കൂടല്‍മാണിക്യം ഉത്സവം;ഫിറ്റ്നസ് കടമ്പ കടന്ന് കൊമ്പന്മാര്
കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ എഴുന്നള്ളിക്കുന്ന ആനകളെ ഉദ്യോഗസ്ഥസംഘം പരിശോധിക്കുന്നു.
ആനകളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ വനം വകുപ്പും മൃഗ സംരക്ഷണ വകുപ്പും
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യ ക്ഷേത്രോത്സവ ആനയെഴുന്നള്ളിപ്പിന് സജ്ജീകരണങ്ങള്‍ വിപുലമാക്കി. നിയന്ത്രണങ്ങള്‍ ശക്തവുമാക്കി. ആനയെഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ദേവസ്വം ഭരണസമിതിയംഗം ചുമതലയുള്ള കമ്മിറ്റി രൂപീകരിച്ച് മേല്‍നോട്ടം വഹിക്കുന്നുണ്ട്. നാട്ടാന പരിപാലന ചട്ടം കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും എഴുന്നള്ളിപ്പ്. ആനയെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ടുള്ള സര്‍ക്കാര്‍ ഉത്തരവുകളും കോടതി നിര്‍ദേശങ്ങളും കമ്മിറ്റി കര്‍ശനമായി പാലിക്കും. മദപ്പാടുള്ളതോ നീരുള്ളതോ വികൃതികളോ മുന്‍ കാലങ്ങളില്‍ ഇടഞ്ഞ് ആളപായം വരുത്തിയിട്ടുള്ളതോ ആയ ആനകളെ ഒഴിവാക്കുന്നുണ്ട്. ഉത്സവത്തിന് അണിനിരക്കുന്ന ആനകളുടെ ശരീര പരിശോധന നടത്തി. ദേവസ്വം കൊട്ടിലാക്കല്‍ പറമ്പിലാണ് ആനകളുടെ പരിശോധന നടത്തുന്നത്. മൃഗഡോക്ടര്‍മാരും ലൈവ്സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാരുമാണ് പരിശോധനാ സംഘത്തിലുള്ളത്.
മദപ്പാട് കാലം, ശരീരത്തിലെ ഒലിക്കുന്ന വ്രണങ്ങള്‍, മുറിവുകള്‍, പൊതുആരോഗ്യം, അനുസരണ എന്നിവ പ്രധാനമായും ഉറപ്പുവരുത്തും. പാപ്പാന്മാരുടെ ലൈസന്‍സ്, ആനയുടെ ഇന്‍ഷുറന്‍സ് എന്നിവയും പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. തൃശൂര്‍ പൂരം ചടങ്ങുകളില്‍ പങ്കെടുത്തവയാണ് അധികം ആനകളും. പത്ത് ദിവസത്തെ ഉത്സവത്തില്‍ പങ്കെടുക്കുന്ന ആകെ 27 ആനകളെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. ഐസക്ക് സാം, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ഡീന ആന്റണി, പ്രാദേശിക മൃഗസംരക്ഷണ ഓഫീസര്‍മാരായ ഡോ. ഷിബു കെ.വി. ഡോ. മഞ്ജു പി.എം., സീനിയര്‍ വെറ്ററിനറി സര്ജന്മാരായ ഡോ. അഷ്റഫ് അബ്ദുള്‍ റഹ്മാന്, ഡോ. അനീഷ് രാജ്, മയക്കുവെടി വിദഗ്ധരായ ഡോ. വിവേക് കെ., ഡോ. ഗിരീഷ്, വെറ്ററിനറി ഡോക്ടര്‍മാര്‍, ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവരടക്കം 58 അംഗ സംഘമാണ് പരിശോധനയില്‍ പങ്കെടുത്തത്.
ആനകളുടെ ആരോഗ്യനില, മദപ്പാട്, ജനങ്ങളോടുള്ള ഇണക്കം, പാപ്പാനോടുള്ള അനുസരണം തുടങ്ങിയ ഘടകങ്ങള്‍ സംഘം വിശദമായി വിലയിരുത്തി. ജനക്കൂട്ടത്തില്‍ നിന്ന് മതിയായ അകലം പാലിച്ച് നാട്ടാന പരിപാലന ചട്ടപ്രകാരമുള്ള നിര്‍ദേശങ്ങള്‍ അനുസരിച്ച് എഴുന്നള്ളിപ്പ് നടത്തുവാന്‍ സംഘം നിര്‍ദ്ദേശിച്ചു. കഠിനമായ വേനല്‍ചൂട് പരിഗണിച്ച് ആനകള്‍ക്ക് മതിയായ കുടിവെള്ളം, തണ്ണിമത്തന്, വെള്ളരിക്ക എന്നിവ ഉള്‍പ്പടുന്ന ഭക്ഷണം നല്‍കുന്നതിനും, തറ നനച്ച് ചൂട് കുറയ്ക്കുന്നതിനും നിര്‍ദേശം നല്കി.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

നിപ്മറില്‍ വിദ്യാര്‍ഥിനികള്‍ക്ക് റാങ്ക് തിളക്കം
കൂടല്‍മാണിക്യത്തില്‍ സംഗമേശസന്നിധിയില് ഹവിര്ധാന്യവുമായി ഊരാഴ്മക്കാര്‍
പടിയൂര്‍ പഞ്ചായത്തിലെ കുടിവെള്ളക്ഷാമത്തിനെതിരേ കോണ്‍ഗ്രസ് ധര്‍ണ
അവിട്ടത്തൂര്‍ ഉത്സവം കൊടിയേറി
കൂടല്‍മാണിക്യം ക്ഷേത്രോത്സവം; കൊടിപ്പുറത്ത് വിളക്ക് ഭക്തിസാന്ദ്രം, ഇന്ന് ആദ്യ ശീവേലി
ഏഴഴക്…..ആന ചമയങ്ങളൊരുങ്ങി…..ഇനി ഉത്സവമേളം