വീട്ടില്‍കയറി മോഷണം; തിരുനെല്‍വേലി സ്വദേശികളായ രണ്ട് സ്ത്രീകള്‍ അറസ്റ്റില്‍

നാഗമ്മ, മീന.
ഇരിങ്ങാലക്കുട: വീട്ടില്‍കയറി മോഷണം നടത്തിയ കേസില്‍ തിരുനെല്‍വേലി സ്വദേശികളായ രണ്ട് സ്ത്രീകള്‍ അറസ്റ്റില്‍. തമിഴ്നാട് തിരുനല്‍വേലി സ്വദേശിനികളായ തൃശൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം താമസിക്കുന്ന നാഗമ്മ (49), മീന (29) എന്നിവരെയാണ് ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 17ന് ഉച്ചക്ക് ഒരുമണിക്ക് മുമ്പായി മാടായിക്കോണം തളിയക്കോണം സ്വദേശിയായ കൂട്ടുമാകാക്കല് വീട്ടില്‍ അജയകുമാറിന്റെ വീടിന്റെ ലോക്ക് പൊട്ടിച്ച് അകത്ത് കയറി വീടിനുള്ളില്‍ സൂക്ഷിച്ചിരുന്ന 15000 (പതിനയ്യായിരം) രൂപ വില വരുന്ന ഓട്ടുരുളിയും മറ്റ് പാത്രങ്ങളും മോഷണം ചെയ്ത് കൊണ്ടുപോയ സംഭവത്തിന് അജയകുമാറിന്റെ പരാതിയില്‍ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
അജയകുമാര്‍ വീട്ടില്‍ ഇല്ലാത്ത സമയത്താണ് മോഷണം നടന്നത്. ഉച്ചക്ക് ഒരു മണിയോടെ വീട്ടില്‍ തിരിച്ചുവന്നപ്പോഴാണ് വീടിന്റെ ഗ്രില്‍ തുറന്നു കിടക്കുന്നതും മോഷണം നടന്നതും അറിയുന്നത്. അയല്പക്കത്ത് വിവരം അറിയിച്ചപ്പോള്‍ രണ്ട് തമിഴ് സ്ത്രീകള്‍ അല്പം മുന്‍പ് പോകുന്നത് കണ്ടു അവരെ സംശയമുണ്ട് എന്നറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മാപ്രാണം വര്‍ണ തീയേറ്ററിന് സമീപത്ത് ചാക്ക് കെട്ടുമായി നടന്നുപോകുന്ന പ്രതികളെ കണ്ടു നാട്ടുകാര്‍ തടഞ്ഞുവച്ച് പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പ്രതികളെ കസ്റ്റഡിയില്‍ എടുത്ത് വനിതാ പോലീസ് സ്റ്റേഷനില്‍ കൊണ്ടുവന്ന് ഇവരുടെ കൈവശത്തിലുള്ള ചാക്കുകെട്ടുകള്‍ പരിശോധിച്ചതില്‍ അജയകുമാറിന്റെ വീട്ടില്‍ നിന്ന് മോഷണം പോയ വസ്തുക്കള്‍ കണ്ടെടുത്തു.
തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. നടപടിക്രമങ്ങള്‍ക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയതില്‍ ഇവരെ റിമാന്‍ഡ് ചെയ്തു. മീന തൃശൂര്‍ വെസ്റ്റ് പോലീസ് സ്റ്റേഷനിലും മാള പോലീസ് സ്റ്റേഷനിലും ഓരോ മോഷണക്കേസിലെ പ്രതിയാണ്. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എം.എസ്. ഷാജന്, സബ് ഇന്‍സ്പെക്ടര്‍ പി.ആര്. ദിനേഷ്കുമാര്‍, എഎസ്ഐ മെഹറുന്നീസ, വത്സല, സിപിഒ മാരായ, ടെസ്നി ജോസ്, കമല്‍കൃഷ്ണ, സിനോജ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.