ഡ്രൈവിംഗ് പരിശീലന ക്ലാസിന് ആര്.ടി.ഒ. ഓഫീസിലെത്തിയ യുവതി തലകറങ്ങി വീണു
ഇരിക്കാന്‍ ആവശ്യത്തിന് സീറ്റില്ലെന്ന് പരാതി
ഇരിങ്ങാലക്കുട: ഡ്രൈവിംഗ് പരിശീലന ക്ലാസിനിടെ തലകറങ്ങിവീണ് യുവതിക്ക് പരിക്കേറ്റു. ഇരിങ്ങാലക്കുട ആര്.ടി.ഒ. ഓഫീസില്‍ ലേണിങ്ങ് ടെസ്റ്റിനു ശേഷമുള്ള ഡ്രൈവിംഗ്് പരിശീലന ക്ലാസില്‍ പങ്കെടുക്കാനെത്തിയ പുല്ലൂര്‍ സ്വദേശി നാരാട്ടില്‍ വീട്ടില്‍ ശില്പ(24)യാണ് തലകറങ്ങിവീണത്. ഇവിടെ പരിശീലനക്ലാസിനെത്തുന്നവര്ക്ക് ഇരിക്കാന്‍ കസേരകള്‍ ആവശ്യത്തിന് ഇല്ലെന്ന പരാതി ശക്തമാണ്. ആര്.ടി.ഒ. ഓഫീസിനു മുകളിലത്തെ നിലയില്‍ ഒരു മണിക്കൂര്‍ സ്റ്റഡിക്ലാസ് നല്‍കുന്നത്.
ലേണേഴ്സിനുശേഷം ഈ ക്ലാസില്‍ പങ്കെടുത്താലേ പ്രധാന ടെസ്റ്റിന് അനുമതി ലഭിക്കുകയുള്ളൂ. അതിനാല്‍ വിവിധ ഡ്രൈവിങ് സ്കൂളുകളില്‍നിന്നായി 250 ഓളം കുട്ടികളാണ് ഓരോ ക്ലാസിലും പങ്കെടുക്കാനെത്തുക. എന്നാല്‍, ഇവിടെ അമ്പതോളം കസേരകള്‍ മാത്രമാണുള്ളത്. ബാക്കി കുട്ടികള്‍ മുഴുവന്‍ നിന്നുകൊണ്ടാണ് പരിശീലനക്ലാസില്‍ പങ്കെടുക്കുന്നത്. തലകറങ്ങിവീണ ശില്പയെ ഉടന്‍തന്നെ ഉദ്യോഗസ്ഥര്‍ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു.
വീഴ്ചയില്‍ ശില്പയുടെ തലയുടെ പിന്‍വശത്ത് മുറിവേറ്റിട്ടുണ്ട്. നേരത്തേ ഡ്രൈവിംഗ് സ്കൂള്‍ ഉടമകള്‍ പിരിവെടുത്ത് പരിശീലനക്ലാസില്‍ പങ്കെടുക്കുന്നവര്‍ക്ക് കസേരകള്‍ നല്കാന് തീരുമാനിക്കുകയും പണപ്പിരിവ് നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ആര്.ടി.ഒ. ഓഫീസില്‍ നടന്ന വിജിലന്‍സ് പരിശോധനയെത്തുടര്‍ന്ന് അത് ഒഴിവാക്കി. പിന്നീട് മറ്റൊരാള്‍ കസേരകള്‍ നല്‍കാമെന്ന് ഏറ്റെങ്കിലും മുകളില്‍നിന്ന് അനുമതി ലഭിച്ചതിനുശേഷം മതിയെന്ന നിലപാടിലാണ് ഉദ്യോഗസ്ഥര്‍.