ഒറ്റ നിമിഷം, 22 ജീവനുകള്‍; 75 വര്‍ഷം പിന്നിടുന്ന വല്ലക്കുന്ന് ബസ് ദുരന്തത്തിന്റെ മായാത്ത ഓര്‍മ്മകള്‍
തീയായി പാഞ്ഞ മരണം; വല്ലക്കുന്ന് ദുരന്തത്തിന്റെ 75 ാം വാര്‍ഷികം
ഇലക്ട്രിക്ക് ഷോക്കേറ്റ് ഉണ്ടായ സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ബസപകടം
ഇരിങ്ങാലക്കുട: കാലം എത്ര കടന്നുപോയാലും മായാതെ നില്ക്കുന്ന ചില വേദനകളുണ്ട്. ഒറ്റ നിമിഷം കൊണ്ട് വെന്തു വെണ്ണീറായ 22 മനുഷ്യരുടെ കഥ. 1950 ജൂലൈ ഏഴിന് വെള്ളിയാഴ്ച്ച വല്ലക്കുന്ന് എന്ന കൊച്ചു ഗ്രാമം സാക്ഷ്യം വഹിച്ച ആ ഭയാനകമായ ദുരന്തം ഇന്നും നടുക്കത്തോടെയല്ലാതെ ഓര്‍മ്മിക്കാന്‍ കഴിയില്ല. സ്വതന്ത്ര ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര് വൈദ്യുതാഘാതമേറ്റ് മരിച്ച ആദ്യ ബസ് ദുരന്തങ്ങളിലൊന്നായി രേഖപ്പെടുത്തിയ ഈ സംഭവം 75 വര്‍ഷങ്ങള്‍ക്കിപ്പുറവും പ്രദേശവാസികളുടെ മനസില്‍ നടുക്കമുണര്‍ത്തുന്ന ഓര്‍മ്മയായി തുടരുകയാണ്.

നിലവിളിച്ചു കരയാന്‍ പോലും സാവകാശം നല്‍കാതെ 22 ജീവനുകളെ തീ വിഴുങ്ങുകയായിരുന്നു. ദൃക്സാക്ഷിയായ വല്ലക്കുന്ന് സ്വദേശിയും കല്ലേറ്റുംകര ഐജെഎല്പി സ്കൂളിലെ റിട്ട. പ്രധാനധ്യാപകനുമായ ജോസ് പള്ളിപ്പാട്ട് അപകട ദിവസത്തെക്കുറിച്ച് നടുക്കുന്ന വേദനകളോടെയാണ് ഓര്‍ത്തെടുത്തത്. ഉച്ചതിരിഞ്ഞ് രണ്ടിന് ആയിരുന്നു അപകടം സംഭവിച്ചത്.
ട്രെയിന്‍ കടന്നുപോകുന്നതിനായി ഇരിങ്ങാലക്കുട ചാലക്കുടി റോഡില്‍ കല്ലേറ്റുംകരയിലെ റെയില്‍വേ ഗേറ്റ് ഏറെ നേരം അടച്ചിട്ടു. കൊടകര നിന്നും വരികയായിരുന്ന സെന്റ് തോമസ് ബസും ചാലക്കുടി ഭാഗത്തുനിന്നും വരികയായിരുന്ന യുസിടി ബസും ഏറെ നേരം ഈ റെയില്‍വേ ഗേറ്റില്‍ കുടുങ്ങി. ഇരുബസുകളും ഇരിങ്ങാലക്കുടയിലേക്കാണ് വരുന്നത്. റെയില്‍വേ ഗേറ്റ് തുറന്നതോടെ ഇരു ബസുകളും ഇരിങ്ങാലക്കുടയിലേക്കുള്ള യാത്ര തുടര്‍ന്നു.
പുതുമോടി മായും മുമ്പേ വരനും വധുവിനും അന്ത്യയാത്ര
വല്ലക്കുന്നിലെ തൊടുപറമ്പില്‍ വീട്ടില്‍ ലോനപ്പന് (കൊച്ചപ്പന്) നും നവവധു വരന്തരപ്പിള്ളി സ്വദേശിനി ത്രേസ്യയും സെന്റ് തോമസ് ബസിലുണ്ടായിരുന്നു. ഇരുവരുടെയും വിവാഹം ഒരാഴ്ച മുമ്പാണ് നടന്നത്. വധുവിന്റെ വരന്തരപ്പിള്ളിയിലെ വീട്ടില്‍ കല്യാണശേഷമുള്ള വിരുന്നു കഴിഞ്ഞുള്ള മടക്കയാത്രയായിരുന്നു അത്. ഇരുവര്‍ക്കും വല്ലക്കുന്ന് പ്രദേശത്ത് ഇറങ്ങുന്നതിനായി ബസ് നിര്‍ത്തി.
