ഇരട്ടക്കൊലക്കേസ് പ്രതി പ്രേംകുമാറിനെ കേദാര്‍നാഥില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തരാഖണ്ഡിലെ കേദാര്‍നാഥിലുള്ള ഒരു വിശ്രമകേന്ദ്രത്തിലാണ് ഇയാളെ മരിച്ചനിലയില്‍ കണ്ടെത്തിയിരിക്കുന്നത്.
പടിയൂരില്‍ രണ്ടാം ഭാര്യയെയും അമ്മയെയും ശ്വാസംമുട്ടിച്ച് കൊന്നശേഷം നാടുവിടുകയായിരുന്നു. പടിയൂരില്‍ വാടകക്കു താമസിക്കുന്ന കാറളം വെള്ളാനി കൈതവളപ്പില്‍ വീട്ടില്‍ പരേതനായ പരമേശ്വരന്റെ ഭാര്യ മണി (74), മകള്‍ രേഖ (43) എന്നിവരാണ് കൊലചെയ്യപ്പെട്ടത്. പ്രേംകുമാറിന്റെ രണ്ടാം ഭാര്യയാണ് രേഖ. ആദ്യ ഭാര്യയായ വിദ്യയെ കൊന്ന കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷമായിരുന്നു ഇരട്ടക്കൊലപാതകം. കോട്ടയം കോട്ടയം ഇത്തിത്താനം കൊല്ലമറ്റത്ത് പ്രേംനിവാസില്‍ പ്രേംകുമാര്‍ (45)നെ പിടികൂടാന്‍ പോലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തിയിരുന്നു. രാജ്യംവിട്ടു പോകാതിരിക്കാന്‍ മൂന്നു ഭാഷകളില്‍ ലുക്കൗട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു.
ഇതിനിടെയാണ്, പ്രേംകുമാറിന്റെ മൃതദേഹം കേദാര്‍നാഥിലെ വിശ്രമകേന്ദ്രത്തില്‍ കണ്ടെത്തിയത്. ഇരട്ടക്കൊലപാതകത്തിനു ശേഷം ഒളിവില്‍ പോയ പ്രേംകുമാറിന്റെ സഹപാഠികളായ സുഹൃത്തുക്കള്‍ ഡല്‍ഹിയില്‍ ഉണ്ടെന്നും അവര്‍ പ്രതിയെ സംരക്ഷിക്കുന്നതായും പോലീസിനു സൂചനകള്‍ ലഭിച്ചിരുന്നു. ഇതനുസരിച്ച് അന്വേഷണ സംഘം ഡല്‍ഹിയിലെത്തി. പോലീസ് സംഘം ഡല്‍ഹിയില്‍ ക്യാമ്പ് ചെയ്യുന്നതിനിടെയാണ് പ്രതി കേദാര്‍നാഥില്‍ മരിച്ചെന്ന വിവരം കിട്ടുന്നത്. ഇതെത്തുടര്‍ന്ന് ഇവര്‍ കേദാര്‍നാഥിലേക്ക് തിരിക്കുകയായിരുന്നു. ഡല്‍ഹിയില്‍ നിന്നും അഞ്ഞൂറു കിലോമീറ്ററിലധികം ദൂരമാണ് ഉത്തരാഖണ്ഡിലേക്കുള്ളത്. അവിടെ നിന്നും കേദാര്‍നാഥിലേക്ക് എത്താന്‍ പിന്നെയും സമയമെടുക്കും. മരിച്ചത് പ്രേംകുമാര്‍ തന്നെയാണെന്ന് പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.
പ്രേംകുമാര്‍ ആദ്യ ഭാര്യ വിദ്യയെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ്. 2019 സെപ്റ്റംബര്‍ 20 നായിരുന്നു പ്രേംകുമാര്‍ ആദ്യ ഭാര്യ ചേര്‍ത്തല കഞ്ഞിക്കുഴി പുതിയാപറമ്പ് വിദ്യ (48)യെ കൊലപ്പെടുത്തിയത്. സഹപാഠിയും കാമുകിയുമായ തിരുവനന്തപുരം വെള്ളറട സ്വദേശി സുനിത ബേബി(39)യെ സ്വന്തമാക്കാനായിരുന്നു ആ കൊലപാതകം. 25 വര്‍ഷങ്ങള്‍ക്കു ശേഷം പൂര്‍വ്വ വിദ്യാര്‍ഥി സംഗമത്തില്‍ സുനിതയെ കണ്ടു മുട്ടിയതോടെയാണ് ഇവര്‍ തമ്മില്‍ അടുത്തത്. സുനിത കൂടി ഈ കേസില്‍ പ്രതിയായതോടെ രണ്ടു പേരും ജയിലിലായി. കൊലയ്ക്കു ശേഷം സുനിത പ്രേംകുമാറുമായി അകന്നു. ഈ കേസില്‍ 90 ദിവസത്തിനുള്ളില്‍ പോലീസിന് കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയാതെ വന്നപ്പോള്‍ പ്രേംകുമാര്‍ ജാമ്യത്തിലിറങ്ങി.
