റവ.ഡോ. ജോസ് തെക്കന്‍ ബെസ്റ്റ് ടീച്ചര്‍ അവാര്‍ഡ് ഡോ. രഞ്ജിത്ത് തോമസിന് സമ്മാനിച്ചു
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് ദേശീയ തലത്തില്‍ മികച്ച കോളജ് അധ്യാപകന് നല്‍കിവരുന്ന ഈ വര്‍ഷത്തെ റവ.ഡോ. ജോസ് തെക്കന്‍ ബെസ്റ്റ് ടീച്ചര്‍ അവാര്‍ഡ് ചങ്ങനാശേരി സെന്റ് ബര്‍ക്കുമാന്‍സ് കോളജില്‍ രസതന്ത്ര വിഭാഗത്തില്‍ അധ്യാപകനും ഗവേഷകനുമായ ഡോ. രഞ്ജിത്ത് തോമസിന് സമ്മാനിച്ചു. അധ്യാപന രംഗത്തെ മികവിനൊപ്പം ഗവേഷണ മികവും ശാസ്ത്ര മേഖലയിലെ പ്രസിദ്ധീകരണങ്ങളും കലാസാംസ്കാരിക സാമൂഹിക രംഗങ്ങളിലെ സജീവ പ്രവര്‍ത്തനങ്ങളും പരിഗണിച്ചാണ് ഡോ. രഞ്ജിത്ത് തോമസിനെ അവാര്‍ഡിനായി തെരഞ്ഞെടുത്തത്. 50,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ ആയിരിക്കെ അന്തരിച്ച റവ.ഡോ. ജോസ് തെക്കന്റെ സ്മരണാര്‍ഥം സ്ഥാപിതമായ ഈ അവാര്‍ഡ്. ക്രൈസ്റ്റ് കോളജ് ഡോ. ജോസ് തെക്കന്‍ സെമിനാര്‍ ഹാളില്‍ വച്ച് നടത്തപ്പെട്ട അവാര്‍ഡ് ദാന ചടങ്ങില്‍ ബംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലറും ഇപ്പോള്‍ സിഎംഐ കോട്ടയം പ്രോവിന്ഷ്യലുമായ റവ.ഡോ. അബ്രാഹം വെട്ടിയാങ്കല്‍ ഡോ. രഞ്ജിത്തിന് അവാര്‍ഡ് സമ്മാനിച്ചു. കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. സിഎംഐ തൃശൂര്‍ ദേവമാതാ പ്രോവിന്ഷ്യല് റവ.ഡോ. ജോസ് നന്തിക്കര അനുഗ്രഹ പ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ്, പ്രഫ. വി.പി. ആന്റോ, പ്രഫ. ഷീബ വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.