കാറളം പഞ്ചായത്തിൽ പോരാട്ടം തീ പാറും
കാറളം പഞ്ചായത്തില്‍ വീണ്ടും ചെങ്കൊടി പാറിക്കാന്‍ എല്‍ഡിഎഫ്, ചെങ്കോട്ട തകര്‍ക്കാന്‍ കോണ്‍ഗ്രസും ബിജെപിയും രംഗത്ത്
ഇരിങ്ങാലക്കുട: കാറളം പഞ്ചായത്തില്‍ വീണ്ടും ചെങ്കൊടി പാറിക്കാന്‍ എല്‍ഡിഎഫ്, ചെങ്കോട്ട തകര്‍ക്കാന്‍ കോണ്‍ഗ്രസും ബിജെപിയും രംഗത്ത്. കരുത്തു കാട്ടാന്‍ ബിജെപിയും രംഗത്ത്. മുന്‍വര്‍ഷങ്ങളിലേതു പോലെ തന്നെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനു തീ പാറുന്ന പോരാട്ടത്തിനായിരിക്കും കാറളത്തുകാര് സാക്ഷികളാകുക. ദശകങ്ങള്‍ നീണ്ട തുടര്‍ച്ചയായ ഭരണത്തിലൂടെ സൃഷ്ടിച്ചെടുത്ത ജനസംതൃപ്തിയും വികസനങ്ങളുടെ നീണ്ട പട്ടികയും നിരത്തുമ്പോള്‍ ഇത്തവണയും കാറളം പഞ്ചായത്ത് എല്‍ഡിഎഫിനു എന്നു പറയുമ്പോഴും അട്ടിമറി വിജയം നടക്കുമെന്ന പ്രതീക്ഷയിലാണു കോണ്‍ഗ്രസും ബിജെപിയും. 1977 ല്‍ രൂപീകൃതമായ പഞ്ചായത്തില്‍ 1987 മുതല്‍ ഇടതുഭരണമാണ്. എല്‍ഡിഎഫിനു പ്രത്യേകിച്ച് സിപിഎമ്മിനു അനുകൂലമായ കാറ്റുവീശുന്ന ജില്ലയിലെ പ്രധാന പഞ്ചായത്തുകളിലൊന്ന്. 1987 മുതല്‍ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് പച്ച തൊടാനായിട്ടില്ല. എല്‍ഡിഎഫിനു പ്രതിരോധം തീര്‍ക്കാന്‍ സര്‍വസന്നാഹങ്ങളുമായി ഇക്കുറി കാറളം പഞ്ചായത്തില്‍ ബിജെപി രംഗത്തുണ്ട്. എന്നാല്‍ ആരൊക്കെ എന്തൊക്കെ ചെയ്താലും ഇവയെയെല്ലാം അതിജീവിക്കാന്‍ വികസനങ്ങളുടെയും അഞ്ചു വര്‍ഷം നീണ്ട ജനക്ഷേമ പ്രവര്‍ത്തനങ്ങളുടെയും നീണ്ട പട്ടികക്കു സാധിക്കുമെന്നാണു എല്‍ഡിഎഫ് ഉറച്ചു വിശ്വസിക്കുന്നത്. 15 വാര്‍ഡുകളാണു കാറളം പഞ്ചായത്തിലുള്ളത്. ഇതില്‍ 10 എണ്ണവും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പിടിച്ചടക്കിയിരുന്നു. പഞ്ചായത്തിന്റെ ഇപ്പോഴത്തെ രാഷ്ട്രീയ കാലാവസ്ഥ അനുസരിച്ച് ഉജ്ജ്വല വിജയം വീണ്ടും ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണു എല്‍ഡിഎഫ്. എന്നാല്‍ ഭരണം നേടാന്‍ എല്ലാം രംഗത്തും തയ്യാറെടുപ്പുകളുമായി യുഡിഎഫും ബിജെപിയും രംഗത്തുണ്ട്. കൃഷിയെ ആശ്രയിച്ചാണു നല്ലൊരു വിഭാഗം ജനങ്ങളും