ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്റര്‍ ടിക്കറ്റ്- കാഷ് കൗണ്ടര്‍ അടച്ചു

ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്റര്‍.
ഇരിങ്ങാലക്കുട: കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്ററിലെ ടിക്കറ്റ് – കാഷ് കൗണ്ടര്‍ അടച്ചു. ഇവിടെ ജോലിചെയ്തിരുന്ന താത്കാലിക ജീവനക്കാരെ നീക്കംചെയ്തതിനുപകരം ജീവനക്കാരെ നിയോഗിക്കാത്തതിനാലാണ് പകല്‍സമയം കൗണ്ടര്‍ പൂട്ടിയത്. ജീവനക്കാരുടെ അലവന്‍സ്, ഹാജര്‍ എന്നിവ കൃത്യമായി രേഖപ്പെടുത്താന്‍ ക്ലാര്‍ക്ക് ഇല്ലാത്തതിനാല്‍ പ്രതിദിന അലവന്‍സും ശമ്പളവും മുടങ്ങും. ദൈനംദിന പ്രവര്‍ത്തനങ്ങളെയും ബാധിക്കും. കൗണ്ടറുകള്‍ അടച്ചത് പൂട്ടല്ഭീഷണി നേരിടുന്ന ഇരിങ്ങാലക്കുട ഓപ്പറേറ്റിംഗ് സെന്ററിന്റെ നെറുകയില്‍ ഒരാണികൂടി അടിച്ചതിന് തുല്യമായി. മന്ത്രി കൂടിയായ സ്ഥലം എംഎല്‍എയുടെ ഓഫീസില്‍ വിവരങ്ങള്‍ അറിയിച്ചിട്ടും യാതൊരു നടപടിയുമുണ്ടായിട്ടില്ലെന്ന ആക്ഷേപം ശക്തമാണ്. കൗണ്ടറില്‍ ജോലിചെയ്തിരുന്ന രണ്ട് താത്കാലിക ജീവനക്കാരെ ഫോണ്‍ സന്ദേശത്തിലൂടെയാണ് കഴിഞ്ഞമാസം മാനേജ്മെന്റ് പിരിച്ചുവിട്ടത്. സര്‍വീസ് കുറവാണെന്ന കാരണം പറഞ്ഞാണ് രണ്ടുപേരെ ഒഴിവാക്കിയത്. വരുമാനത്തില്‍ മുന്നിലാണെങ്കിലും ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ പല ബസുകളും കട്ടപ്പുറത്തുകിടക്കേണ്ട സ്ഥിതിയിലാണ്.