നീരോലിതോടിന്റെ ശോചനീയാവസ്ഥയില്‍ ബിജെപി റീത്ത് വെച്ച് പ്രതിഷേധിച്ചു
ഇരിങ്ങാലക്കുട: നഗരസഭ ഒന്നാം വാര്‍ഡിലെ നീരോലിതോടിന്റെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് ബിജെപി ഒന്നാം വാര്‍ഡ് കമ്മിറ്റി റീത്ത് വെച്ച് പ്രതിഷേധിച്ചു. തോടിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാണിച്ച് കമ്മിറ്റി നഗരസഭാ സെക്രട്ടറിക്കു പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. നീരോലിതോട് കരുവന്നൂര്‍ പുഴയുമായും കാറളം പഞ്ചായത്തുമായും ബന്ധപ്പെട്ടു കിടക്കുന്നതാണെന്നും വേനല്‍ക്കാലത്ത് കരുവന്നൂര്‍ പുഴയില്‍ നിന്നു കൃഷി ആവശ്യത്തിനായി തൊട്ടടുത്ത പാടശേഖരത്തിലേക്ക് ഈ തോട്ടില്‍ നിന്നാണ് വെള്ളമെത്തിക്കുന്നതും പരാതിയില്‍ പറയുന്നു. എന്നാല്‍ രണ്ടു വര്‍ഷക്കാലമായി ഈ തോട് ശോചനീയാവസ്ഥയിലാണ്. ഇരുവശങ്ങളും ഇടിഞ്ഞ് ഗതാഗതം തടസപ്പെട്ടും വെള്ളം സുഖമമായി ഒഴുകിപോകുന്നതിനും സാധിക്കാത്ത അവസ്ഥയിലുമാണ്. അതിനാല്‍ തോട് കെട്ടി സംരക്ഷിക്കണമെന്നും മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നും ബിജെപി ഒന്നാം വാര്‍ഡ് കമ്മിറ്റി ആവശ്യപ്പെട്ടു. ന്യൂനപക്ഷമോര്‍ച്ച ജനറല്‍ സെക്രട്ടറി ഷിയാസ് പാളയംകോട് റീത്ത് വെച്ച് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. ബിജെപി ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ വൈസ് പ്രസിഡന്റ് സത്യദേവ് അധ്യക്ഷത വഹിച്ചു. ജയന്, സുബ്രന്, അജി, നന്ദി സുനിലന് എന്നിവര്‍ പ്രസംഗിച്ചു.