ബിഷപ് മാര്‍ ജെയിംസ് പഴയാറ്റില്‍ അനുസ്മരണം ഇന്ന്
ബിഷപ് മാര്‍ ജെയിംസ് പഴയാറ്റില്‍.
ഇരിങ്ങാലക്കുട: രൂപതയുടെ പ്രഥമ മെത്രാന് മാര്‍ ജെയിംസ് പഴയാറ്റിലിന്റെ പത്താം ചരമവാര്‍ഷികം ഇന്ന്. രാവിലെ 10.30ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ നടക്കുന്ന അനുസ്മരണ ദിവ്യബലിക്കും കബറിടത്തിലുള്ള ശുശ്രൂഷകള്‍ക്കും ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിക്കും. രൂപത വികാരി ജനറാള്‍മാരായ മോണ്‍. ജോസ് മാളിയേക്കല്‍, മോണ്‍. ആന്റു ആലപ്പാടന്‍, മോണ്‍. വില്‍സണ്‍ ഈരത്തറ, കത്തീഡ്രല്‍ വികാരി റവ. ഡോ. ലാസര്‍ കുറ്റിക്കാടന്‍ എന്നിവര്‍ സഹകാര്‍മികരായിരിക്കും. രൂപതയിലെ എല്ലാ വൈദികരും ചേര്‍ന്നാണ് ദിവ്യബലി അര്‍പ്പിക്കുന്നത്. തുടര്‍ന്ന് സ്നേഹവിരുന്ന് നടക്കും.
രൂപതയിലെ 60,000 കുടുംബങ്ങളെയും രണ്ടര ലക്ഷത്തോളം വിശ്വാസികളെയും പ്രതിനിധീകരിച്ചു രൂപതയിലെ വൈദീകര്‍, സന്യാസിനി സമൂഹങ്ങളുടെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്മാര്, കൗണ്‍സിലര്‍മാര്‍, സന്യാസിനി സന്യാസ ഭവനങ്ങളിലെ സുപ്പീരിയര്മാര്, വൈദിക വിദ്യാര്‍ഥികള്‍, ഓരോ ഇടവകയിലെ കൈക്കാരന്മാര്, പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍, കുടുംബകൂട്ടായ്മ രൂപത ഫൊറോന ഭാരവാഹികള്‍, ഇടവക കേന്ദ്രസമിതി ഭാരവാഹികള്‍ പ്രസിഡന്റ്, രൂപത ഏകോപനസമിതി അംഗങ്ങള്‍, ദേവാലയശുശ്രൂഷികള്‍, പഴയാറ്റില്‍ കുടുംബത്തിലെ അംഗങ്ങള്‍, കത്തീഡ്രല്‍ ഇടവകയില കുടുംബസമ്മേളന യൂണിറ്റ് പ്രസിഡന്റുമാര്‍ എന്നിവര്‍ പങ്കെടുക്കും. തൃശൂര്‍ രൂപതയില്‍ നിന്നും 1978ല്‍ ഇരിങ്ങാലക്കുട രൂപത രൂപീകരിച്ചതു മുതല്‍ അധ്യക്ഷനായി സേവനം ചെയ്തിരുന്ന ബിഷപ് 2010 ഏപ്രില്‍ 18 നാണ് ഔദ്യോഗികസ്ഥാനം ഒഴിഞ്ഞത്. ഇരിങ്ങാലക്കുട സെന്റ് പോള്‍സ് മൈനര്‍ സെമിനാരിയില്‍ വിശ്രമജീവിതം നയിച്ചുകൊണ്ടിരിക്കെ 2016 ജൂലൈ 10നാണ് ദിവംഗതനായത്.
