ഇരിങ്ങാലക്കുട കോയമ്പത്തൂര്‍ യാത്ര ഇനി കെഎസ്ആര്‍ടിസിയില്‍
കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഫ്ളാഗ് ഓഫ് ചെയ്തു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയില്‍ നിന്നും കോയമ്പത്തൂരിലേക്ക് കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസിന്റെയും ശിവരാത്രി പ്രത്യേക കെഎസ്ആര്‍ടിസി സര്‍വീസുകളുടെയും ഫ്ളാഗ് ഓഫ് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു. ഇരിങ്ങാലക്കുടക്കാര്‍ക്കായി നാല് സര്‍വീസുകള്‍ കൂടി പുതിയതായി തുടങ്ങാന്‍ ഉദ്ദേശിക്കുന്നതായി മന്ത്രി പറഞ്ഞു. ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ് കുമാര്‍ അധ്യക്ഷയായി.
ചാലക്കുടി എടിഒ കെ.ജെ. സുനില്‍, വാര്‍ഡ് കൗണ്‍സിലര്‍ അമ്പിളി ജയന്, കെഎസ്ആര്‍ടിസി വികസന സമിതി കണ്‍വീനര്‍ ജയന് അരിമ്പ്ര, കൂടല്‍മാണിക്യം ദേവസ്വം ചെയര്മാന് പി.കെ. ഗോപി, ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസി ഇന്‍സ്പെക്ടര്‍ ഇന്‍ ചാര്‍ജ് ടി.കെ. കൃഷ്ണകുമാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കോയമ്പത്തൂര്‍ സര്‍വീസ് ഇരിങ്ങാലക്കുടയില്‍ നിന്നും രാവിലെ 5.45ന് പുറപ്പെടും. തൃശൂര്‍, വടക്കഞ്ചേരി, പാലക്കാട്, വാളയാര്‍ വഴി 10.05 ന് കോയമ്പത്തൂരില്‍ എത്തും. കോയമ്പത്തൂരില്‍ നിന്നും തിരികെ 10.35 ന് പുറപ്പെടുന്ന ബസ് ഇതേ റൂട്ടിലൂടെ ഉച്ചതിരിഞ്ഞു മൂന്ന് മണിക്ക് ഇരിങ്ങാലക്കുടയിലെത്തും. തുടര്‍ന്ന് 3.30 ന് പുറപ്പെടുന്ന ബസ് രാത്രി 7.55 ന് കോയമ്പത്തൂരില്‍ എത്തിച്ചേരുകയും രാത്രി 8.25 ന് തിരികെ പുറപ്പെട്ട് അര്‍ധരാത്രി 12.40 ന് ഇരിങ്ങാലക്കുടയില്‍ സര്‍വീസ് അവസാനിപ്പിക്കും.