വാട്ടര്‍ ബെല്ലിലൂടെ ആരോഗ്യശീലം പഠിപ്പിച്ച അധ്യാപകന് സംസ്ഥാന അംഗീകാരം
ജെനില്‍ ജോണ്‍.

ജെനില്‍ ജോണിന് സംസ്ഥാനത്തെ മികച്ച അധ്യാപക പുരസ്കാരം
ഇരിങ്ങാലക്കുട: ക്ലാസ് മുറിയുടെ ചുവരുകള്‍ക്കപ്പുറം വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും കായികത്തിനും സാമൂഹിക ബോധവല്‍ക്കരണത്തിനും പുതിയ വഴികള്‍ തുറന്ന അധ്യാപകന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനത്തിന്റെ അംഗീകാരം. സംസ്ഥാനത്തെ യുപി വിഭാഗം മികച്ച അധ്യാപകനുള്ള പുരസ്കാരമാണ് നേടിയത്. തലോര്‍ സെന്റ് തെരസിറ്റാസ് സ്കൂളിലെ കായികാധ്യാപകനാണ് ജെനില്‍ ജോണ്‍. വിദ്യാര്‍ഥികളില്‍ കൃത്യമായ ജലപാനശീലം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ജെനില്‍ ജോണ്‍ ആവിഷ്കരിച്ച ‘വാട്ടര്‍ ബെല്‍’ സംവിധാനമാണ് ദേശീയതലത്തില്‍ ശ്രദ്ധ നേടിയ പ്രധാന ആശയങ്ങളിലൊന്ന്. നിശ്ചിത ഇടവേളകളില്‍ ബെല്‍ മുഴക്കി കുട്ടികളെ വെള്ളം കുടിക്കാന്‍ ഓര്‍മപ്പെടുത്തുന്ന ഈ സംവിധാനം കേരളമുള്‍പ്പടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ നിരവധി സ്കൂളുകളില്‍ നടപ്പാക്കിയിട്ടുണ്ട്. ലളിതമായ ആശയത്തിലൂടെ കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിന് മാതൃക തീര്‍ത്ത പ്രവര്‍ത്തനത്തിനാണ് രാജ്യവ്യാപകമായി ശ്രദ്ധ ലഭിച്ചത്. കായികരംഗത്തും ജെനില്‍ ജോണിന്റെ സംഭാവനകള്‍ ശ്രദ്ധേയമാണ്.
ഇന്ത്യന്‍ ഹാന്‍ഡ്ബോള്‍ ടീം അംഗമായി രാജ്യത്തിനുവേണ്ടി മത്സരിച്ചിട്ടുള്ള അദ്ദേഹം, 16 വര്‍ഷത്തെ കായികാധ്യാപക ജീവിതത്തിനിടെ കായികമികവിന്റെ പാതയിലൂടെ നിരവധി വിദ്യാര്‍ഥികള്‍ക്ക് വഴികാട്ടിയായി. കായികമത്സരങ്ങള്‍ നടന്ന 14 വര്‍ഷങ്ങളിലും തന്റെ സ്കൂളിനെ അത്ലറ്റിക് ചാമ്പ്യന്മാരാക്കാന് നേതൃത്വം നല്കാന് അദ്ദേഹത്തിന് സാധിച്ചു. 2023 ല്‍ മേയ് 18 മുതല്‍ 21 വരെ ക്രൊയേഷ്യയില്‍ നടന്ന മാസ്റ്റേഴ്സ് ഹാന്‍ഡ്ബോള്‍ ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട്. കായികമൈതാനത്തിലും ക്ലാസ് മുറിയിലും മാത്രമൊതുങ്ങിയതല്ല ജെനില്‍ ജോണിന്റെ പ്രവര്‍ത്തനങ്ങള്‍. അന്താരാഷ്ട്ര ഡ്രാമ ഫെസ്റ്റിവലില്‍ അഭിനയിച്ച് കലാരംഗത്തും സാന്നിധ്യമറിയിച്ചു. കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് 25 ഷോര്‍ട്ട് ഫിലിമുകള്‍ നിര്‍മിച്ചിട്ടുണ്ട്. സാമൂഹിക പ്രശ്നങ്ങളില്‍ ക്രിയാത്മകമായി ഇടപെട്ട് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന അദ്ദേഹം വിദ്യാഭ്യാസം, ആരോഗ്യം, കായികം, സാമൂഹിക ഉത്തരവാദിത്തം തുടങ്ങിയ വിഷയങ്ങളില്‍ സമൂഹമാധ്യമങ്ങളിലൂടെയും നിരന്തരം ഇടപെടുന്നു. സ്കൂള്‍ ബാഗിന്റെ ഭാരം കുറക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഷോര്‍ട്ട് ഫിലി നിര്‍മിക്കുകയും ഇതു സംബന്ധിച്ചുള്ള നിര്‍ദേശങ്ങള്‍ വിദ്യാഭ്യാസമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. സോഷ്യല്‍ മീഡിയ ഇന്‍ഫഌവന്‍സര്‍ എന്ന നിലയിലും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാണ്.