മാര്‍ ജെയിംസ് പഴയാറ്റില്‍, ഇരിങ്ങാലക്കുട രൂപതയുടെ മാര്‍ഗദീപം: ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ഇരിങ്ങാലക്കുട രൂപതയുടെ പ്രഥമ ബിഷപ്പും ശില്പ്പിയുമായ മാര്‍ ജെയിംസ് പഴയാറ്റിലിന്റെ പിന്‍ഗാമിയായി രൂപതയുടെ സാരഥ്യം വഹിക്കുന്ന മാര്‍ പോളി കണ്ണൂക്കാടന്‍ മാര്‍ ജെയിംസ് പഴയാറ്റിലിനെ അനുസ്മരിക്കുന്നു. എല്ലാം ക്രിസ്തുവില്‍ നവീകരിക്കുക എന്ന ലക്ഷ്യത്തോടെ ഇരിങ്ങാലക്കുട രൂപതയുടെ പ്രഥമ അമരക്കാരനായി ദൗത്യം ഏറ്റെടുത്ത ജെയിംസ് പിതാവ് ജീവിതത്തിലെ ഓരോ നിമിഷവും നിതാന്തമായ ജാഗ്രതയോടെ ഇടയജനങ്ങളെ വിശ്വാസാധിഷ്ഠിത സ്നഹസമൂഹമായി വളര്‍ത്താനുള്ള കഠിനപ്രയത്നത്തിലായിരുന്നു. ഒരേ ആത്മാവോടും ഒരേ ഹൃദയത്തോടും കൂടി ഒരുമിച്ചു മുന്നേറാനുള്ള ആഹ്വാനമായിരുന്നു കര്മമേഖലകളിലുടനീളം. ഉത്തരവാദിത്തങ്ങളുടെ തിരക്കുകള്‍ക്കു നടുവിലും അദ്ദേഹത്തിനു കരുത്തായിരുന്നത് പ്രാര്‍ഥനയുടെ ചൈതന്യമായിരുന്നു.
പ്രാര്‍ഥനയുടെ പിതാവെന്നാണ് ജനങ്ങള്‍ അദ്ദേഹത്തെ വിളിച്ചത്. ദൈവത്തിലാശ്രയിക്കുന്നവര്ക്ക് അത്ഭുതങ്ങള്‍ ഉണ്ടാകുമെന്ന് ജീവിതം കൊണ്ട് സാക്ഷ്യം നല്കാന് പിതാവിനായി. എല്ലാം ദൈവത്തിന്റെ ഉപരി മഹത്വത്തിനായി കാഴ്ച വയ്ക്കാന്‍ ബദ്ധശ്രദ്ധനായിരുന്നു അദ്ദേഹം. ദൈവകൃപയുടെ അത്ഭുതങ്ങളായാണ് രൂപതയിലുള്ള വിശ്വാസികളുടെയും സന്യസ്തരുടെയും വൈദികരുടെയും ഇടവകകളുടെയും പ്രസ്ഥാനങ്ങളുടെയും സംഘടനകളുടെയും വളര്‍ച്ചയെ വ്യാഖ്യാനിച്ചിട്ടുള്ളത്. ഞാനെന്തായിരിക്കുന്നുവോ അത് ദൈവകൃപയാലാണെന്ന് വിശുദ്ധ പൗലോസിനോടൊപ്പം പറയാന്‍ എപ്പോഴും ശ്രദ്ധിച്ചിരുന്നു. തിരുഹൃദയഭക്തിയായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. കരുതലും കാവലും വാത്സല്യവുമായിരുന്നു അദ്ദേഹത്തിന്റെ പിതൃഭാവം. വൈദികരോടും അജഗണത്തോടും പ്രകടമാക്കിയിരുന്ന സ്നേഹവും ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് സഹായിക്കാനുള്ള മനോഭാവവും രോഗാവസ്ഥയിലും അസ്വ്ഥതകളിലും ആയിരിക്കുന്നവരെ വ്യക്തിപരമായി സന്ദര്‍ശിക്കാനുള്ള താല്പര്യവും ഒരു കാരുണ്യപ്രവാചകന്റെ പരിവേഷം നല്കി.
അധികാരം വികേന്ദ്രീകരണത്തിലൂടെയാണ് കരുത്താര്‍ജ്ജിക്കുന്നതെന്നും പരസ്പര വിശ്വാസമാണ് വിജയത്തിന്റെ ലക്ഷ്യമെന്നും സ്നേഹപൂര്‍വമായ തിരുത്തലും സംരക്ഷണവുമാണ് സഹപ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങളെ മികവുറ്റതാക്കുന്നതെന്നും അറിയാമായിരുന്നു. വിശുദ്ധിയും വിനയവുമുള്ള ഹൃദയങ്ങളെ ദൈവം കൈപിടിച്ചുയര്ത്തുമെന്നതിന്റെ തെളിവാണ് 1995 ജൂണ്‍ ഏഴിന് സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ അസിസ്റ്റന്റായി ജെയിംസ് പിതാവിനെ നിയോഗിക്കാനുള്ള സഭയുടെ തീരുമാനം. ഇരിങ്ങാലക്കുട രൂപതയുടെ വളര്‍ച്ചയുടെ വഴികളില്‍ ക്രാന്തദര്‍ശിയായ ഒരു അജപാലകന്റെ വ്യക്തവും കൃത്യവുമായ ആസൂത്രണ വൈഭവം തെളിഞ്ഞു നില്‍ക്കുന്നുണ്ട്. ഓരോ രൂപതാദിനത്തിലും ഒരു പുതിയ സംരംഭത്തിനു അദ്ദേഹം തുടക്കം കുറിച്ചു.
