നിപ്മറിനു സ്ഥലവും കെട്ടിടവും വിട്ടു നല്കിയ എന്‍.കെ. ജോര്‍ജിനെ ആദരിച്ചു
ഇരിങ്ങാലക്കുട: സംസ്ഥാന സാമൂഹ്യ നീതി വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഭിന്നശേഷി മേഖലയിലെ മികവിന്റെ കേന്ദ്രമായ കല്ലേറ്റുംകരയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന് ആന്‍ഡ് റീഹാബിലിറ്റേഷന്‍ (നിപ്മര്‍) എന്ന സ്ഥാപനത്തിനായി സ്ഥലവും കെട്ടിടവും വിട്ടുനല്‍കിയ എന്‍.കെ. ജോര്‍ജിനെ ആദരിച്ചു. പുല്ലൂര്‍ സ്വകാര്യാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അദ്ദേഹത്തെ ലോക ഭിന്നശേക്ഷി ദിനത്തോടനുബന്ധിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു ആശുപത്രിയില്‍ എത്തിയാണ് ആദരിച്ചത്. നിപ്മര്‍ എക്സിക്യൂട്ടീവ് ഡയറക്ട
ര്‍ സി. ചന്ദ്രബാബുവും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. സംസ്ഥാന സര്‍ക്കാരിന് ഒരിക്കലും വിസ്മരിക്കാനാകാത്ത വ്യക്തിത്വമാണു ജോര്‍ജെന്നു മന്ത്രി പറഞ്ഞു. നിപ്മറിന്റെ നടത്തിപ്പിനു നാലേകാല്‍ ഏക്കര്‍ സ്ഥലവും 42,000 സ്ക്വയര്‍ ഫീറ്റ് കെട്ടിടവുമാണ് എന്‍.കെ. ജോര്‍ജ് നല്‍കിയത്. ഫിസിയോതെറാപ്പി, സ്പീച്ച് തെറാപ്പി സൗകര്യങ്ങളും സ്പെഷല്‍ സ്കൂളും കൃത്രിമ കൈ, കാല് നിര്‍മാണ യൂണിറ്റും ഉള്‍പ്പെടെയുള്ള 20 കോടി രൂപ വിലമതിക്കുന്ന സംവിധാനങ്ങളാണു 2012 ഡിസംബറില്‍ അദ്ദേഹം സംസ്ഥാന സര്‍ക്കാരിനു കൈമാറിയത്. സര്‍ക്കാര്‍ ഏറ്റെടുത്ത ശേഷം കെട്ടിടം ആധുനീകരിക്കുകയും പുതിയ സേവനങ്ങളായ ഓട്ടിസം റീഹാബിലിറ്റേഷന്‍ സെന്റര്‍, സെന്‍സറി പാര്‍ക്ക്, സെന്‍സറി ഗാര്ഡന്, അക്വാട്ടിക് റീഹാബിലിറ്റേഷന്‍ സെന്റര്‍, സ്പൈനല്‍ കോഡ് ഇഞ്ചുറി റീഹാബിലിറ്റേഷന്‍ യൂണിറ്റ് എന്നീ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയാണു സ്ഥാപനത്തെ മികവിന്റെ കേന്ദ്രമായി ഉയര്‍ത്തിയത്. ഒരു സ്പെഷല്‍ സ്കൂള്‍ നടത്തിയിരുന്ന സ്ഥാപനത്തില്‍ ഇന്ന് ബാച്ചിലര്‍ ഓഫ് ഒക്യുപേഷണല്‍ തെറാപ്പി എന്ന പ്രഫഷണല്‍ ഡിഗ്രി കോഴ്സ് വരെ നടത്തിവരുന്നു.