അഞ്ചുമാസം മുന്‍പാണ് രേഖയെ വിവാഹം കഴിച്ചത്. തന്റെ ആദ്യഭാര്യ അപകടത്തില്‍ മരിച്ച് പോയതാണെന്ന് ഇയാള്‍ രേഖയോട് പറഞ്ഞത്. വിവാഹശേഷം ഒരുമാസം, എറണാകുളത്ത് ഇയാള്‍ ജോലിചെയ്യുന്ന ഹോട്ടലില്‍ത്തന്നെയാണ് ഇരുവരും താമസിച്ചിരുന്നത്. പിന്നീട് കോഴിക്കോട്ടേക്ക് പോയി. പുതുക്കാട് ഹോട്ടലില്‍ ജോലി ചെയ്തിരുന്നപ്പോള്‍ രേഖയെ അവിടെ സൂപ്പര്‍വൈസറാക്കി. ടിടിസി പാസായതോടെ കാറളത്തും പാലക്കാട്ടും സ്കൂളുകളില്‍ താത്കാലികമായി ജോലിചെയ്തിട്ടുള്ള രേഖക്ക് ഈ ജോലി താത്പര്യമില്ലെന്ന് പ്രേംകുമാറിനോട് പറഞ്ഞിരുന്നു.
രേഖയുടെ ആണ്‍സൗഹൃദങ്ങള്‍ അംഗീകരിക്കാന്‍ പ്രേംകുമാര്‍ തയ്യാറായിരുന്നില്ല. ഇതേ ചൊല്ലി ഇരുവര്‍ക്കുമിടയില്‍ വഴക്കും പതിവായിരുന്നു. ഇതിനിടയില്‍ രേഖ പ്രേംകുമാറിനെതിരെ ഇരിങ്ങാലക്കുട പോലീസില്‍ പരാതി നല്കി. പ്രേംകുമാറിനൊപ്പം ജീവിക്കാന്‍ കഴിയില്ലെന്ന് രേഖ പോലീസില്‍ അറിയിച്ചിരുന്നു. ഇത് സംശയങ്ങള്‍ക്ക് ആക്കംകൂട്ടി. ഈ ഭിന്നതയാണ് ഒടുവില്‍ കൊലപാതകത്തില്‍ കലാശിച്ചത്. രേഖയുടെ സ്വഭാവത്തെ വിമര്‍ശിച്ചുള്ളതും ഇവള് കൊല്ലപ്പെടേണ്ടവള്‍ എന്നുള്ള സൂചനയും നല്കുന്ന പ്രേംകുമാര്‍ എഴുതിയ കത്തും മൃതദേഹങ്ങള്ക്കരില് നിന്നും ലഭിച്ചിരുന്നു. ഇതാണ് ഇരുവരുടെയും മരണം കൊലപാതകമാണെന്ന നിഗമനത്തിലെത്തിയത്.
മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങില്ല, കേദാര്‍നാഥില്‍ തന്നെ സംസ്കരിക്കും
ഇരിങ്ങാലക്കുട: മൃതദേഹം പ്രേംകുമാറിന്റതെന്ന് തിരിച്ചറിഞ്ഞത് മൃതദേഹത്തോടൊപ്പം ഉണ്ടായിരുന്ന പേഴ്സിലെ കുറിപ്പില്‍ നിന്നും ലഭിച്ച ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടപ്പോഴാണ്. കേദാര്‍നാഥില്‍ വിശ്രമകേന്ദ്രത്തില്‍ മരിച്ചനിലയില്‍ കാണപ്പെട്ട പ്രേംകുമാറിനെ നാട്ടുക്കാര് സമീപത്തെ ആശുത്രിയിലെത്തിച്ചു. ആശുപത്രി ജീവനക്കാര്‍ പ്രേംകുമാറിന്റെ പക്കലുണ്ടായിരുന്ന കുറിപ്പിലെ നമ്പറില്‍ വിളിച്ചപ്പോള്‍ പ്രേംകുമാറിന്റെ മകളായിരുന്നു ഫോണ്‍ എടുത്തത്. അങ്ങിനെയാണ് മൃതദേഹം പ്രേംകുമാറിന്റേതാണെന്ന് തിരിച്ചറിഞ്ഞത്. പ്രേംകുമാറിന്റെ വീട്ടില്‍ അമ്മയും സഹോദരനുമാണുള്ളത്. ആദ്യ ഭാര്യയില്‍ രണ്ടു മക്കളുണ്ടെങ്കിലും അവരുമായി ഇപ്പോള്‍ യാതൊരു ബന്ധമില്ല. മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ വിമുഖത കാട്ടുന്നതിനാല്‍ കേദാര്നാഥില്തന്നെ സംസ്ക്കരിച്ചേക്കും. പ്രേംകുമാറിന്റെ മരണത്തോടെ മൂന്നു കൊലക്കേസുകളുടെ വിചാരണയും ഇതോടെ അവസാനിപ്പിക്കേണ്ടിവരും. സ്വയം ജീവനൊടുക്കിയതായാണ് പ്രാഥമീക വിവരം പോസ്റ്റ്മാര്‍ട്ടം ശേഷമേ മരണകാരണം വ്യക്തമാകൂ.