സഹകരണമേഖലയെ തകര്‍ക്കുന്ന കേന്ദ്രനയങ്ങള്‍ തിരുത്തണമെന്ന് ആവശ്യപ്പെട്ട് ഇരിങ്ങാലക്കുടയില്‍ മാര്‍ച്ചും ധര്‍ണയും
ഇരിങ്ങാലക്കുട: സഹകരണ മേഖലയെ തകര്‍ക്കുന്ന കേന്ദ്രനയങ്ങള്‍ക്കെതിരെ സഹകാരികളും ജീവനക്കാരും. മേഖലയെ തകര്‍ക്കുന്ന കേന്ദ്രനയങ്ങള്‍ തിരുത്തുക, മള്‍ട്ടി സ്റ്റേറ്റ് സഹകരണ സ്ഥാപനങ്ങളെയും നിധി സ്ഥാപനങ്ങളെയും നിയന്ത്രിക്കുക, റിസര്‍വ്വ് ബാങ്ക്, ഇന്‍കം ടാക്സ് എന്നിവയെ ഉപയോഗിച്ച് അര്‍ബന്‍ ബാങ്കുകളെയും സഹകരണ സംഘങ്ങളെയും തകര്‍ക്കാനുള്ള ശ്രമങ്ങള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.
പൂതംക്കുളം മൈതാനിയില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കേരളത്തെ കേരളമാക്കി മാറ്റിയ സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാനാണ് കേന്ദ്ര ശ്രമമെന്ന്
പി.കെ. ഡേവിസ് മാസ്റ്റര്‍ കുറ്റപ്പെടുത്തി. ഭരണഘടന അനുസരിച്ച് സംസ്ഥാന സര്‍ക്കാരിന്റെ അധികാര പരിധിയില്‍ വരുന്ന സഹകരണ മേഖല നിയമവിരുദ്ധ വഴികളിലൂടെ തകര്‍ത്ത് സാധാരണക്കാരന്റെ ജീവിത മാര്‍ഗങ്ങളെ ഇല്ലാതാക്കാനാണ് മോഡിയും അമിത്ഷായും ശ്രമിക്കുന്നത്.
ഇന്ത്യയ്ക്ക് മാതൃകയായ സഹകരണ പ്രസ്ഥാനം വര്‍ഷങ്ങളായുള്ള പ്രവര്‍ത്തനങ്ങളിലൂടെ ജനങ്ങളുടെ വിശ്വാസം നേടിക്കഴിഞ്ഞതാണെന്നും ഉദ്ഘാടകന്‍ പറഞ്ഞു. സര്‍ക്കിള്‍ സഹകരണ യൂണിയന് ചെയര്മാന് ജോസ് ജെ. ചിറ്റിലപ്പള്ളി അധ്യക്ഷത വഹിച്ചു. സംസ്ഥാന സഹകരണ യൂണിയന് അംഗം ലളിത ചന്ദ്രശേഖരന്, കെസിഇസി ജില്ലാ സെക്രട്ടറി എ.എസ്. സുരേഷ് ബാബു, യൂണിയന് ഭരണ സമിതി അംഗം കെ.സി. ജെയിംസ് എന്നിവര്‍ പ്രസംഗിച്ചു.