റോഡിനു കുറുകെയുള്ള രണ്ട് ഇലക്ട്രിക് പോസ്റ്റുകള്‍ക്കു നടുവിലായിരുന്നു ബസ് സ്റ്റോപ്പ്. സമീപത്ത് ഒരു കിണറും ചുങ്കം പിരിക്കുന്ന സ്ഥലവും ഉണ്ടായിരുന്നു. തൊട്ടുപിറകെ വന്ന യുസിടി ബസ് മറികടന്നുപോകാതിരിക്കുവാന് റോഡിലേക്ക് അല്പം കയറ്റിയാണ് സെന്റ് തോമസ് ബസ് നിര്‍ത്തിയിരുന്നത്. യുസിടി ബസ് മറികടക്കുവാന്‍ ശ്രമിക്കുന്നതിനിടയില്‍ സ്ഥലപരിമിതി മൂലം റോഡരികിലെ വൈദ്യുതി പോസ്റ്റിലിടിച്ചു.
ഇടിയുടെ ആഘാതത്തില്‍ മരംകൊണ്ടുള്ള വൈദ്യുത കാല് രണ്ടായി ഒടിയുകയും ഇതിന്റെ തലഭാഗം സെന്റ് തോമസ് ബസിന്റെ മുകളില്‍ വീഴുകയുമായിരുന്നു. ഇന്നു കാണുന്നപോലുള്ളതല്ല അന്നത്തെ ബസ്. ഏതു ഭാഗത്തുന്നിന്നും കയറാവുന്നതും ഇറങ്ങാവുന്ന വിധത്തിലും തുറന്ന നിലയിലായിരന്നു. യാത്രക്കാര്‍ക്ക് ഇരിക്കുന്നതിനായി ബഞ്ചുകളായിരുന്നു. ഇതിനിടയില്‍ നവവധു ബസില്‍ നിന്നും ഇറങ്ങി, മണ്ണില്‍ കാല് പതിച്ചതും ബസ് ഒരു തീ ഗോളമായി മാറുകയായിരുന്നു.
സ്ഫോടന ശബ്ദവും തീഗോളവും വിഴുങ്ങിയത് 22 ജീവനുകളെ
യാത്രക്കാരുടെ നിലവിളികള്‍ക്കും സഹായത്തിനായുള്ള അപേക്ഷകള്‍ക്കും മുകളില്‍ തീയുയര്‍ന്നു. സെന്റ് തോമസ് ബസിന്റെ ഉടമ ഇരിങ്ങാലക്കുട അറക്കപ്പാടന്‍ തോമകുട്ടിയും സഹോദരിയുടെ മകന് ഒല്ലൂര്‍ സ്വദേശി ചക്കാലക്കല്‍ കൊച്ചുദേവസിയും നവവരന് തൊടുപറമ്പില്‍ കൊച്ചപ്പനും ഉള്‍പ്പടെ 22 പേരാണ് അപകടത്തില്‍ മരിച്ചത്. ആരെയും തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു.
ബസില്‍ തീ ആളിപടര്‍ന്നതോടെ യാത്രക്കാര്‍ക്ക് രക്ഷപ്പെടാന്‍ സാധിച്ചില്ല. ബസ് നിന്ന് കത്തുകയായിരുന്നു. ബസുടമ തോമകുട്ടി ബസില്‍നിന്നും ചാടിയപ്പോള്‍ ബസിലുണ്ടായിരുന്ന സഹോദരിയുടെ മകന് കൊച്ചുദേവസി അച്ചാ എന്നവിളിയോടെ കയ്യില്‍ പിടിച്ചതോടെ സമീപത്തെ കാനയിലേക്ക് തെറിച്ചുവീണ് ഷോക്കേറ്റാണ് തോമകുട്ടി മരിച്ചത്. യുസിടി ബസിലുണ്ടായിരുന്നവര്‍ വലിയ പരിക്കുകള്‍ ഇല്ലാതെ രക്ഷപ്പെട്ടു. ആ സമയത്ത് ഫോണോ മറ്റു സംവിധാനങ്ങളോ ഉണ്ടായിരുന്നില്ല.

അപകടം നടക്കുന്ന സമയത്ത് ലൈന്‍മാനായിരുന്ന വല്ലക്കുന്ന് സ്വദേശി തണ്ട്യേക്കല്‍ പൗലോസ് ഭക്ഷണം കഴിക്കാന്‍ വീട്ടിലെത്തിയിരുന്നു. സംഭവമറിഞ്ഞ് സൈക്കിളില്‍ കല്ലേറ്റുംകര റെയില്‍വേ സ്റ്റേഷനു സമീപമുള്ള കെഎസ്ഇബി ഓഫീസിലെത്തിയാണ് വൈദ്യുതി ബന്ധം വിഛേദിച്ചത്. അന്ന് ആശയവിനിമയ സംവിധാനങ്ങള്‍ ഇത്രയധികം വളര്‍ന്നിട്ടില്ലാത്ത കാലമായിരുന്നു. ആകെ 26 പേര് യാത്ര ചെയ്തിരുന്ന ബസില്‍ നിന്ന് 22 പേര്‍ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. 19 പുരുഷന്മാരും രണ്ട് സ്ത്രീകളും ഒരു കു
ട്ടിയും ഉള്‍പ്പടെ 22 പേരും മരിച്ചു. 21 പേര് സംഭവസ്ഥലത്തു വച്ചും ഒരാള്‍ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്.
