അധികൃതര് കനിഞ്ഞില്ല; തുനിഞ്ഞിറങ്ങി കര്ഷകര്, കോന്തിപുലം കനാലില്നിന്ന് ചണ്ടി നീക്കിയത് കര്ഷകര്
മാടായിക്കോണം: അധികൃതര് അനങ്ങാപ്പാറ നയം സ്വീകരിച്ചതോടെ കര്ഷകര് നേരിട്ടിറങ്ങി ചണ്ടി നീക്കി കോന്തിപുലം കനാലിലെ നീരൊഴുക്ക് പുനഃസ്ഥാപിച്ചു. കോന്തിപുലം പാലത്തിന് താഴെ കനാലില് അടിഞ്ഞുകൂടിയ ചണ്ടിയും കുളവാഴകളുമാണ് കര്ഷകരുടെ നേതൃത്വത്തില് വൃത്തിയാക്കിയത്. ചണ്ടി നിറഞ്ഞ് നീരൊഴുക്ക് നിലച്ചതോടെ കൃഷി വൈകുമെന്ന ആശങ്കയിലായിരുന്നു കര്ഷകര്. ഇത് നീക്കി തരണമെന്ന് ജലസേചന വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നതായി കര്ഷകര് പറഞ്ഞു.
കഴിഞ്ഞ മാസങ്ങളില് പെയ്തമഴയില് ജലനിരപ്പുയര്ന്നതോടെ മുരിയാട് കോള്മേഖലയിലെ പാടശേഖരങ്ങളോട് ചേര്ന്നുള്ള കുളങ്ങളില് നിന്നുള്ള ചണ്ടികളാണ് കനാലിലേക്ക് ഒഴുകിയെത്തിയത്. വളരെ വീതിയുള്ള കെഎല്ഡിസി കനാല് പാലം നിര്മിക്കുന്നതിനായി കോന്തിപുലത്ത് കുപ്പിക്കഴുത്ത് പോലെ ചെറുതാക്കിയിരിക്കുകയാണെന്ന് കര്ഷകര് പറഞ്ഞു.
ഈ ഭാഗത്താണ് ചണ്ടി അടിഞ്ഞുകൂടി നീരൊഴുക്ക് തടസപ്പെട്ടിരുന്നത്. ചണ്ടി നിറഞ്ഞതോടെ കരുവന്നൂര് പുഴയിലെ എല്ലാ ഷട്ടറുകളും തുറന്നിട്ടും മുരിയാട് കോള് മേഖലയില്നിന്ന് വെള്ളം സുഗമമായി ഒഴുകിപ്പോകാന് കഴിയാത്ത അവസ്ഥയായിരുന്നു. മുരിയാട് കോള് മേഖലയിലെ പല പാടശേഖരങ്ങളിലും കൃഷിയിറക്കാനുള്ള പ്രവൃത്തികള് തുടങ്ങിയതോടെ കനാലില് വെള്ളം തടഞ്ഞുനില്ക്കുന്നത് ബുദ്ധിമുട്ടാകുമെന്ന കാരണത്താലാണ് കര്ഷകര് ചണ്ടി നീക്കാന് രംഗത്തിറങ്ങിയത്.