കരുവന്നൂരില്‍ നിക്ഷേപകര്‍ക്ക് തുക ഇന്നു മുതല്‍ തിരിച്ചു നല്കാന് നടപടി; കരുവന്നൂര്‍ ബാങ്ക് തിരിച്ചുവരവിന്റെ പാതയിലെന്ന് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി
നടന്നത് 103.6 കോടി രൂപ ക്രമക്കേട് മാത്രം, 136 കോടി സ്ഥിരനിക്ഷേപത്തില്‍ 79 കോടി തിരികെ നല്‍കും
ഇരിങ്ങാലക്കുട : സാമ്പത്തിക ക്രമക്കേടുകളെ തുടര്‍ന്ന് പ്രതിസന്ധിയിലായ കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിനെ കരകയറ്റാനും വിശ്വാസ്യത തിരിച്ചുപിടിക്കാനും പാക്കേജുമായി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി. ഇതനുസരിച്ച് ഇന്നു മുതല്‍ 50,000 രൂപയ്ക്കുമേല്‍ ഒരു ലക്ഷം വരെയുള്ള കാലാവധി പൂര്‍ത്തീകരിച്ച നിക്ഷേപകര്‍ക്കും, 11 മുതല്‍ 50,000 രൂപ വരെയുള്ള കാലാവധി പൂര്‍ത്തീകരിച്ച നിക്ഷേപകര്‍ക്കും ആവശ്യാനുസരണം നിക്ഷേപം പൂര്‍ണമായി പിന്‍വലിക്കാനും പുതുക്കാനും അനുവദിക്കും. 20നു ശേഷം ബാങ്കിന്റെ എല്ലാ ബ്രാഞ്ചുകളിലുമുളള സേവിംഗ്സ് ബാങ്ക് നിക്ഷേപകര്‍ക്ക് അവരുടെ അക്കൗണ്ടുകളില്‍ നിന്ന് 50,000 രൂപ വരെ പിന്‍വലിക്കാന്‍ അനുവദിക്കും. ഡിസംബര്‍ ഒന്നു മുതല്‍ ഒരു ലക്ഷം രൂപയ്ക്കുമേല്‍ നിക്ഷേപമുള്ള കാലാവധി പൂര്‍ത്തീകരിച്ച നിക്ഷേപങ്ങള്‍ക്ക് നിക്ഷേപത്തുകയുടെ നിശ്ചിത ശതമാനവും പലിശയും അനുവദിക്കാനും, പലിശ കൈപ്പറ്റി നിക്ഷേപം പുതുക്കുവാനും അനുമതി നല്‍കും.
ഈ പാക്കേജ് അനുസരിച്ച് ആകെയുള്ള 23,688 സേവിംഗ്സ് ബാങ്ക് നിക്ഷേപകരില്‍ 21,190 പേര്‍ക്കു പൂര്‍ണമായും, ബാക്കിയുള്ള 2,448 പേര്‍ക്കു ഭാഗികമായും തുക പിന്‍വലിക്കാനാവും. ആകെയുള്ള 8,049 സ്ഥിര നിക്ഷേപകരിൽ 3,770 പേര്‍ക്കു നിക്ഷേപവും പലിശയും പൂര്‍ണമായി പിന്‍വലിക്കാനും ബാക്കി വരുന്ന കാലാവധി പൂര്‍ത്തീകരിച്ച നിക്ഷേകര്ക്കു ഭാഗികമായി നിക്ഷേപവും പലിശയും നല്കുവാനും ഈ പാക്കേജിലൂടെ കഴിയും.
കാലാവധി പൂര്‍ത്തിയാക്കിയ 136 കോടി നിക്ഷേപത്തില്‍ 79 കോടിയും തിരിച്ചു നല്‍കും. ഇതിനാവശ്യമായ പണം ജില്ലയിലെ പ്രാഥമിക സഹകരണസംഘങ്ങളുടെ കണ്‍സോര്‍ഷ്യം, സഹകരണ വികസന ക്ഷേമനിധി ബോര്‍ഡ്, ബാങ്കിനു കേരള ബാങ്കിലും മറ്റിതര സഹകരണ മേഖലയിലുള്ള നിക്ഷേപങ്ങള്‍ പിന്‍വലിക്കല്‍, വായ്പ കുടിശിക പിരിച്ചെടുക്കല്‍ എന്നിവയിലൂടെയാണ് കണ്ടെത്തുകയെന്ന് കമ്മിറ്റി കണ്‍വീനര്‍ പി.കെ. ചന്ദ്രശേഖരന് പത്രസമ്മേളനത്തില്‍ അറിയിച്ചു.
186 കോടി രൂപയുടെ 162 ആധാരങ്ങളാണ് ഇഡി കൊണ്ടുപോയിട്ടുള്ളത്. ഇതു മൂലം വായ്പ തിരിച്ചടയ്ക്കാന്‍ വരുന്നവര്‍ക്ക് രേഖകള്‍ തരിച്ചുനല്‍കാന്‍ കഴിയുന്നില്ല. ക്രമക്കേടുമായി ബന്ധമില്ലാത്തവരുടെ രേഖകളും ഇഡി പിടിച്ചെടുത്തിട്ടുണ്ട്. ഇവ തിരിച്ചുകിട്ടാന്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കും. ബാങ്ക് തിരിച്ചുവരവിന്റെ പാതയിലാണെന്നും പ്രതിസന്ധി ഉടന്‍തന്നെ പരിഹരിക്കാന്‍ കഴിയുമെന്നും കണ്‍വീനര്‍ വ്യക്തമാക്കി. കമ്മിറ്റി അംഗങ്ങളായ പി.പി. മോഹന്‍ദാസ്, എ.എം. ശ്രീകാന്ത് എന്നിവരും പത്രസമ്മേളനത്തല്‍ പങ്കെടുത്തു. കൂടല്‍മണിക്യം ദേവസ്വം ചെയര്മാന് പ്രദീപ് മേനോന്റെ രണ്ടുലക്ഷം രൂപയുടെ നിക്ഷേപം കമ്മിറ്റി കണ്‍വീനര്‍ പി.കെ. ചന്ദ്രശേഖരന് എറ്റുവാങ്ങി.
