ഗുണ്ടാ മയക്കുമരുന്നു മാഫിയാ സംഘത്തിന്റെ ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു; മൂന്നു പേര് കസ്റ്റഡിയില്‍
കരുവന്നൂര്‍: ഗുണ്ടാ മയക്കുമരുന്നു മാഫിയാ സംഘത്തിന്റെ ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. കരുവന്നൂര്‍ ദുര്‍ഗാനഗര്‍ സ്വദേശികളായ പേച്ചേരി വീട്ടില്‍ സുധാകരന് (50), പേയില്‍ വീട്ടില്‍ സലീഷ് (42) എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ഇരുവര്‍ക്കും തലക്കാണ് പിക്കേറ്റത്. ഇവരെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജിലേക്കും മാറ്റി. സുധാകരന്റെ തലയോട്ടിക്ക് ചിന്നലുണ്ട്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവങ്ങളുടെ തുടക്കം.
ചേലക്കടവ് കോളനിയില്‍ മയക്കുമരുന്നു കച്ചവടം തകൃതിയായി നടക്കുന്നുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. ഇത്തരം വിവരങ്ങള്‍ നല്കുന്ന പ്രദേശവാസികളുമായി ഈ സംഘം പലപ്പോഴും സംഘര്‍ഷം നടക്കാറുണ്ട്. കഴിഞ്ഞ ദിവസം രാത്രിയില്‍ പ്രദേശത്ത് മാരകായുധങ്ങളുമായി ഒരു കൂട്ടം ആളുകള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. പോലീസില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി തിരിച്ചുപോയിരുന്നു.
ഇതിനുശേഷം വീണ്ടും ഇതുവഴി വാഹനങ്ങളില്‍ കടന്നുപോകുന്നവരെ ഈ സംഘം പ്രത്യേകം നിരീക്ഷിച്ച ശേഷമായിരുന്നു കടത്തിവിട്ടിരുന്നത്. അങ്ങനെ ഇതുവഴി ബൈക്കില്‍ വന്ന സുധാകരനെയും സലീഷിനെയും ഈ സംഘം ആക്രമിക്കുകയായിരുന്നു. ഇരുമ്പു വടിക്കാണ് ഇരുകൂട്ടര്‍ക്കും തലക്കടിയേറ്റത്. ഇരുവരും തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. സംഭവമറിഞ്ഞെത്തിയ പോലീസ് സംഘം വ്യാപകമായി തെരച്ചില്‍ നടത്തി.
മൂര്‍ക്കനാട്, പൊറത്തിശേരി എന്നിവിടങ്ങളിലെ താമസക്കാരായ മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. സ്ഥലത്ത് പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇന്നലെ ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. ആറുമാസം മുമ്പും ഇതുപോലെ സംഘട്ടനം നടന്നട്ടുണ്ട്. കണക്കന്‍കടവ് പാലത്തിനു സമീപം വച്ച് സുധാകരനും കൂട്ടുകാര്‍ക്കുമാണ് അന്ന് മര്‍ദനമേറ്റിരുന്നത്. സംഘട്ടനം നടക്കുന്നുണ്ടെന്ന് വിവരം അറിഞ്ഞ് പോലീസ് വരുന്നത് കണ്ട പ്രതികള്‍ പാലത്തില്‍നിന്നും പുഴയിലേക്ക് ചാടി രക്ഷപ്പെടുകയാണ് അന്ന് ചെയ്തത്.
പോലീസിന്റെ പ്രത്യേക നിരീക്ഷണം വേണം
കരുവന്നൂര്‍, മൂര്‍ക്കനാട്, മാപ്രാണം മേഖലകളില്‍ പോലീസിന്റെയും എക്സൈസ് സംഘത്തിന്റെയും പ്രത്യേക നിരീക്ഷണം ശക്തമാക്കണമെന്നാവശ്യം ശക്തമായി. കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് ുണ്ടാ സംഘത്തിന്റെ പകപോക്കലില്‍ രണ്ടു പേരുടെ ജീവന് നഷ്ടപ്പെട്ടതിലെ പ്രതികളെ ഇനിയും പിടികൂടാനുണ്ട്. ഈ കേസില്‍ മുഖ്യപ്രതികള്‍ മൂര്‍ക്കനാട് പ്രദേശത്തുള്ളവര്‍ തന്നെയായിരുന്നു.
രണ്ടുമാസം മുമ്പ് പട്ടാപകല്‍ വീടുകയറി വൃദ്ധയെയും യുവതിയായ മകളെയും മരുമകനെയും ഇവരുടെ പിഞ്ചുകുഞ്ഞിനെയും വടിവാള്‍ വീശി വെട്ടി പരിക്കേല്പിച്ച കേസിലെ പ്രതിയെയും ഇതുവരെ പിടികൂടാനായിട്ടില്ല. കുറച്ച് ആഴ്ചകള്‍ക്ക് മുമ്പ് മാപ്രാണത്തെ ഹോട്ടലുകളില്‍ കയറി അക്രമം അഴിച്ചുവിട്ട സംഘത്തെയും ഇതുവരെയും പിടികൂടാനായിട്ടില്ല. ഈ കൃത്യങ്ങളെല്ലാം നടന്നിരിക്കുന്നത് ലഹരിക്കടിമയായവരാണ് എന്നുള്ളതാണ് ഏറെ ആശങ്കപ്പെടുത്തുന്നത്. കുറച്ചു ദിവസം മുമ്പ് മാപ്രാണം ജംഗ്ഷനിലെ എടിഎം ല്‍ നിന്നാണ് കവര്‍ച്ചയും നടന്നത്.