നുണ പറയുന്ന ഫാക്ടറി ആയി സിപിഎം സംഘടനയുടെ നേതാക്കള്‍ മാറി- കെ കെ രമ എംഎല്‍എ
ഇരിങ്ങാലക്കുട: നുണ പറയുന്ന ഒരു ഫാക്ടറി ആയി സിപിഎം എന്ന സംഘടനയുടെ നേതാക്കള്‍ മാറിയതായി കെ കെ രമ എംഎല്‍എ. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പും സഹകരണ മേഖലയിലെ ജനാധിപത്യ അട്ടിമറിയും എന്ന വിഷയത്തില്‍ മാപ്രാണം സെന്ററില്‍ നടന്ന സഹകാരി സംരക്ഷണ സദസ്സ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവര്‍. കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകര്‍ക്ക് പണം നല്കി കൊണ്ടിരിക്കുന്നുണ്ടെന്നും ആര്‍ക്കും പരാതികള്‍ ഇല്ലെന്നുമാണ് വകുപ്പ് മന്ത്രി നിയമസഭയില്‍ പറയുന്നത്. ബാങ്കില്‍ ചില ക്രമക്കേടുകള്‍ മാത്രമാണ് നടന്നിരിക്കുന്നതെന്നാണ് സിപിഎം നേതാക്കള്‍ പറയുന്നത്. ബാങ്കില്‍ എത്തിയ സാധാരണക്കാരുടെ നിക്ഷേപങ്ങള്‍ അടിച്ച് മാറ്റി മറ്റുളളവരുടെ അക്കൗണ്ടുകളിലേക്ക് എത്തിക്കുന്ന തരത്തിലുള്ള കൊള്ളയാണ് ബാങ്കില്‍ നടന്നത്. 90,000 രൂപ വാര്‍ഷിക വരുമാനം മാത്രമുള്ള അരവിന്ദാക്ഷന് എന്ന കൗണ്‍സിലറുടെ പേരില്‍ 45 ലക്ഷം രൂപയുടെ നിക്ഷേപമുണ്ടെന്നാണ് ഇഡി റിപ്പോര്‍ട്ടില്‍ ഉള്ളത്.
2017 മുതല്‍ ബാങ്കില്‍ നടന്ന ക്രമക്കേടുകളും തട്ടിപ്പുകളും അറിഞ്ഞിട്ടും ഇതിന് പിന്തുണ നല്‍കുകയും പങ്ക് പറ്റുകയുമാണ് സിപിഎമ്മിന്റെ നേത്യത്വത്തില്‍ ഉള്ളവര്‍ ചെയ്തത്. തട്ടിപ്പുകള്‍ കണ്ട് പിടിച്ച ഇഡിക്ക് എതിരെ സമരം ചെയ്യുകയാണ് സിപിഎം ഇപ്പോള്‍. സഹകരണ മേഖലയെ നശിപ്പിപ്പിച്ചത് സിപിഎം തന്നെയാണെന്ന് കെകെ രമ എംഎല്‍എ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ടി എല്‍ സന്തോഷ്, ടി ജെ മോന്‍സി, ഭഗത് സിംഗ് എന്നിവരും പ്രസംഗിച്ചു.