സ്വത്ത് തര്‍ക്കത്തില്‍ അനുജനെ കൊലപ്പെടുത്തി; പ്രതി കുറ്റക്കാരനെന്നു കോടതി. ശിക്ഷ 23ന് പ്രസ്താവിക്കും

പോള്‍.
ഇരിങ്ങാലക്കുട: അനുജനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ജ്യേഷ്ഠനെ കുറ്റക്കാരനെന്നു കോടതി കണ്ടെത്തി. മാള കുമ്പിടി സ്വദേശി ആലത്തൂര്‍ നാലുകണ്ടന്‍ വീട്ടില്‍ പോള്‍ (67) നെയാണ് ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി എന്‍. വിനോദ്കുമാര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. 2020 സെപ്റ്റംബര്‍ 22 നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് പലപ്പോഴായുള്ള വഴക്കിനെ തുടര്‍ന്നുള്ള വൈരാഗ്യത്താല്‍ പ്രതി സഹോദരനായ ആന്റുവിനെ (56 ) കൊലപ്പെടുത്തിയെന്നാണ് കേസ്. സ്വത്ത് ഭാഗം വെക്കാത്ത പറമ്പില്‍ പ്രതി വാഴക്കുഴി ഉണ്ടാക്കിയത് ആന്റു മണ്ണിട്ടു മൂടിയിരുന്നു. തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ ഇരുമ്പ് കമ്പി വടി കൊണ്ട് ആന്റുവിന്റെ മുഖത്തും കഴുത്തിലും തലയിലും അടിച്ച് മാരകമായി പരിക്ക് ഏല്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.
മാള എസ്എച്ച്ഒ ആയിരുന്ന വി സജിന്‍ ശശിയാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ കോടതി ജഡ്ജി എന്‍. വിനോദ് കുമാര്‍ ആണ് പ്രതിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. പ്രതിയെ വിയ്യൂര്‍ ജില്ലാ ജയിലിലേയ്ക്ക് റിമാന്‍ഡ് ചെയ്തു. പ്രതിക്കുള്ള ശിക്ഷ 23ന് പ്രസ്താവിക്കും. പ്രോസിക്യൂഷന് ഭാഗത്തു നിന്നും 30 സാക്ഷികളെ വിസ്തരിക്കുകയും 19 തൊണ്ടി മുതലുകളും 53 രേഖകളും ഹാജരാക്കി തെളിവ് നല്‍കിയിരുന്നു. പ്രതി ഭാഗത്തു നിന്നും ഒരു രേഖയും ഒരു സാക്ഷിയേയും തെളിവായി നല്‍കിയിരുന്നു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. വിജു വാഴക്കാല, അഡ്വ. ജോജി ജോര്‍ജ (പബ്ലിക് പ്രോസിക്യൂട്ടര്‍ ഇരിങ്ങാലക്കുട), അഡ്വ. ശ്രീദേവ് തിലക്, അഡ്വ. റെറ്റൊ വിന്‍സന്റ് എന്നിവര്‍ ഹാജരായി. ലെയ്സണ്‍ ഓഫീസര്‍ സിപിഒ കെ.വി. വിനീഷ് പ്രോസിക്യൂഷന് നടപടികള്‍ ഏകോപിപ്പിച്ചു.