കഴിയുന്നത്. ആധുനിക ഓഫീസ് കെട്ടിടം, ഐഎസ്ഒ അംഗീകാരം, ജില്ലയിലെ മികച്ച കുടുംബാരോഗ്യ കേന്ദ്രം-പ്രഥമ ആര്‍ദ്രം പുരസ്കാരം, പദ്ധതി അംഗീകാരം നേടുന്നതില്‍ ഒന്നാംസ്ഥാനം, 100 ശതമാനം പദ്ധതി നിര്‍വഹണം പൂര്‍ത്തിയാക്കല്‍, 100 ശതമാനം നികുതി പിരിവിനു അംഗീകാരം, മുഴുവന്‍ അങ്കണവാടികളും മാതൃക അങ്കണവാടികളാക്കി, പുതിയ ഹോമിയോ ആശുപത്രി, 120 ഭവനരഹിതര്‍ക്കു പുതിയ വീട്, പഞ്ചായത്തിലെ ആദ്യ ചില്‍ഡ്രന്‍സ് പാര്‍ക്ക്, 3728 പേര്‍ക്കു സാമൂഹ്യ സുരക്ഷാ പെന്ഷന് നല്കി, ശുചിത്വ പഞ്ചായത്ത് എന്നിവ നടപ്പിലാക്കുവാന്‍ സാധിച്ചു. നെല്‍കൃഷിക്കും, കരകൃഷിക്കും ഒരുപോലെ ഊന്നല്‍ നല്കുന്ന പഞ്ചായത്തില്‍ കാറളം ഗ്രാമപഞ്ചായത്തിനെ തരിശുരഹിത പഞ്ചായത്താക്കുന്നതിനു തരിശുരഹിത പഞ്ചായത്ത് പദ്ധതി രൂപീകരിച്ച് ഒരു പരിധി വരെ തരിശുരഹിതമാക്കാന്‍ സാധിച്ചു. ഭവനരഹിതരായ ഒരാളും ഉണ്ടാകരുതെന്നു ലക്ഷ്യമിട്ട് ലൈഫ് പദ്ധതിയുടെ ഭാഗമായി 120 വീടുകള്‍ നല്കുന്നതിനു കഴിഞ്ഞു. ഭൂമിയില്ലാത്തവര്‍ക്കായി ഭവനസമുച്ചയമൊരുക്കുന്നതിനുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമായി വെള്ളാനിയില്‍ നിര്‍മാണപ്രവര്‍ത്തനത്തിനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്. ആലുംപറമ്പ് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി പൂര്‍ത്തീകരണം, പറുംപാടം ജലസേചന സൗകര്യം മെച്ചപ്പെടുത്തല്‍, ഹരിപുരം വെര്‍ട്ടിക്കല്‍ പമ്പ് സെറ്റ്, കരിന്തറ പടവ് വെര്‍ട്ടിക്കല്‍ പമ്പ് സെറ്റ്, താണിശേരി കൂനമ്മാവ് കുളം സംരക്ഷണം, വടക്കേ കോളനി സമഗ്ര വികസനം എന്നിവ ഇടതു ഭരണത്തിന്റെ നേട്ടങ്ങളാണ്. കാറളം പഞ്ചായത്തിന്റെ വികസന മുരടിപ്പാണു കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടുന്നത്. കാറളം പ്രദേശത്തിന്റെ ഹൃദയഭാഗത്തുകൂടെ നാലു വാര്‍ഡുകളുടെ അതിര്‍ത്തി പങ്കിട്ട് കടന്നുപോകുന്ന കാറളം ആലുപറമ്പ്-ജാറം പ്രധാന റോഡിന്റെ ഇരുവശങ്ങളിലും കാന പണിയണമെന്ന വര്‍ഷങ്ങളായുള്ള ആവശ്യം ഇന്നും അവഗണിക്കപ്പെട്ടു കിടക്കുകയാണ്. ഹരിജന്‍ കോളനികള്‍ ഉള്‍പ്പെടുന്ന പ്രദേശം, കോളനികളുടെ ഉന്നമനത്തിനായി ഒരു പദ്ധതിയും നടപ്പാക്കാന്‍ പഞ്ചായത്തിനു കളിഞ്ഞില്ല. പട്ടികവിഭാഗങ്ങള്‍ക്കു ലഭിക്കേണ്ട ഭൂമി, ലൈഫ് ഫഌറ്റുകളുടെ നിര്‍മാണത്തിനു വിട്ടുകൊടുത്തതിലെ ദുരൂഹത നീങ്ങാതെ നില്ക്കുന്നു. കുടിവെള്ള പ്രശ്നം രൂക്ഷം. വാട്ടര്‍ ടാങ്ക് സ്ഥിതി ചെയ്യുന്ന പ്രദേശമായിട്ടും ചുറ്റുമുള്ള ജനങ്ങള്‍ക്കു വെള്ളമില്ലാത്ത അവസ്ഥയാണ്. താണിശേരി പ്രധാന റോഡുകളിലടക്കം തെരുവുവിളക്കുകള്‍ കത്താതെ നില്ക്കുന്ന പ്രദേശമാണ്. നെല്പാടശേഖരങ്ങളും നെല്‍കര്‍ഷകരും അധികമായുള്ള കാറളം പഞ്ചായത്തിലെ പ്രദേശം പാടശേഖരസമിതിയുടെ പക്ഷപാതിത്വ നിലപാടുകാര്‍ക്കു പഞ്ചായത്തിന്റെ മൗനസമ്മതം കൂടി ഉള്ളതോടെ പല നെല്‍കര്‍ഷകരുടേയും കൊയ്തെടുത്ത നെല്ല് കയറ്റിപോകാതെ നശിച്ചു പോകുന്ന ഭീകരമായ അവസ്ഥയാണ്. ടാറിംഗ് പൂര്‍ത്തിയാക്കല്‍ ബാക്കിയുള്ള നിരവധി റോഡുകളുണ്ട്. മണലിപ്പാടം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി, ഉദ്ഘാടന മാമാങ്കം നടത്തിയെങ്കിലും പ്രവര്‍ത്തനം ആരംഭിക്കാതെ എങ്ങും എത്താതെ നില്ക്കുന്നു. ക്രിയാത്മക പ്രതിപക്ഷമായതിന്റെ ഗുണഫലം ഉയര്‍ത്തി കാട്ടി പഞ്ചായത്ത് ഭരണം പിടിക്കാന്‍ യുഡിഎഫു ശ്രമിക്കുമ്പോള്‍ വികസന മുരടിപ്പു പ്രചരിപ്പിച്ച് ഭരണം നേടാനാണു ബിജെപിയുടെ ശ്രമം. എല്‍ഡിഎഫ് ഭരണസമിതി നടത്തിയ വികസനമുന്നേറ്റങ്ങളും പഞ്ചായത്തിലെ ഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ ഉന്നമനം ലക്ഷ്യം വെച്ചുള്ള പദ്ധതികള്‍ നടപ്പാക്കിയതും വഴി നേടിയെടുത്ത ജനസംതൃപ്തി വോട്ടായി മാറിയാല്‍ കാറളം പഞ്ചായത്തില്‍ എല്‍ഡിഎഫിന് അനായാസ വിജയം. എങ്കിലും ജനങ്ങളെ 40 വര്‍ഷം പുറകോട്ടടിച്ചു എന്ന ശക്തമായ ആരോപണവും റോഡുകളുടെ ശോചനീയാവസ്ഥയും കോണ്‍ഗ്രസിനു വിജയസാധ്യതയേകുന്നു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ പഞ്ചായത്തില്‍ 91 വോട്ടിന്റെ മുന്തൂക്കമാണു ബിജെപിക്കു ഉണ്ടായിരുന്നത്. ഇതു ബിജെപിക്കു ഏറെ പ്രതീക്ഷ നല്‍കുന്നതാണ്.
കാറളം ഗ്രാമപഞ്ചായത്ത്-15
ഭരണപക്ഷം-എല്‍ഡിഎഫ്
കക്ഷിനില-
യുഡിഎഫ്-2
എല്‍ഡിഎഫ്-10
ബിജെപി-2
സ്വത-1