കൂടല്‍മാണിക്യം ക്ഷേത്രോത്സവം; കൊടിപ്പുറത്ത് വിളക്ക് ഭക്തിസാന്ദ്രം, ഇന്ന് ആദ്യ ശീവേലി
ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ നടന്ന കൊടിപ്പുറത്ത് വിളക്കാഘോഷത്തിനു എഴുന്നള്ളിപ്പിനായി ദേവസ്വത്തിന്റെ സ്വന്തം ആനയായ മേഘാര്ജുനന്റെ പുറത്തേക്ക് തിടമ്പ് ഏറ്റുന്നു.
ഭഗവാന്റെ സ്വന്തം ആനയായ മേഘാര്ജുനന് തിടമ്പേറ്റി
ഇരിങ്ങാലക്കുട: സംഗമപുരിക്ക് ആവേശം പകര്‍ന്ന് കൊടിപ്പുറത്ത് വിളക്ക് ഭക്തിസാന്ദ്രമായി. കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഉത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് ശ്രീകോവിലില്‍നിന്നും ഭഗവാന് ആദ്യമായി പുറത്തേക്ക് എഴുന്നള്ളുന്ന കൊടിപ്പുറത്ത് വിളക്ക് ദര്‍ശിക്കാന്‍ ആയിരങ്ങളാണു എത്തിച്ചേര്‍ന്നത്. വൈകീട്ട് വിശേഷാല്‍ പൂജകള്‍ക്കുശേഷം ദേവനെ ശ്രീകോവിലില്‍നിന്നും തിടമ്പിലേക്ക് ആവാഹിച്ച് പാണികൊട്ടി പുറത്തേക്ക് എഴുന്നള്ളിച്ചു. തുടര്‍ന്ന് ഭഗവാന്റെ സ്വന്തം ആനയായ മേഘാര്ജുനന്റെ പുറത്താണു സംഗമേശ്വര ഭഗവാന് പുറത്തേക്കെഴുന്നള്ളിയത്. ഈശ്വര ചൈതന്യത്തെ തിടമ്പിലാവാഹിച്ച് ഭഗവാന് പുറത്തേക്കെഴുന്നള്ളിയപ്പോള് ക്ഷേത്രാങ്കണത്തില്‍ നിറഞ്ഞുനിന്ന ആയിരകണക്കിനു ഭക്തരുടെ കണ്ഠങ്ങളില്‍ സംഗമേശ്വരമന്ത്രങ്ങളുയര്ന്നു.

ദേവന് ആചാരപ്രകാരമുള്ള പ്രദക്ഷിണം പൂര്‍ത്തിയാക്കി. വിളക്കാചാരം, കേളി, പറ്റ് തുടങ്ങിയവക്കുശേഷം പ്രദക്ഷിണം പൂര്‍ത്തിയാക്കി കിഴക്കെ നടപ്പുരയിലെത്തിയപ്പോഴേക്കും സ്വര്‍ണത്തിലും വെള്ളിയിലും നെറ്റിപ്പട്ടങ്ങള്‍ അണിഞ്ഞ് മറ്റു ഗജവീരന്മാര് വിളക്കെഴുന്നള്ളിപ്പിന് സജ്ജരായികഴിഞ്ഞിരുന്നു. 17 ആനകളാണ് വിളക്കെഴുന്നള്ളിപ്പില്‍ അണിനിരന്നത്. പഞ്ചാരി പടിഞ്ഞാറെനടക്കല് അവസാനിച്ച് തുടര്‍ന്ന് ചെമ്പടകൊട്ടി കിഴക്കേനടക്കല് കലാശിച്ച് മൂന്നു പ്രദക്ഷിണം കൂടി പൂര്‍ത്തിയാക്കി അകത്തേക്കെഴുന്നള്ളിക്കുന്നതോടെ കൊടിപ്പുറത്ത് വിളക്കാഘോഷത്തിനു സമാപ്തിയായി. പെരുവനം പ്രകാശന് മാരാര്‍ പഞ്ചാരിമേളത്തിന് പ്രമാണം വഹിച്ചു. പകല്‍ ശീവേലിക്കും രാത്രി വിളക്കിനും പെരുവനം ശങ്കരനാരായണ മാരാര്‍ പ്രമാണം വഹിക്കും.
