കര്‍ഷകരെ വാഹനം കയറ്റി കൊന്ന കേന്ദ്രമന്ത്രിയെയും മകനെയും സംരക്ഷിക്കുന്നതില്‍ പ്രതിഷേധിച്ച് മാര്‍ച്ചും ധര്‍ണ്ണയും
ഇരിങ്ങാലക്കുട: കര്‍ഷകരെ വണ്ടി കയറ്റി കൊന്ന വിഷയത്തില്‍ നടപടി എടുക്കാത്തതില്‍ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. 2021 ഒക്ടോബര്‍ 3ന് ഉത്തര്‍പ്രദേശിലെ ലഖീം പൂര്‍ഖേരിയില്‍ സമരം ചെയ്ത കര്‍ഷകരെ വാഹനം ഓടിച്ച് കയറ്റി കൊല ചെയ്ത കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രക്കെതിരെയും മകന് ആശിഷ് മിശ്രക്കെതിരേയും രണ്ട് വര്‍ഷക്കാലമായിട്ടും നടപടിയെടുക്കാത്ത കേന്ദ്ര ഗവണ്മെന്റിന്റെയും ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റേയും അനാസ്ഥക്കെതിരെയും, കേന്ദ്ര ഗവണ്മെന്റിന്റെ നയങ്ങള്‍ക്കെതിരെയുമാണ് ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് സംയുക്ത സമരസമിതി മാര്‍ച്ചും ധര്‍ണ്ണയും നടത്തിയത്.
ധര്‍ണ്ണ സമരം സിപിഎം ഏരിയാ സെക്രട്ടറി വി.എ മനോജ്കുമാര്‍ ഉദ്ഘാടനം ചെയ്തു. കര്‍ഷക സംഘം ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി ടി.ജി.ശങ്കരനാരായണന് അധ്യക്ഷത വഹിച്ചു. സിഐടിയു ഏരിയാ സെക്രട്ടറി കെ.എ. ഗോപി, പ്രസിഡന്റ് സി.ഡി. സിജിത്ത്, കെഎസ്കെടിയു ഏരിയാ പ്രസിഡന്റ് കെ.കെ.സുരേഷ് ബാബു, ജില്ലാ കമ്മിറ്റി അംഗം മല്ലിക ചാത്തുകുട്ടി തുടങ്ങിയവര്‍ സംസാരിച്ചു. കെഎസ്കെടിയു ഏരിയാ സെക്രട്ടറി കെ.വി. മദനന് സ്വാഗതവും കര്‍ഷക സംഘം ഏരിയാ പ്രസിഡന്റ് ടി.എസ്. സജീവന് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.