തിരിച്ചറിയാന്‍ പോലും കഴിയാതെ മൃതദേഹഭാഗങ്ങള്‍
ഇരിങ്ങാലക്കുട സര്‍ക്കാര്‍ ആശുപത്രിയിലേക്കാണ് മൃതദേഹങ്ങള്‍ കൊണ്ടുവന്നത്. തിരിച്ചറിയാന്‍ പോലും കഴിയാത്ത വിധം വെന്തുരുകിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍. ഇരിങ്ങാലക്കുട സ്വദേശികളായ ബസുടമ അറക്കപ്പാടന്‍ വറീത് തോമക്കുട്ടി (58), കോച്ചേരി ഇട്ട്യേച്ചന് ഔസേപ്പ്, വരന്തരപ്പിള്ളി സ്വദേശി മാളിയേക്കല്‍ വറീത് അന്ത്രയോസ് (31) എന്നിവരെ ഇരിങ്ങാലക്കുട സെന്റ് ജോര്‍ജ് വലിയപള്ളി സെമിത്തേരിയിലും നവവരനായ തൊടുപറമ്പില്‍ ദേവസി ലോനപ്പന് (24, കൊച്ചപ്പന്), നവവധു ത്രേസ്യ (22) എന്നിവരെ കല്ലേറ്റുംകര ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിലുമാണ് അടക്കം ചെയ്തത്.
ഇരിങ്ങാലക്കുട സെന്റ് ജോര്‍ജ് വലിയപള്ളിയില്‍ വികാരി ഫാ. ജോര്‍ജ് ചിറമേല്‍, കല്ലേറ്റുംകര പള്ളിയില്‍ വികാരി ഫാ. ഇട്ടൂപ്പ് വലിയപറമ്പില്‍ എന്നിവര്‍ ആയിരുന്നു മൃതസംസ്കാര ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിച്ചത്. അപകടത്തില്‍ മരിച്ച മറ്റുള്ളവര്‍ ആരെന്നു പോലും വ്യക്തമായിട്ടില്ല. വലിയൊരു ദുരന്തം നടന്നിട്ടും ആ സംഭവത്തിന്റെ ബാക്കിപത്രമായി ഇന്നും കാര്യമായ ഓര്‍മ്മപ്പെടുത്തലുകളോ സ്മാരകങ്ങളോ ബാക്കിയില്ല.
അപകടം നടന്നതിനു കുറച്ചുനാള്‍ വരെ സംഭവസ്ഥലത്ത് ഒരു വിളക്കുമാടം ഉണ്ടായിരുന്നു. പിന്നീടത് ഇല്ലാതായി. 75 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍, തീയില്‍ വെന്ത് ജീവന് പൊലിഞ്ഞ ആ 22 പേരുടെ ഓര്‍മ്മകള്‍ വല്ലക്കുന്നിന്റെ മണ്ണില്‍ ഇന്നും മായാതെ നില്ക്കുന്നു. ഒരു നിമിഷത്തെ അശ്രദ്ധ എത്ര വലിയ ദുരന്തങ്ങള്‍ക്ക് വഴിവെക്കാമെന്നതിന് ചരിത്രം നല്കുന്ന തീക്ഷ്ണമായ ഓര്‍മ്മപ്പെടുത്തലാണ് വല്ലക്കുന്നിലെ ബസ് ദുരന്തം.


മഡ് ഫുട്ബോളും മഡ് റേസും ആവേശം പടര്‍ത്തി; ഞാറ്റുവേല മഹോത്സവത്തിന് വേറിട്ട തുടക്കം
പനി ബാധിച്ച് ആറു വയസുകാരി മരിച്ചു
ദശരൂപകോത്സവം: സുഭദ്രാധനഞ്ജയം കൂടിയാട്ടം അരങ്ങേറി
ക്രൈസ്റ്റ് കോളജില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു; 50 വിദ്യാര്‍ഥികള്‍ രക്തം നല്കി
ബിഷപ് മാര്‍ ജെയിംസ് പഴയാറ്റില്‍ അനുസ്മരണം ഇന്ന്
മനുഷ്യപ്രയത്നം ദൈവത്തോടുകൂടെയാകുമ്പോള് മാത്രം ഫലദായകം: മാര്‍ പോളി കണ്ണൂക്കാടന്‍