കൂടല്‍മാണിക്യം ക്ഷേത്രോത്സവം; കളിവിളക്ക് ഇന്നു തെളിയും, സംഗമപുരിയിലെ കഥകളി പ്രേമികള്‍ക്ക് ഇനി ഉറക്കമില്ലാരാവുകള്‍
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി സ്പെഷ്യല്‍ പന്തലില്‍ ഏഴുദിവസത്തെ കഥകളിക്ക് ഇന്ന് തുടക്കമാവും. സംഗമപുരിയിലെത്തുന്ന കഥകളി പ്രേമികള്‍ക്ക് ഇനി ഉറക്കമില്ലാരാവുകളാണ്. കൂടല്‍മാണിക്യ ക്ഷേത്രോത്സവം കഥകളി പ്രേമികളുടെ ഉത്സവം കൂടിയാണ്. ഇനിയുള്ള ഏഴു രാത്രികള്‍ പ്രഗത്ഭരായ കലാകാരന്മാര് അണിനിരക്കുന്ന കഥകളിയാണു അരങ്ങേറുന്നത്. വിളക്കിനുശേഷം രാത്രി 12 മുതല്‍ പുലര്‍ച്ചെവരെ നീളുന്ന ഏഴുദിവസത്തെ കഥകളി കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന്റെ പ്രത്യേകതയാണ്.
സന്താനഗോപാലം, ദുര്യോധന വധം, കര്‍ണശപഥം, ദക്ഷയാഗം, കാലകേയവധം, ബാലിവിജയം, നളചരിതം രണ്ടാം ദിവസം, കുചേലവൃത്തം, സീതാസ്വയംവരം, കിരാതം, കീചകവധം, ബാലിവധം, ശ്രീരാമ പട്ടാഭിഷേകം എന്നിവയാണു ഈ വര്‍ഷം അവതരിപ്പിക്കുന്ന കഥകള്‍. ആദ്യത്തെ ആറുദിവസം കഥ ഏതായാലും വലിയവിളക്കു ദിവസം ശ്രീരാമപട്ടാഭിഷേകം അവതരിപ്പിക്കുന്നത് നൂറിലധികം വര്‍ഷമായി നിലനില്‍ക്കുന്ന നിഷ്ഠയാണ്. കലാനിലയം രാഘവന്, ഡോ. സദനം കൃഷ്ണന്‍കുട്ടി, കലാനിലയം കരുണാകരകുറുപ്പ്, കലാനിലയം ബാലകൃഷ്ണന്, കലാമണ്ഡലം ബാലസുബ്രഹ്മണ്യന്, കലാനിലയം ഗോപി, കലാമണ്ഡലം ഹരിദാസന്, കലാമണ്ഡലം കൃഷ്ണകുമാര്‍, വെള്ളിനേഴി ഹരിദാസ്, ഏവൂര്‍ രാജേന്ദ്രന്, കലാമണ്ഡലം ഹരി ആര്. നായര്‍, കലാനിലയം ഡോ. ദാമോദരന്‍ നമ്പൂതിരി, കലാനിലയം മധുമോഹന്,
കലാമണ്ഡലം ഹരിനാരായണന്, കലാമണ്ഡലം വിജയകുമാര്‍, കലാനിലയം വിനോദ്, കലാമണ്ഡലം നീരജ്, കലാനിലയം അനില്‍കുമാര്‍, കലാനിലയം അരവിന്ദന്, കലാനിലയം ശ്രീജിത്ത് സുന്ദരന്‍, കലാനിലയം മനോജ്, മധു വാരണാസി, ഡോ. കെ.ആര്. രാജീവ്, ഇ.കെ. വിനോദ് വാര്യര്‍, ആര്.എല്‍.വി. പ്രമോദ്, കലാമണ്ഡലം ആദിത്യന്, കലാമണ്ഡലം അരുണ്‍ രാജു, കലാമണ്ഡലം അരുണ്‍ കുമാര്‍, ഗിരിജാവാര്യര്‍, രഞ്ജിനി സുരേഷ്, ഗീത, സര്‍വതോഭദ്രം ലിന്‍സി, സര്‍വതോഭദ്രം തെന്നല്‍, സര്‍വതോഭദ്രം നന്ദന, സര്‍വതോഭദ്രം ഹരിഗ, സര്‍വതോഭദ്രം സാന്ദ്ര, സര്‍വതോഭദ്രം സൂര്യതേജ്, സര്‍വതോഭദ്രം ദേവ്കൃഷ്ണ, സര്‍വതോഭദ്രം അശ്വതി, സര്‍വതോഭദ്രം ഭദ്ര, സര്‍വതോഭദ്രം ലക്ഷ്മിലേഖ, സര്‍വതോഭദ്രം സൂര്യഗായത്രി, സര്‍വതോഭദ്രം ദിയ, സര്‍വതോഭദ്രം ആരാധ്യ, സര്‍വതോഭദ്രം ദക്ഷ എന്നിവരാണ് വേഷമിടുന്നത്.
