വയോധികനെ പട്ടാപകല്‍ തലക്കടിച്ച് കൊലപ്പെടുത്തി, പ്രതി പോലീസ് കസ്റ്റഡിയില്‍

ബാബു.
ഇരിങ്ങാലക്കുട: വയോധികനെ പട്ടാപകല്‍ തലക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പോലീസ് കസ്റ്റഡിയില്‍. വെള്ളാങ്കല്ലൂര്‍ ജംഗ്ഷനു സമീപമുള്ള ഷോപ്പിംഗ് കോംപ്ലക്സിന് സമീപം വച്ച് ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം. കല്പറമ്പ് ചീനക്കുഴി സ്വദേശി കളത്തനാട്ടില്‍ വീട്ടില്‍ രാജു പിള്ള (65 ) യാണ് മരണപ്പെട്ടത്. പ്രതിയായ വെള്ളാങ്ങല്ലൂരില്‍ കുന്നത്തൂര്‍ സ്വദേശി കക്കളം വീട്ടില്‍ ബാബു ( 60 ) വിനെ ഇരിങ്ങാലക്കുട പോലീസ് കസ്റ്റഡിയില്‍ എടുത്തു. ബാബുവും രാജു പിള്ളയും വാക്ക് തര്‍ക്കമാവുകയും അതേ തുടര്‍ന്നുള്ള വൈരാഗ്യത്താല്‍ ബാബു അവിടെ കിടന്നിരുന്ന ഒരു കല്ലെടുത്ത് രാജു പിള്ളയുടെ തലയില്‍ ഇടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പരിസരവാസികള്‍ രാജു പിള്ളയെ ഒരു ഓട്ടോ ടാക്സിയില്‍ കയറ്റി ഇരിങ്ങാലക്കുട സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എം.എസ്. ഷാജന്, സബ് ഇന്‍സ്പെക്ടര്‍ മുഹമ്മദ് റാഷി, എഎസ്ഐ കെ.വി. ഉമേഷ്., സിപിഒ മാരായ എം.ആര്. രഞ്ജിത്ത്., സിജു, വിജോഷ്, വിനീത്, സവീഷ്, സുജിത്ത് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്.