പ്ലസ് ടു ഹ്യുമാനിറ്റീസ് പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്ക് നേടിയ ഫദ്വ ഫാത്തിമക്ക് മന്ത്രി ഡോ. ആര്. ബിന്ദുവിന്റെ ആദരം

പ്ലസ് ടു ഹ്യുമാനിറ്റീസ് പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടി ഉന്നത വിജയം നേടിയ ഫദ്വ ഫാത്തിമയെ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു വീട്ടില്‍ നേരിട്ടെത്തി പൊന്നാടയും ഫലകവും നല്കി അനുമോദിക്കുന്നു.
ഇരിങ്ങാലക്കുട: പ്ലസ് ടു ഹ്യുമാനിറ്റീസ് പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടി ഉന്നത വിജയം നേടിയ ഫദ്വ ഫാത്തിമയെ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു വീട്ടില്‍ നേരിട്ടെത്തി പൊന്നാടയും ഫലകവും നല്കി അനുമോദിച്ചു. ഇരിങ്ങാലക്കുട നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിനിയായ ഫദ്വ ഫാത്തിമ 1200 ല്‍ 1200 മാര്‍ക്കും നേടിയാണ് മിന്നും വിജയം കരസ്ഥമാക്കിയത്. വായനയിലും, പെന്‍സില്‍ ഡ്രോയിംഗിലും തല്പരയായ ഫദ്വക്ക് ഹിന്ദി, അറബിക് ഭാഷകളില്‍ ഉപന്യാസ രചനയില്‍ ജില്ലാതലത്തില്‍ എ ഗ്രേഡും ലഭിച്ചിട്ടുണ്ട്. എടതിരിഞ്ഞി ചൂലൂക്കാരന്‍ വീട്ടില്‍ ഷാജിയുടെയും ഷഫ്നയുടെയും മകളാണ് ഫദ്വ. ഫ്രേയ സഹോദരിയും ഫാദില്‍ സഹോദരനുമാണ്.
തുടര്‍പഠനത്തിനായി ബാംഗ്ലൂര്‍ സെന്റ് ജോസഫ്സ് യൂണിവേഴ്സിറ്റിയില്‍ ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്സ് ട്രിപ്പിള്‍ മെയിന്‍ ഓണേഴ്സിനു ചേര്‍ന്നിരിക്കുകയാണ് ഫദ്വ ഫാത്തിമ. അഭിമാനനേട്ടം കരസ്ഥമാക്കിയ ഫദ്വ ഫാത്തിമയോട് അഭിരുചിക്കനുസരിച്ച് പഠനം തുടരാനും ഭാവിയില്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ വിജയം നേടാന്‍ സാധിക്കട്ടെ എന്നും മന്ത്രി ഡോ. ആര്. ബിന്ദു ആശംസിച്ചു. സിപിഎം ലോക്കല്‍ സെക്രട്ടറി ഒ.എന്‍. അജിത് കുമാര്‍, ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ എം.എ. ദേവാനന്ദന്, അശോകന് കൂനക്കാംപ്പുള്ളി, ടി.ബി. ഹുസൈന് ഖാന്, കെ.എം. സജീവന്, എ.എം. ഷണ്മുഖന്, ഒ.ജെ. ജോജി, ബ്രാഞ്ച് സെക്രട്ടറിമാരായ മാഹിന്‍ അലി, നെജീബ്, പാര്‍ട്ടി അംഗങ്ങളായ എ.കെ. ശശീന്ദ്രന്, ലിനേഷ്, ശിവരാമന്, സുമേഷ്, സിപിഐ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ലത സഹദേവന്, മനോഹരന് എന്നിവര്‍ അഭിനന്ദന ചടങ്ങില്‍ പങ്കെടുത്തു.