സമ്പൂര്‍ണ ഡിജിറ്റലൈസേഷന് പദ്ധതിയായ ഡിജി മുരിയാടിന്റെ ഒന്നാംഘട്ട പ്രവര്‍ത്തനം ആരംഭിച്ചു
മുരിയാട്: ഗ്രാമപഞ്ചായത്തിന്റെ സമ്പൂര്‍ണ ഡിജിറ്റലൈസേഷന് പദ്ധതിയായ ഡിജി മുരിയാടിന്റെ ഒന്നാംഘട്ട പ്രവര്‍ത്തനം ആരംഭിച്ചു. റോഡുകള്‍, തോടുകള്‍, ഭൂമി, കെട്ടിടങ്ങള്‍, കുളങ്ങള്‍, കുടിവെള്ള പദ്ധതികള്‍, സ്ട്രീറ്റ് ലൈറ്റ് തുടങ്ങിയ പഞ്ചായത്തിന്റെ മുഴുവന്‍ ആസ്തികളും ഡിജിറ്റലൈസ് ചെയ്യുക എന്നതാണ് ആദ്യഘട്ടം. വാര്‍ഡുകള്‍തോറും ഗ്രാമകേന്ദ്രങ്ങളില്‍ ഡിജിറ്റല്‍ ഹെല്‍പ്ഡെസ്ക് ആരംഭിക്കുക എന്നതാണ് രണ്ടാം ഘട്ടം. ഇനിയും ഡിജിറ്റല്‍ ഡിവൈസ് ഉപയഗിക്കാന്‍ അറിയാത്തവര്‍ക്കായി ഡിജിറ്റല്‍ സാക്ഷരതയജ്ഞം നടത്തുക എന്നതാണ് മൂന്നാം ഘട്ടം. തുടര്‍ന്ന് മറ്റ് കെട്ടിടങ്ങളും ലൈസന്‍സുള്ള സ്ഥാപനങ്ങളും മറ്റും ഡിജിറ്റലൈസ് ചെയ്യുന്നതും ആലോചിക്കുന്നു. പഞ്ചായത്തിന്റെ എല്ലാ സേവനങ്ങള്‍ക്കും അറിയിപ്പുകള്‍ക്കും വാര്‍ത്തകള്‍ക്കും ഉപകരിക്കുമാറ് മൊബൈല്‍ ആപ്പ് ഇപ്പോള്‍ തന്നെ നിലവിലുണ്ട്. ഡിജി മുരിയാടിന്റെ പ്രഥമികഘട്ടമായ സര്‍വ്വേ നടപടികള്‍ ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി ഡിജിമുരിയാട് പദ്ധതിയുടെ ഡിജിറ്റല്‍ സര്‍വ്വേ ഉദ്ഘാടനം ചെയ്തു. സെന്റെര് ഫോര്‍ സോഷ്യോ ഇക്കണോമിക് ഡിവലപ്പ്മെന്റ് സിഎസ്ആര്ഡിയാണ് ഡിജി മുരിയാടിന് സാങ്കേതിക സഹായം നല്‍കുന്നത്. വെസ് പ്രസിഡന്റ് രതി ഗോപി അധ്യക്ഷത വഹിച്ചു.