മദ്യപിച്ചതിന്റെ പണം ചോദിച്ചതിലുള്ള വൈരാഗ്യം; ബാറിലെ ജീവനക്കാരനു മര്‍ദനം, രണ്ടു പേര് അറസ്റ്റില്‍

ബിന്‍ഷാദ്, ഷൈജു.
കാട്ടൂര്‍: മദ്യപിച്ചതിന്റെ പണം ചോദിച്ചതിലുള്ള വൈരാഗ്യത്തില്‍ ബാറിലെ ജീവനക്കാരനെ മര്‍ദിച്ച സംഭവത്തില്‍ രണ്ടു പേര് അറസ്റ്റില്‍. വാടാനപ്പിള്ളി ബീച്ച് സ്വദേശി പടിയത്ത് വീട്ടില്‍ ബിന്‍ഷാദ് (36), കാട്ടൂര്‍ പറയന്‍കടവ് സ്വദേശി കരിപ്പാടത്ത് വീട്ടില്‍ ഷൈജു (41) എന്നിവരെയാണ് കാട്ടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 17ന് രാത്രി 10.30 ന് കാട്ടൂരുള്ള ബാറില്‍ എത്തി മദ്യപിക്കുകയും മദ്യപിച്ചതിന്റെ പണം ചോദിച്ചതിലുള്ള വൈരാഗ്യത്താല്‍ ബാറിലെ ജീവനക്കാരനായ രവീന്ദ്രന് എന്നയാളെ അസഭ്യം പറയുകയും തുടര്‍ന്ന് പുറത്തിറങ്ങി സെക്യൂരിറ്റി ജോലി ചെയ്യുന്ന സെബാസ്റ്റ്യന്‍ (64) നെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു.
കാട്ടൂര്‍ പോലീസ് സ്റ്റേഷന് റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട ബിന്‍ഷാദ് വാടാനപ്പള്ളി, ചാവക്കാട്, വടക്കേക്കാട്, വിയ്യൂര്‍, കുറ്റിപ്പുറം പോലീസ് സ്റ്റേഷനുകളില്‍ അഞ്ചു വധശ്രമക്കേസിലും 10 അടിപിടിക്കേസിലും ഒരു കവര്‍ച്ചക്കേസിലും വീടുകയറി ആക്രമണം നടത്തിയ രണ്ട് കേസിലും പോലീസുദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസപ്പെടുത്തിയ കേസിലും ഒരു പോക്സോ കേസിലും മയക്കുമരുന്ന് വില്പനക്കായി കൈവശം സൂക്ഷിച്ച കേസിലും അനധികൃതമായി ആയുധം കൈവശം വെച്ച ഒരു കേസിലും അടക്കം 22 ക്രമിനല്‍ കേസുകളിലെ പ്രതിയാണ്.
വാടാനപ്പിള്ളി പോലീസ് സ്റ്റേഷന് റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട ഷൈജു മൂന്നു കവര്‍ച്ചക്കേസിലും, നാലു വധശ്രമക്കേസിലും, തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്താന്‍ ശ്രമിച്ച ഒരു കേസിലും, രണ്ട് അടിപിടിക്കേസിലും, ഒരു മോഷണക്കേസിലും, മയക്കുമരുന്ന് വില്പനക്കായി കൈവശം സൂക്ഷിച്ച ഒരു കേസിലും അടക്കം 12 ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്. കാട്ടൂര്‍ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ഇ.ആര്. ബൈജു, സബ് ഇന്‍സ്പെക്ടര്‍മാരായ ബാബു, സനദ്, രമേഷ്, നൗഷാദ്, ഫ്രാന്‍സിസ്, എസ്സിപിഒ മാരായ ഷൗക്കര്‍, ജിതേഷ്, മിഥുന്, ഹരിശങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.