മലയാളം ഔദ്യോഗിക ഭാഷയാക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കണം; നീഡ്സ്
ഇരിങ്ങാലക്കുട: ഐക്യ കേരളം രൂപപെട്ടിട്ട് അറുപത്തിനാല് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മലയാളം കേരളത്തിന്റെ ഔദ്യോഗിക ഭാഷയായിട്ടില്ലെന്നും ഇതിലേക്കുള്ള നടപടികള്‍ ചുവപ്പുനാടയിലാണെന്നും മലയാളം ഔദ്യോഗിക ഭാഷയാക്കുന്നതിനു അടിയന്തിര നടപടി സ്വീകരിക്കണമെന്നും നീഡ്സ് യോഗം ആവശ്യപ്പെട്ടു. കേരളപിറവിദിനാചരണത്തോടനുബന്ധിച്ച് ചേര്‍ന്ന നീഡ്സ് യോഗത്തിലാണ് ഇതു സംബന്ധിച്ച പ്രമേയം പാസാക്കിയത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇതു സംബന്ധിച്ച നിവേദനം നല്കുവാനും യോഗം തീരുമാനിച്ചു. കേരളപിറവിദിനാഘോഷം മുന്‍ സര്‍ക്കാര്‍ ചീഫ് വിപ് അഡ്വ. തോമസ് ഉണ്ണിയാടന് ഉദ്ഘാടനം ചെയ്തു. എം.എന്‍. തമ്പാന് അധ്യക്ഷത വഹിച്ചു. കെ.പി. ദേവദാസ്, ഗുലാം മുഹമ്മദ്, ആശാലത, ടി.എ. റിനാസ് എന്നിവര്‍ പ്രസംഗിച്ചു.