ധനസമാഹരണം ഇങ്ങനെ
തൃശൂര്‍ ജില്ലയിലെ പ്രാഥമിക സഹകരണ സംഘങ്ങളുടെ കണ്‍സോര്‍ഷ്യം, സഹകരണ വികസന ക്ഷേമനിധി ബോര്‍ഡ്, കേരള ബാങ്കിലും മറ്റിതര സഹകരണ മേഖലയിലും കരുവന്നൂര്‍ ബാങ്കിന് നിലവിലുള്ള നിക്ഷേപങ്ങള്‍ പിന്‍വലിക്കല്‍, വായ്പ കുടിശിക പിടിച്ചെടുക്കല്‍ എന്നിവയിലൂടെ പണം കണ്ടെത്തുന്നതിനു പുറമേ ഡെപ്പോസിറ്റ് കാമ്പയിനിലൂടെ ബാങ്ക് സ്വരൂപിക്കുന്ന നിക്ഷേപങ്ങളും ഉപയോഗപ്പെടുത്തും. സഹകരണ വികസന ക്ഷേമനിധി ബോര്‍ഡില്‍നിന്ന് ഇതിനകം അഞ്ചു കോടി രൂപ വായ്പ സഹായം ലഭിച്ചുകഴിഞ്ഞു. സഹകരണ വകുപ്പ് വിളിച്ചുചേര്‍ത്ത തൃശൂര്‍ ജില്ലയിലെ സഹകരണ സംഘങ്ങളുടെ യോഗത്തില്‍ കരുവന്നൂര്‍ ബാങ്കിന്റെ പ്രതിസന്ധി പരിഹാരത്തിന് ആവശ്യമായ നിക്ഷേപങ്ങള്‍ നല്കാന് എല്ലാ സഹകരണ സ്ഥാപനങ്ങളും സ്നദ്ധതയും സമ്മതവും അറിയിക്കുകയും അതനുസരിച്ച് നിക്ഷേപങ്ങള്‍ വന്നു തുടങ്ങുകയും ചെയ്തിട്ടുണ്ട്.
ഒപ്പം ഒട്ടേറെ വ്യക്തികളും സ്ഥാപനങ്ങളും ഈ ദിവസങ്ങളില്‍ ബാങ്കില്‍ സ്ഥിരനിക്ഷേപം നടത്തിവരുന്നുണ്ട്. ബാങ്കില്‍ നിലവിലുള്ള വായ്പ 381 കോടി രൂപയാണ്. ഇതിന്റെ പലിശ ഇനത്തില്‍ 128 കോടി രൂപയുമുണ്ട്. മൊത്തം ലഭിക്കുവാനുള്ളത് 509 കോടി രൂപയാണ്. ഇതില്‍ കുടിശികയായ വായ്പകള്‍ തിരിച്ചുപിടിക്കാനുള്ള തിരിച്ചടവ് കാമ്പയിന് പരിപാടി നടന്നുവരുന്നു. നാളെയും മറ്റന്നാളുമായി അദാലത്ത് സംഘടിപ്പിച്ചിട്ടുണ്ട്. ഡിസംബര്‍ 31നു മുമ്പ് ചുരുങ്ങിയത് 50 കോടി രൂപയെങ്കിലും വായ്പ തിരിച്ചടവാണ് ലക്ഷ്യമിട്ടിരിക്കുന്നത്. തിരിച്ചടവ് കുറേക്കൂടി പ്രായോഗികമാക്കാന്‍ കുടിശിക പലിശയില്‍ ആകര്‍ഷകമായ ഇളവുകള്‍ അനുവദിക്കുന്ന പ്രത്യേക ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി കരുവന്നൂര്‍ ബാങ്കിനു മാത്രമായി ഈ പാക്കേജുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.
2023 ഡിസംബര്‍ 31 വരെയാണ് ഈ പദ്ധതിയുടെ കാലാവധി. ബാങ്ക് പ്രതിസന്ധിയിലായി പ്രവര്‍ത്തനം പരിമിതപ്പെട്ടതിനുശേഷം നിക്ഷേപവും പലിശയുമായി 76 കോടി രൂപ നിക്ഷേപകര്‍ക്കു തിരിച്ചുനല്‍കി. വായ്പ കുടിശിക ഇതിനകം 80 കോടി തിരിച്ചടവ് വന്നുകഴിഞ്ഞു. 10 ലക്ഷം രൂപ വരെയുള്ള സാധാരണ വായ്പയും എട്ടു ശതമാനം നിരക്കില്‍ സ്വര്‍ണപ്പണയ വായ്പയും ബാങ്ക് ഇപ്പോള്‍ നല്കിവരുന്നു.