കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
അമ്മന്നൂര്‍ ഗുരുകുലത്തില്‍ നടന്ന നവ്യം പരിപാടിയുടെ സമാപന ദിവസത്തില്‍ ജംഷീന ജമാല്‍ അവതരിപ്പിച്ച മോഹിനിയാട്ടം.
ഇരിങ്ങാലക്കുട: ആഗോളതലത്തില്‍ പ്രശസ്തമായ ആന്ധ്രാപ്രദേശിന്റെ തനത് നൃത്തരൂപമായ കുച്ചിപ്പുടിയില്‍ പുതിയ ചിട്ടപ്പെടുത്തലുകള്‍ നടത്തുമ്പോള്‍ അതിന്റെ തനിമയും പാരമ്പര്യവും ഒട്ടും ചോര്‍ന്നുപോകാതെ ശ്രദ്ധിക്കണമെന്ന് പ്രശസ്ത കുച്ചിപ്പുടി നര്‍ത്തകി ഗുരു പദ്മവാണി മോസലികണ്ടി അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട കഥകളി ക്ലബ് അമ്മന്നൂര്‍ മാധവനാട്യഭൂമിയില്‍ സംഘടിപ്പിച്ച നവ്യം 2026 കലാമേളയുടെ സമാപനത്തോടനുബന്ധിച്ച് നര്‍ത്തകി സ്വാതി നാരായണന് നടത്തിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. കാലത്തിനനുസരിച്ചുള്ള മാറ്റങ്ങളും പുതിയ പരീക്ഷണങ്ങളും കലയുടെ വളര്‍ച്ചയ്ക്ക് അനിവാര്യമാണെങ്കിലും അവ പാരമ്പര്യത്തിന്റെ വേരുകളില്‍ ഉറച്ചുനിന്നുകൊണ്ടാവണമെന്ന് സമാപനദിനത്തില്‍ പ്രഭാഷണം നടത്തിയ പ്രമുഖ കലാനിരൂപകനും ചരിത്രകാരനുമായ വിനോദ് ഗോപാലകൃഷ്ണന് ചൂണ്ടിക്കാട്ടി.
കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി അരങ്ങേറിയ യുവത്വത്തിന്റെ കലാവിരുന്നിന്റെ സമാപന ദിവസം പുതുതലമുറ കലാകാരന്മാരുടെ നൃത്ത സംഗീത പരിപാടികള്‍ക്കാണ് പ്രാധാന്യം നല്‍കിയിരുന്നത്. സമാപന ദിവസത്തില്‍ അയ്യപ്പഞ്ചേരി മാധവന് അവതരിപ്പിച്ച സോപാനസംഗീതം കേരളീയ സംഗീത പാരമ്പര്യത്തിന്റെ തനിമ വിളിച്ചോതി. ശോഭിത് രമേഷ് അവതരിപ്പിച്ച ഭരതനാട്യം കലാകാരന്മാരുടേയും കാണികളുടേയും ഏറെ പ്രശംസ പിടിച്ചുപറ്റി. പദ്മശ്രീ കലാമണ്ഡലം ക്ഷേമാവതിയുടെ നട്ടുവാങ്കത്തില്‍ ജംഷീന ജമാല്‍ അവതരിപ്പിച്ച മോഹിനിയാട്ടത്തില്‍ കൈരളിയുടെ ലാസ്യതനിമ തിളങ്ങിനിന്നു. ലക്ഷ്മി രഘുനാഥ് അവതരിപ്പിച്ച കുച്ചിപ്പുടിയോടെയാണ് നവ്യം 2026 കലാമേളയ്ക്ക് തിരശീല വീണത്. ഭാരതീയ രംഗകലകളുടെ ദേശീയ സെമിനാറായ രംഗകലാ കോണ്‍ഫറന്‍സിന്റെ രണ്ടാം പതിപ്പ് 2027 ജനുവരി 13 മുതല്‍ 17 വരെ അരങ്ങേറുമെന്നും പ്രശസ്ത നര്‍ത്തകി പത്മവിഭൂഷണ്‍ ഡോ. പത്മ സുബ്രഹ്മണ്യം സോദാഹരണം നടത്തുമെന്നും സംഘാടകര്‍ സമാപനദിനത്തില്‍ അറിയിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു
സോപാന സംഗീതോത്സവം സംഘടിപ്പിച്ചു