തിരഞ്ഞെടുപ്പ് കഴിയുന്നതോടെ മുറുക്കി ഉടുക്കാന്‍ മുണ്ട് പോലും ഇല്ലാത്ത അവസ്ഥയില്‍ കോണ്‍ഗ്രസ്സ് എത്തിച്ചേരും: എ.പി. അബ്ദുള്ളക്കുട്ടി
ഇരിങ്ങാലക്കുട: തിരഞ്ഞെടുപ്പ് കഴിയുന്നതോടെ മുറുക്കി ഉടുക്കാന്‍ മുണ്ട് പോലും ഇല്ലാത്ത അവസ്ഥയില്‍ കോണ്‍ഗ്രസ് എത്തിച്ചേരുമെന്ന് ബിജെപി ദേശീയ വൈസ്പ്രസിഡന്റ് എ പി അബ്ദുള്ളക്കുട്ടി. എന്‍ഡിഎ ഇരിങ്ങാലക്കുട നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് മുണ്ടു മുറുക്കി ഉടുക്കാനാണ് രാഹുല്‍ ഗാന്ധി പറയുന്നത്. 60 കൊല്ലം ഭരിച്ച കോണ്‍ഗ്രസ്സ് നേതാക്കള്‍ അഴിമതി നടത്തി പണം സ്വന്തം പോക്കറ്റിലാക്കുകയായിരുന്നു.
കോണ്‍ഗ്രസിന് ദില്ലിയില്‍ ഒരു ഓഫീസ് പോലുമില്ല. പക്ഷെ ചിദംമ്പരത്തിന് യൂറോപ്പില്‍ ഫാം ഹൗസുകള്‍ ഉണ്ട്.രാഹുല്‍ ഗാന്ധിയുടെ പുതിയാപ്പിള റോബര്‍ട്ട് വധേരയ്ക്ക് ഇംഗ്ലണ്ടില്‍ കൊട്ടാര സദൃശമായ ഫ്ലാറ്റുകള്‍ ഉണ്ട്. ഈ രണ്ടാളില് നിന്ന് മാത്രം സംഭാവന വാങ്ങിയാല്‍ ഇലക്ഷന് ഫണ്ട് ആവശ്യത്തിന് കോണ്‍ഗ്രസിന് ലഭിക്കും. പൊതുപ്രവര്‍ത്തനത്തെ സേവന പ്രവര്‍ത്തനം ആക്കി മാതൃക സൃഷ്ടിച്ച ആളാണ് സുരേഷ് ഗോപി എന്ന് അബ്ദുള്ളക്കുട്ടി ചൂണ്ടിക്കാട്ടി.
ഠാണാ പൂതംകുളം മൈതാനിയില്‍ വച്ച് നടന്ന കണ്‍വെന്‍ഷനില്‍ എന്‍ ഡി എ ഇരിങ്ങാലക്കുട നി:മണ്ഡലം ചെയര്മാന് കൃപേഷ് ചെമ്മണ്ട അധ്യക്ഷത വഹിച്ചു. എന്‍ ഡി എ നേതാക്കളായ കെ പി സരേഷ്, പി കെ പ്രസന്നന്,ജയചന്ദ്രന്, പി എസ് സുബീഷ്, അഡ്വ റൈജോ മംഗലന്‍, കവിതാ ബിജു, സന്തോഷ് ചെറാക്കുളം, കെ സി വേണുമാസ്റ്റര്‍, ഷൈജു കുറ്റിക്കാട്ട്, എ വി രാജേഷ്,വിപിന്‍ പാറമേക്കാട്ടില്‍, നന്ദനന്‍ എന്നിവര്‍ സംസാരിച്ചു.