മുരിയാട്, ആളൂര്‍ പഞ്ചായത്തുകള്‍ക്ക് കനാല്‍ വഴി വെള്ളമെത്തിക്കാന്‍ നടപടി: മന്ത്രി ഡോ. ആര്. ബിന്ദു
ഇരിങ്ങാലക്കുട: മുരിയാട്, ആളൂര്‍ പഞ്ചായത്തുകളിലേക്ക് ചാലക്കുടിപ്പുഴയില്‍നിന്ന് കനാല്‍ വഴി വെള്ളമെത്തിക്കുന്നതിലെ തടസത്തിന് വൈദ്യുതി മന്ത്രിയുമായും ജലവിഭവ വകുപ്പു മന്ത്രിയുമായും ഏതാനും ദിവസമായി തുടര്‍ന്നുവരുന്ന കൂടിയാലോചനകള്‍ക്കൊടുവില്‍ പരിഹാരമായതായി ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി മന്ത്രി ഡോ. ആര്. ബിന്ദു പറഞ്ഞു. വൈദ്യുതി മന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം പുഴയില്‍നിന്ന് കനാലിലൂടെ കൃഷിക്കായി വെള്ളം തുറന്നുവിടാന്‍ ഉത്തരവായി. മാര്‍ച്ച് ഒന്ന് മുതല്‍ പത്തുവരെ, രാവിലെ പത്തുമുതല്‍ വൈകീട്ട് മൂന്നുവരെയാണ് ആവശ്യമായ മുന്നറിയിപ്പുകള്‍ നല്കി വെള്ളം തുറന്നുവിടുക മന്ത്രി ബിന്ദു അറിയിച്ചു. ചാലക്കുടിപ്പുഴയിലെ ജലനിരപ്പ് വളരെയധികം താഴ്ന്ന്, വലതുകര കനാലിലൂടെയുള്ള ജലവിതരണം ദുഷ്കരമായതിനെത്തുടര്‍ന്നാണ് പ്രശ്നം വൈദ്യുതി മന്ത്രിയെ നേരിട്ടറിയിച്ചത്. 1.80 മീറ്ററെങ്കിലും ജലനിരപ്പ് ആവശ്യമുള്ളിടത്ത് എണ്പതു സെന്റിമീറ്ററില്‍ താഴേക്ക് ജലനിരപ്പ് താഴ്ന്നിരുന്നു. രണ്ടു മീറ്റര്‍ ഉയരത്തില്‍ വെള്ളം മെയിന്‍ കനാലുകളിലൂടെ പ്രവഹിപ്പിച്ചാല് മാത്രമേ വാലറ്റങ്ങളില്‍ വെള്ളമെത്തൂ. ബ്രാഞ്ച് കനാലുകളുടെ വാലറ്റം പോയിട്ട് പകുതി വരെ പോലും വെള്ളമെത്തിക്കാന്‍ സാധിക്കാത്തതായിരുന്നു നില. പെരിങ്ങല്‍ക്കുത്തില്‍ നിന്നു വൈദ്യുതോല്‍പ്പാദനം കഴിഞ്ഞുവരുന്ന വെള്ളമാണ് പ്രദേശങ്ങളില്‍ ജലസേചനത്തിനു ലഭിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചക്കാലം വിതരണത്തിനായി വൈദ്യുതി ബോര്‍ഡില്‍ നിന്ന് ലഭിച്ചത് ഇക്കാലത്താകെ ലഭിക്കേണ്ട വെള്ളത്തിന്റെ ഇരുപതു ശതമാനം മാത്രമാണ്. സമീപകാലത്തൊന്നും ഇല്ലാത്ത പ്രതിസന്ധിയായിരുന്നു ഇത്. വൈദ്യുതോല്‍പ്പാദനം കൂട്ടുകയോ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാതെ കൃഷിക്കായി വെള്ളം തുറന്നു വിടുകയോ മാത്രമായിരുന്നു പ്രതിവിധി. ഇക്കാര്യത്തിലാണ് ഇപ്പോള്‍ തീരുമാനമായിരിക്കുന്നത് മന്ത്രി ഡോ. ആര്. ബിന്ദു പറഞ്ഞു.