നിത്യാരാധന കേന്ദ്രം, മതബോധന കേന്ദ്രം, കൊടുങ്ങല്ലൂര്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍, സെന്റ് ജെയിംസ് ആശുപത്രി, സഹൃദയ എന്‍ജിനീയറിംഗ് കോളജ്, നവചൈതന്യ, സാന്‍ജോ സദന്, പാക്സ്, കുട്ടികള്‍ക്കും രോഗികള്‍ക്കും അനാഥര്ക്കുമായുള്ള അഭയഭവനങ്ങള്‍, സാമൂിക പ്രതിബദ്ധതയുടെ പ്രകട ലക്ഷണമായി നിലകൊള്ളുന്ന സോഷ്യല്‍ ആക്ഷന്‍, ആശാനിലയം, പ്രകൃതി… ദര്‍ശനങ്ങളെ യാഥാര്‍ഥ്യങ്ങളാക്കാന്‍ നേതൃത്വം വഹിച്ച സംരംഭങ്ങളേറെയാണ്. ഏല്‍പ്പിക്കപ്പെട്ട ഉത്തരവാദിത്തങ്ങളെ അതിന്റെ പൂര്‍ണതയില്‍ നിര്‍വഹിക്കാനുള്ള തീക്ഷ്ണതയായിരുന്നു ആ ജീവിതം. ജാതിമതഭേദമെന്യ ഏവരെയും ഉള്‍ക്കൊണ്ട് സാധ്യമായ എല്ലാ സഹായങ്ങളും പങ്കുവക്കാന്‍ തയാറായ ഒരു സമറായന്റെ നേര്‍വായന നീണ്ട 32 വര്‍ഷത്തെ ബിഷപ്പിന്റെ ജീവിതതാളുകളിലുണ്ട്. ബിഷപ് മാര്‍ ജെയിംസ് പഴയാറ്റില്‍ നിത്യതയിലേക്ക് വിടവാങ്ങിയിട്ട് 10 വര്‍ഷങ്ങള്‍ പിന്നിടുന്നു. ഈ സന്ദര്‍ഭത്തില്‍ അദ്ദേഹത്തിന്റെ സ്നേഹസ്മരണയ്ക്കു മുന്നില്‍ നന്ദിപൂര്‍വം രൂപതയ്ക്കുവേണ്ടി കൈകൂപ്പുകയാണ് ഞാന്‍. ഇരിങ്ങാലക്കുട രൂപത സുവര്‍ണ ജൂബിലിയിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന വേളയില്‍ മുന്നോട്ടുള്ള വഴിയില്‍ മാര്‍ഗദീപമായി അദ്ദേഹം കൂടെയുണ്ടെന്നു ഉറപ്പിക്കാം.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മഡ് ഫുട്ബോളും മഡ് റേസും ആവേശം പടര്‍ത്തി; ഞാറ്റുവേല മഹോത്സവത്തിന് വേറിട്ട തുടക്കം
പനി ബാധിച്ച് ആറു വയസുകാരി മരിച്ചു
ദശരൂപകോത്സവം: സുഭദ്രാധനഞ്ജയം കൂടിയാട്ടം അരങ്ങേറി
ക്രൈസ്റ്റ് കോളജില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു; 50 വിദ്യാര്‍ഥികള്‍ രക്തം നല്കി
മനുഷ്യപ്രയത്നം ദൈവത്തോടുകൂടെയാകുമ്പോള് മാത്രം ഫലദായകം: മാര്‍ പോളി കണ്ണൂക്കാടന്‍
ജീപ്പ് ഇടിച്ച് തുമ്പൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പട്ടേപ്പാടം ബ്രാഞ്ചിന്റെ കോണ്‍ക്രീറ്റ് തൂണ് തകര്‍ന്നു