സംഗമപുരിയില്‍ ക്ഷേത്രകലകള്‍ക്ക് തുടക്കമായി
ഇരിങ്ങാലക്കുട: ക്ഷേത്രകലകളുടെ സംഗമഭൂമിയാക്കിക്കൊണ്ട് ഇരിങ്ങാലക്കുട ഉത്സവത്തെ വര്ണശബളമാക്കുവാന് കൊടിപ്പുറത്ത് വിളക്കാഘോഷ ദിവസം തന്നെ വിവിധ ക്ഷേത്രകലാപരിപാടികള്‍ അരങ്ങേറി തുടങ്ങി. അമ്മന്നൂര്‍ ചാക്യാന്മാര്ക്ക് അടിയന്തിരാവകാശമുള്ള കൂടല്‍മാണിക്യം കൂത്തമ്പലത്തില്‍ ഉത്സവത്തിന് ഒമ്പതു ദിവസവും കൂത്തും നങ്ങ്യാര്‍കൂത്തും അരങ്ങേറും. ക്ഷേത്രത്തിന് കിഴക്കേ നടപ്പുരയില്‍ സന്ധ്യക്ക് 6.30ന് നാദസ്വരം പ്രകടനവും 7.30ന് കേളി, മദ്ദളപ്പറ്റ്, കുഴല്‍പ്പറ്റ്, കൊമ്പുപറ്റ് എന്നിവയും അരങ്ങേറും. പടിഞ്ഞാറേ നടപ്പുരയില്‍ വൈകീട്ട് ആറിന് വടക്ക് കിഴക്ക് ഭാഗത്തായി പാഠകം ആരംഭിക്കും. കത്തിച്ചുവെച്ച മാടമ്പിവിളക്കിനു മുമ്പില്‍ വന്ന് കിരീടമണിഞ്ഞ് പുരാണകഥ ഭക്തിനിര്ഭരമായിട്ടാണ് പാഠകത്തില്‍ അവതരിപ്പിക്കപ്പെടുന്നത്.
നാരായണന് നമ്പ്യാര്‍ ആണ് പാഠകക്കാരന്‍. മാതൃക്കല്‍ ബലിക്ക് വളരെ മുമ്പായി പടിഞ്ഞാറേ നടപ്പുരയില്‍ കുറത്തിയാട്ടം അരങ്ങേറും. ശിവപാര്‍വ്വതിമാര്‍ കുറവനും കുറത്തിയുമായി മാറുന്ന കഥയാണ് കുറത്തിയാട്ടത്തില്‍ അവതരിപ്പിക്കുന്നത്. പാഠകവും കുറത്തിയാട്ടവും ഒമ്പത് ദിനങ്ങളിലും ഉണ്ടാകും. ശീവേലിക്കു ശേഷം കിഴക്കേ നടപ്പുരയില്‍ ഓട്ടന്തുള്ളലും വൈകീട്ട് 6.30ന് പടിഞ്ഞാറേ നടപ്പുരയില്‍ കുറത്തിയാട്ടവും അരങ്ങേറും. ഓട്ടന്‍തുള്ളലിനും കുറത്തിയാട്ടത്തിനും കേരള ഫോക്ലോര് അക്കാദമി അവാര്‍ഡ് ജേതാവ് രാജീവ് വെങ്കിടങ്ങ് നേതൃത്വം നല്‍കും. വൈകീട്ട് 4.30ന് സന്ധ്യാവേലപ്പന്തലില്‍ കെ.പി. പ്രജീഷിന്റെ നേതൃത്വത്തില്‍ സോപാന സംഗീതവും 6.30ന് കെ.എം. ദേവദാസന്റെ നേതൃത്വത്തില്‍ നാദസ്വരവും അരങ്ങേറും.
