തൃശൂര്‍-കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയില്‍ നടവരമ്പ് സബ് സ്റ്റേഷന് അങ്കണത്തിൽ ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിംഗ് സ്റ്റേഷന്
മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിലായി ഓട്ടോറിക്ഷകള്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കുമായി എട്ടു പോള്‍ മൗണ്ടഡ് ചാര്‍ജിംഗ് സെന്ററുകള്‍ സ്ഥാപിക്കുമെന്നും മന്ത്രി ഡോ. ആര്. ബിന്ദു
ഇരിങ്ങാലക്കുട: നിയോജകമണ്ഡലത്തിലും ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിംഗ് സ്റ്റേഷന്. തൃശൂര്‍-കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയില്‍ നടവരമ്പ് സബ് സ്റ്റേഷന് അങ്കണത്തിലാണു 29.05 ലക്ഷം രൂപ ചെലവില്‍ ഫാസ്റ്റ് ചാര്‍ജിംഗ് സ്റ്റേഷന് സജീകരിച്ചിരിക്കുന്നത്. നിലവില്‍ രാജ്യത്ത് വിപണിയിലുള്ളതും സമീപ ഭാവിയില്‍ പ്രതീക്ഷിക്കുന്നതുമായ എല്ലാവിധ കാറുകളും ഓപ്പറേറ്റര്‍മാര്‍ ഇല്ലാതെ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി പ്രവര്‍ത്തിക്കുന്ന സ്റ്റേഷനിലൂടെ ചാര്‍ജ് ചെയ്യാന്‍ സാധിക്കും. കെഎസ്ഇബിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ 113 കേന്ദ്രങ്ങളിലാണ് ഇവി ചാര്‍ജിംഗ് ശൃംഖല ഒരുക്കുന്നത്. സബ് സ്റ്റേഷന് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിംഗ് സ്റ്റേഷന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. പരിസ്ഥിതി മലിനീകരണം ഒഴിവാക്കാനും ഇന്ധനവില വര്‍ധന സൃഷ്ടിക്കുന്ന പ്രയാസങ്ങള്‍ ഒഴിവാക്കാനും കഴിയുന്ന വൈദ്യുതി വാഹനങ്ങളുടെ സ്വീകാര്യത ലോകത്ത് വര്‍ധിച്ചു വരികയാണെന്നും ഇവയുടെ ഉപയോഗത്തിനും വിപണിയുടെ ഉണര്‍വിനും ചാര്‍ജിംഗ് സംവിധാനങ്ങള്‍ ഒരുക്കേണ്ടതുണ്ടെന്നും ഇതിനായി വിപുലമായ പദ്ധതിയാണു കേരളത്തില്‍ കെഎസ്ഇബി നടപ്പിലാക്കി വരുന്നതെന്നും മന്ത്രി പറഞ്ഞു. ഓട്ടോറിക്ഷകളും ഇരുചക്രവാഹനങ്ങളും ചാര്‍ജ് ചെയ്യാന്‍ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിലായി വൈദ്യുതി പോസ്റ്റുകളില്‍ സജീകരിക്കുന്ന എട്ടു പോള്‍ മൗണ്ടഡ് ചാര്‍ജിംഗ് സെന്ററുകളും ഉടന്‍ നിലവില്‍ വരുമെന്നും മന്ത്രി അറിയിച്ചു. ചടങ്ങില്‍ വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ് അധ്യക്ഷത വഹിച്ചു. ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ എം.എ. പ്രവീണ്‍, പഞ്ചായത്ത് അംഗങ്ങളായ സുപ്രഭ സുഖി, ടി.എസ്. സുനിത, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ എന്‍.കെ. അരവിന്ദാക്ഷന്, പി.കെ. വിക്രമന്, തൃശൂര്‍ ട്രാന്സ്മിഷന് സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ കെ. ദിനേശ്, ഇരിങ്ങാലക്കുട ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ എക്സിക്യുട്ടീവ് എന്‍ജിനീയര്‍ പി.കെ. സുധര്‍മ്മന്‍ എന്നിവര്‍ പ്രസംഗിച്ചു.