പനിച്ചുവിറച്ച് നഗരം; ആശങ്ക ഉയര്‍ത്തി ഡെങ്കിയും, എലിപ്പനിയും, വൈറല്‍ പനിയും കൂടുന്നു
ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട പ്രദേശത്ത് പനിബാധിതരുടെ എണ്ണത്തില്‍ വര്‍ധന. ഡെങ്കിയും എലിപ്പനിയുമാണ് ബാധിതരേറേയും. ഒരുമാസമായി ഇരിങ്ങാലക്കുട
ജനറല്‍ ആശുപത്രിയില്‍ ആഴ്ചയില്‍ മൂന്നോ, നാലോപേരെ ഡെങ്കി ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുപേലെതന്നെയാണ് എലിപ്പനി ബാധിതരുടേയും കണക്ക്.
പകര്‍ച്ചവ്യാധികള്‍ ബാധിക്കുന്നവരുടെ എണ്ണം ക്രമാതീതമായി കൂടുന്നതില്‍ ആരോഗ്യവിഭാഗത്തിനു ആശങ്കയുണ്ട്. നിരവധിപേരാണ് ഡെങ്കിയും എലിപ്പനിയുമായി ചികിത്സയില്‍ കഴിയുന്നത്. പനിമൂലം താലൂക്കാശുപത്രിയിലും മറ്റു സ്വകാര്യ ആശുപത്രികളിലും ചികിത്സതേടി എത്തുന്നവരുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്. എന്നാല്‍ രോഗികളില്‍ രോഗലക്ഷണങ്ങള്‍ കാര്യമായിട്ടില്ലെന്നും പ്രാഥമിക ചികിത്സകെണ്ട് ഭേദമാക്കാം എന്നുള്ളതാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. മഴയോടൊപ്പം മാലിന്യം പരന്നൊഴുകുന്ന നഗരത്തില്‍ രോഗങ്ങള്‍ പടരാനുള്ള അനുകൂല സാഹചര്യമാണുള്ളത്. ഷണ്മുഖം കനാല്‍, ആസാദ് ജവഹര്‍ കോളനി, ട്രഞ്ചിംഗ് ഗ്രണ്ടിനു സമീപമുള്ള വാട്ടര്‍ടാങ്ക്, ഗാന്ധിഗ്രാം, എകെപി ജംഗ്ഷന്, മാര്‍ക്കറ്റ് തുടങ്ങിയ മേഖലകളിലാണ് നഗരത്തില്‍ ഇത്തരം രോഗങ്ങള്‍ പടര്‍ന്നു പിടിക്കുമെന്ന ഭീഷണിയുള്ളത്. നഗരത്തില്‍ പലയിടത്തും പ്രധാന കാനകളില്‍ മാലിന്യം അടിഞ്ഞു മലിനജലം പുറത്തുപോകാന്‍ കഴിയാത്ത നിലയിലാണ്. ഇവിടെ കൊതുകുകള്‍ പ്രജനനം ആരംഭിച്ചിട്ടുണ്ട്. ഠാണാ – കാട്ടൂര്‍ ബൈപ്പാസ് റോഡിലെ തോടുകളടക്കം പല തോടുകളിലും വെള്ളക്കെട്ടില്‍ കൊതുകുകള്‍ പ്രജനനം ആരംഭിച്ചിട്ടുണ്ട്. വളരെ വൃത്തിഹീനമായ സാഹചര്യത്തില്‍ കഴിയുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ക്കും പനി ബാധിച്ചിട്ടുണ്ട്. നഗരത്തിലെ കെട്ടിട നിര്‍മാണ തൊഴിലാളികളില്‍ എണ്പതു ശതമാനവും അന്യസ്ഥാനത്തുനിന്നും ഉള്ളവരാണ്. ഇവരുടെ താമസ സ്ഥലങ്ങളിലെ സാനിറ്റേഷന്‍ സൗകര്യങ്ങള്‍ പലതും ഫലപ്രദമല്ല. തുറസായ സ്ഥലങ്ങളിലും പൊതു നിരത്തുകളിലുമാണ് ഇവര്‍ പലപ്പോഴും മലവിസര്‍ജ്യം നടത്തുന്നത്. ഇത് രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്നതിന് ഇടയാക്കുന്നുണ്ട്. പല ഹോട്ടലുകളിലും അന്യ സംസ്ഥാന തൊഴിലാളികളാണ് ജീവനക്കാരായിട്ടുള്ളത്.
പ്രതിരോധം അവതാളത്തില്‍
നഗരങ്ങളില്‍ മാലിന്യങ്ങള്‍ സംസ്കരിക്കുന്ന സ്ഥലങ്ങളില്‍ കൊതുകുകളുടെ പ്രജനനം ഇപ്പോള്‍തന്നെ അധികമാണെന്നു കണ്ടെത്തിയിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം മാലിന്യനിര്‍മാര്‍ജനം, കൊതുകുനിവാരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളും ശക്തമാക്കണമെന്നാണു വിദഗ്ധപക്ഷം. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഈ നിലയ്ക്കു പോയാല്‍ നാടുനീങ്ങിയ രോഗങ്ങളടക്കം തിരിച്ചുവരുമെന്ന അപകടകരമായ സ്ഥിതിവിശേഷമാണിപ്പോള്‍. നഗരത്തിലെ ഹോട്ടലുകളിലും കൂള്‍ബാറുകളിലും വിതരണം ചെയ്യുന്ന കുടിവെള്ളം അണുവിമുക്തമാണോയെന്നും ഗുണനിലവാരമുള്ളതാണൊയെന്നും പരിശോധിക്കേണ്ടതുണ്ട്. പല തോടുകളും ഇപ്പോഴും വൃത്തിയാക്കിയിട്ടില്ല. മഴ ഇടമുറിയാതെ പെയ്താല്‍ ആരോഗ്യസുരക്ഷാ പ്രവര്‍ത്തനങ്ങള്‍ താളംതെറ്റാനാണ് സാധ്യത. ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പുകളില്‍ ആരോഗ്യവിഭാഗം പരിശോധന നടത്തണം.
ശ്രദ്ധിക്കുക
- ടയര്‍, ചിരട്ട, പ്ലാസ്റ്റിക് കുപ്പികള്‍ തുടങ്ങിയവയില്‍ വെള്ളം കെട്ടിക്കിടക്കാന്‍ അനുവദിക്കരുത്.
- വീടുകളുടെ ടെറസ് വെള്ളക്കെട്ടില്ലാതെ വൃത്തിയായി സൂക്ഷിക്കണം. ഉപയോഗിക്കാത്ത സിമന്റ് ടാങ്കുകള്‍, പൈപ്പുകള്‍ എന്നിവ മൂടിവയ്ക്കണം.
- കൊതുകുവല ഉപയോഗിക്കണം
- രോഗം ബാധിച്ചവരെ കൊതുകു വലയ്ക്കുള്ളില്‍ കിടത്തി ചികിത്സിക്കണം.
- കൊതുകു നശീകരണത്തിനും അവയ്ക്ക് അനുകൂലമായ സാഹചര്യങ്ങള്‍ നശിപ്പിക്കുന്നതിനം പ്രഥമ പരിഗണനനല്‍കണം.