കൂടല്‍മാണിക്യത്തില്‍ ഇന്ന്
(മാണിക്യം വേദിയില്‍)
ഉച്ചതിരിഞ്ഞ് ഒന്നിന് തിരുവാതിരക്കളി, 3.30ന് ചെമ്പൂക്കാവ് ആട്ടകളരിയുടെ മോഹിനിയാട്ടം, 4.30ന് ശാസ്ത്രീയ നൃത്തം, 5.15ന് പടിയൂര്‍ നര്‍ത്തകി നൃത്തവിദ്യാലയത്തിന്റെ ശാസ്ത്രീയ നൃത്തം, 6.15ന് ഭരതനാട്യം, ഏഴിന് ശിവനന്ദ സലിന്, ബഹറിന്‍ അവതരിപ്പിക്കുന്ന ഭരതനാട്യം, 7.30ന് തൃശൂര്‍ അങ്കഹാര ടീം അവതരിപ്പിക്കുന്ന ഭരതനാട്യം, 8.15ന് വി.എം. വിദ്യ, ബാംഗ്ലൂര്‍ അവതരിപ്പിക്കുന്ന മോഹിനിയാട്ടം, ഒമ്പതിന് ഇരിങ്ങാലക്കുട മുദ്രാലയ ശാരിക ആദിത്യന്റെ ശാസ്ത്രീയ നൃത്തം, 10ന് കൈപമംഗലം സഹോദര കലാസമിതിയുടെ ഭരതനാട്യം.
(സംഗമം വേദിയില്‍)
രാവിലെ ഒമ്പതിന് ശീവേലിക്കും രാത്രി 9.30ന് വിളക്കിനും പെരുവനം ശങ്കരനാരായണ മാരാര്‍ പ്രമാണം വഹിക്കും. ഉച്ചതിരിഞ്ഞ് ഒന്നിന് തിരുവാതിരക്കളി, 1.45ന് കാട്ടുങ്ങച്ചിറ ഓം നമഃശിവായയുടെ സംഗീതാര്‍ച്ചന, 2.15ന് എറണാകുളം മാളവിക വിവേകിന്റെ സംഗീതകച്ചേരി, മൂന്നിന് ഭജന, നാലിന് വലപ്പാട് ദുര്‍ഗ രാജീവിന്റെ കര്‍ണാട്ടിക് മ്യൂസിക്, 4.45ന് ഒളരി സൂര്യകാന്തി സംഗീത നൃത്തസഭയുടെ മോഹിനിയാട്ടം, 5.45ന് മാലിയങ്കര അഞ്ജനകൃഷ്ണന്‍ അവതരിപ്പിക്കുന്ന ഭരതനാട്യം, 6.45ന് മധുലിത മൊഹാപത്രയുടെ ഒഡീസി നൃത്തനൃത്യങ്ങള്‍, 8.30ന് കൃഷ്ണനടനം, രാത്രി 12ന് സര്‍വതോഭദ്രം കലാകേന്ദ്രം അവതരിപ്പിക്കുന്ന കഥകളി: സന്താനഗോപാലം, ദുര്യോധനവധം.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

നിപ്മറില്‍ വിദ്യാര്‍ഥിനികള്‍ക്ക് റാങ്ക് തിളക്കം
കൂടല്‍മാണിക്യത്തില്‍ സംഗമേശസന്നിധിയില് ഹവിര്ധാന്യവുമായി ഊരാഴ്മക്കാര്‍
പടിയൂര്‍ പഞ്ചായത്തിലെ കുടിവെള്ളക്ഷാമത്തിനെതിരേ കോണ്‍ഗ്രസ് ധര്‍ണ
അവിട്ടത്തൂര്‍ ഉത്സവം കൊടിയേറി
കൂടല്‍മാണിക്യം ഉത്സവം;ഫിറ്റ്നസ് കടമ്പ കടന്ന് കൊമ്പന്മാര്
ഏഴഴക്…..ആന ചമയങ്ങളൊരുങ്ങി…..ഇനി ഉത്സവമേളം