പ്രായപൂര്‍ത്തിയാകാത്ത ബാലനെതിരെ ലൈംഗിക അതിക്രമം; പ്രതിക്ക് 35 വര്‍ഷത്തെ തടവ്
ഇരിങ്ങാലക്കുട: പ്രായപൂര്‍ത്തിയാകാത്ത ബാലനെതിരെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ ഇരുപത്തിയേഴുകാരന് 35 വര്‍ഷം തടവും 1,70,000 രൂപ പിഴയും ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യല്‍ കോടതി ജഡ്ജ് സി. ആർ. രവിചന്ദറിന്റെ വിധി. 2015 മുതല്‍ 2018 ജൂലൈ വരെയുള്ള കാലയളവില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് കൊടുങ്ങല്ലൂര്‍ പോലീസ് ചാര്‍ജ്ജ് ചെയ്ത കേസില്‍ പ്രതിയായ മേത്തല സ്വദേശി താരമ്മല്‍ ഹരീഷ് (27) നെതിരെയാണ് കോടതി ശിക്ഷാവിധി പ്രഖ്യാപിച്ചത്.
പ്രോസിക്യൂഷന് ഭാഗത്തുനിന്നും 20 സാക്ഷികളേയും 35 രേഖകളും 1 തൊണ്ടിവസ്തുവും തെളിവുകളായി നല്‍കിയിരുന്നു. കൊടുങ്ങല്ലൂര്‍ പോലീസ് സബ്ബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന ഇ. ആര്. ബൈജു രജിസ്റ്റര്‍ ചെയ്ത കേസ്സില്‍ ഇന്‍സ്പെക്ടര്‍ ആയിരുന്ന പി.കെ. പത്മരാജനാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. വിജു വാഴക്കാല ഹാജരായി. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ടി.ആര്. രജിനി പ്രോസിക്യൂഷന് നടപടികള്‍ ഏകോപിപ്പിച്ചു.
പോക്സോ നിയമത്തിന്റെ 6-ാം വകുപ്പ് പ്രകാരം 10 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും പിഴയൊടുക്കാതിരുന്നാല്‍ ആറു മാസം വെറും തടവും കൂടാതെ, പോക്സോ നിയമത്തിന്റെ മറ്റു വകുപ്പുകള്‍ പ്രകാരം 13 വര്‍ഷം വെറും തടവും 60,000 രൂപ പിഴയും പിഴയൊടുക്കാതിരുന്നാല്‍ ഏഴു മാസം വെറും തടവും അതിനുപുറമെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം 12 വര്‍ഷം വെറും തടവും 60,000 രൂപ പിഴയും പിഴയൊടുക്കാതിരുന്നാല്‍ ഏഴു മാസം വെറും തടവിനുമാണ് ശിക്ഷിച്ചത്. പ്രതിയെ വിയ്യൂര്‍ ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു. പിഴ സംഖ്യ ഈടാക്കിയാല്‍ ആയത് ഇരയ്ക്ക് നഷ്ടപരിഹാരമായി നല്കുവാനും ഉത്തരവില്‍ നിര്‍ദ്ദേശമുണ്ട്.