ഹെവന്‍ലി ഫ്രൂട്ട് എന്ന ഗാക് ഫ്രൂട്ട് വേളൂക്കര പഞ്ചായത്തിലെ തുമ്പൂരിലും വിളഞ്ഞു
തുമ്പൂര്‍: തായ്ലാന്ഡുകാര് ഹെവന്‍ലി ഫ്രൂട്ട് എന്നു വിളിക്കുന്ന ഗാക് ഫ്രൂട്ട് വേളൂക്കര പഞ്ചായത്തിലെ തുമ്പൂരിലും വിളഞ്ഞു. ഓസ്ട്രേലിയ, വിയറ്റ്നാം, തായ്ലാന്ഡ് എന്നിവിടങ്ങളില്‍ സുലഭമായി കാണുന്ന ഈ പഴം കേരളത്തില്‍ മധുരപ്പാവല്‍ എന്നാണ് അറിയപ്പെടുന്നത്. തുമ്പൂരിലെ ആലയില്‍ വീട്ടില്‍ രാജേഷും കുടുംബവും നട്ടുവളര്‍ത്തിയ മധുരപ്പാവല്‍ വിളവെടുപ്പിനു പാകമായി. ചുവന്ന നിറത്തിലാണു കായ്കള്‍. പാഷന് ഫ്രൂട്ട് പോലെ പടര്‍ന്നു പന്തലിക്കുകയും താഴോട്ട് കായ്കള്‍ തൂങ്ങിക്കിടക്കുകയും ചെയ്യും. ഇല മുതല്‍ വിത്തുവരെ ഉപയോഗിക്കാവുന്ന ഈ ചെടിക്ക് ഒട്ടേറെ ഔഷധഗുണങ്ങള്‍ ഉണ്ടെന്നു പറയപ്പെടുന്നു. പച്ചക്കറിയായും പഴമായും ഉപയോഗിക്കാം. പന്തലില്‍ പടര്‍ന്നു കയറിയ ചെടിയില്‍ മഞ്ഞ കലര്‍ന്ന ഓറഞ്ചു നിറത്തില്‍ പഴം വിളഞ്ഞു കിടക്കുന്നതു മനോഹരമാണ്. വിയറ്റ്നാമില്‍ ഉത്സവത്തിന് ഒഴിച്ചു കൂടാനാവാത്ത വിഭവമാണു ഗാക് പഴം. വിദേശ രാജ്യങ്ങളില്‍ ഇവയുടെ പഴത്തിന്റെ ജ്യൂസിനു വളരെ പ്രിയമാണ്. രാജേഷും ഭാര്യ സെനിതും മകള്‍ നീലിമയും കൂടിയാണു ചെടി സംരക്ഷിക്കുന്നത്. തുമ്പൂര്‍ റൂറല്‍ ഹൈസ്കൂള്‍ ഹെഡ്മിസ്ട്രസാണ് സെനിത്. മഞ്ഞപ്രയിലെ ജോജോയില്‍ നിന്ന് എട്ടു മാസം മുമ്പു ലഭിച്ച നാലു തൈകളില്‍ രണ്ട് ആണ്‍ചെടിയും ഒരു പെണ്‍ചെടിയും നിലവിലുണ്ട്. ആണ്‍പൂക്കളും പെണ്‍പൂക്കളും വെവ്വേറെ ചെടികളില്‍ ഉണ്ടാകുന്നതിനാല്‍ കൃഷിക്കാര്‍ തന്നെ പരാഗണം നടത്തിയാണ് കായ്കള്‍ പിടിപ്പിക്കുന്നത്.