കോവിഡ് കാലത്ത് ഓണ്‍ലൈന്‍ പഠനം വ്യാപകമായപ്പോള്‍ വിക്ടേഴ്സ് ചാനല്‍ ഉള്‍പ്പടെയുള്ള വിവിധ ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ ക്ലാസുകളും വിദ്യാഭ്യാസപരമായ നിര്‍ദ്ദേശങ്ങളും അവതരിപ്പിക്കാനും ജെനില്‍ ജോണിന് അവസരം ലഭിച്ചു. പ്രതിസന്ധിയുടെ കാലത്തും അധ്യാപകന്റെ സാമൂഹിക ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് വിദ്യാര്‍ഥികളിലേക്കും രക്ഷിതാക്കളിലേക്കും അറിവും ആത്മവിശ്വാസവും എത്തിക്കുന്നതില്‍ അദ്ദേഹം സജീവമായി. അക്കാദമിക മികവിനൊപ്പം വിദ്യാര്‍ഥികളുടെ ശാരീരിക ആരോഗ്യം, മൂല്യബോധം, സാമൂഹിക പ്രതിബദ്ധത, ജീവിതനൈപുണികള്‍ എന്നിവ വളര്‍ത്തിയെടുക്കണമെന്ന കാഴ്ചപ്പാടാണ് ജെനില്‍ ജോണിന്റെ അധ്യാപനത്തിന്റെ അടിത്തറ. ക്ലാസ് മുറിക്കപ്പുറം സമൂഹത്തിനും വിദ്യാഭ്യാസ മേഖലയ്ക്കും പ്രയോജനപ്പെടുന്ന നവീന ആശയങ്ങള്‍ നടപ്പാക്കുന്നതിലും അദ്ദേഹം ശ്രദ്ധ പുലര്‍ത്തുന്നു. മതബോധനരംഗത്ത് 25 വര്‍ഷമായി അധ്യാപകനാണ്. ഇപ്പോള്‍ എംജി യൂണിവേഴ്സിറ്റി സ്പോര്‍ട്സ് സൈക്കോളജിയില്‍ പിഎച്ച്ഡിചെയ്തുകൊണ്ടിരിക്കുകയാണ്. ഇരിങ്ങാലക്കുട മഠത്തിക്കര ലൈനില്‍ കിഴക്കേവീട്ടില്‍ ജോണ്‍ ആനി ദമ്പതികളുടെ മകനാണ്. ഭാര്യ: സോണിയ (എസ്ബിഐ, മാപ്രാണം). മക്കള്‍: ജോവന്ന, ഡൊമിനിക് (ഇരുവരും ഡോണ്‍ബോസ്കോ വിദ്യാര്‍ഥികള്‍).
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ജിയോളജിയില്‍ പിഎച്ച്ഡി നേടി
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് വികസനം: ഒരു ലക്ഷം പേരുടെ ഭീമഹര്‍ജിക്ക് ഒപ്പുശേഖരണം തുടങ്ങി
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
എടതിരിഞ്ഞി ഡിവിഷന് ഉപതെരഞ്ഞെടുപ്പിലേക്കുള്ള മുന്നണി സ്ഥാനാര്‍ഥികളായി, വോട്ടെടുപ്പ് 28ന്
കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസത്തില്‍ ഇരിങ്ങാലക്കുടയ്ക്ക് തിളക്കമാര്‍ന്ന രണ്ടാം സ്ഥാനം
ഠാണാവിലെ സബ് ജയില്‍ ഭൂമി പോലീസിന് ഉപയോഗാനുമതി നല്കി