വീട് കുത്തിത്തുറന്ന് മോഷണം; പ്രതി അറസ്റ്റില്
ഇരിങ്ങാലക്കുട: മാപ്രാണത്ത് ക്രിസ്മസ് രാത്രി വീട് കുത്തിത്തുറന്ന് നാല് പവന് സ്വര്ണാഭരണം മോഷ്ടിച്ച കേസില് മാപ്രാണം സ്വദേശി കേലംപറമ്പില് ശക്തിയെ (20) അറസ്റ്റ് ചെയ്തു. റൂറല് എസ് പി ബി. കൃഷ്ണകുമാറിന്റെ നിര്ദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ.ജി. സുരേഷിന്റെ നേതൃത്വത്തില് ഇന്സ്പെക്ടര് അനീഷ് കരീം അറസ്റ്റു ചെയ്തത്. ഇക്കഴിഞ്ഞ ക്രിസ്മസ് രാത്രിയാണ് കേസിനാസ്പദമായ സംഭവം. രാത്രി പത്തരയോടെ പാതിരാ കുര്ബാനക്ക് പോയ മഞ്ഞളി ലിജിയുടെ
വീട്ടിലാണ് മോഷണം നടന്നത്. പിന്വാതില് കുത്തിത്തുറന്ന് അകത്തു കടന്ന മോഷ്ടാവ് അലമാരയിലെ ബാഗില് സൂക്ഷിച്ചിരുന്ന നാല് പവന് തൂക്കമുള്ള സ്വര്ണ്ണ മാലയും കുരിശുമാണ് അപഹരിച്ചത്. പുലര്ച്ചെ മൂന്നരയോടെ ലിജിയും കുടുംബാംഗങ്ങളും തിരിച്ചെത്തിയപ്പോഴാണ് വീട് കുത്തിപ്പൊളിച്ച നിലയില് കാണുന്നത്.
വിവരം അറിഞ്ഞെത്തിയ പോലീസ് സംഘം ഉടന് തന്നെ അന്വേഷണം ആരംഭിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങള് കേന്ദ്രീകരിച്ചുമായിരുന്നു അന്വേഷണം. മോഷണ ശേഷവും ഭാവഭേദമില്ലാനെ സുഹൃത്തുക്കളുമായി സംസാരിച്ചും ക്രിസ്മസ് ആഘോഷത്തില് പങ്കെടുത്തും നടന്ന പ്രതി പിറ്റേന്ന് സാധാരണ പോലെ ജോലിക്ക് പോയി. ബന്ധുവീടുകളും നന്ദര്ശിച്ചു. മോഷ്ടിച്ച സ്വര്ണ്ണം ചേര്പ്പില് കൊണ്ടുപോയി വിറ്റ ശേഷം ആ കടയില് നിന്നുതന്നെ പുതിയ ഒരു സ്വര്ണ്ണമാല വാങ്ങുകയും ചെയ്തു. രണ്ടു ദിവസം കഴിഞ്ഞ് ഒരു സ്കൂട്ടറും വാങ്ങി. ഇതെല്ലാം പോലീസ് കണ്ടെടുത്തിട്ടുണ്ട്. കോടതിയില് ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ഇരിങ്ങാലക്കുട എസ്ഐ ദിനേഷ് കുമാര്, സി.എം. ക്ലീറ്റസ്, കെ. സുധാകരന്, എഎസ്ഐ ലാല്ജി, സീനിയര് സിപിഒ മാരായ ഇ.എസ്. ജീവന്, എം.ആര്. രഞ്ജിത്ത്, രാഹുല് അമ്പാട്ട്, കെ.എസ്. ഉമേഷ്, എം.എ. ഹബീബ്, വിപിന് വെള്ളാപറമ്പില്, ജോവിന് ജോയ്, ഫ്രെഡി എന്നിവരാണ് അന്വേഷണ സംഘത്തില് ഉണ്ടായിരുന്നത്.