കാട്ടൂര്‍ മേഖലയിലെ അമ്പലങ്ങളിലെ മോഷണം: മൂന്നു പേര് അറസ്റ്റില്‍
കാട്ടൂര്‍: കാട്ടൂര്‍ മേഖലയിലെ കുടുംബ ക്ഷേത്രങ്ങളിലെ മോഷണം മൂന്നു പേര് അറസ്റ്റില്‍. ക്ഷേത്രത്തിലെ മോഷണം പോയ ദീപസ്തംഭങ്ങള്‍, ഓട്ടുവിളക്കുകള്‍ എന്നിവയും കണ്ടെടുത്തു. പൊഞ്ഞനം സ്വദേശികളായ കണ്ടനാത്തറ രാജേഷ് (50). ഇരിങ്ങാത്തുരുത്തി സാനു (36 ), വെള്ളാഞ്ചേരി വീട്ടില്‍ സഹജന് (49) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. റൂറല്‍ എസ്പി ഐശ്വര്യ ഡോങ്ങ്ഗ്രേക്കു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ബിജുകുമര്‍, ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ. തോമസ്, കാട്ടൂര്‍ എസ്ഐ വി.പി. അരിസ്റ്റോട്ടില്‍ എന്നിവരുടെ പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റു ചെയ്തത്. ഈ മാസം 20 ന് പുലര്‍ച്ചെയാണ് പൊഞ്ഞനത്ത് നീരോലി, കതിരമ്പിള്ളി കുടുംബ ക്ഷേത്രങ്ങളില്‍ നിന്നായി ഒരു ലക്ഷം രൂപയിലധികം വിലമതിക്കുന്ന ദീപസ്തംഭങ്ങള്‍ മോഷണം പോയത്. ഒന്നാം പ്രതി രാജേഷും, രണ്ടാം പ്രതി സാനുവുമാണ് അമ്പലങ്ങളില്‍ നിന്ന് മോഷണം നടത്തിയിരുന്നത്. സംഭവം അറിഞ്ഞ ഉടനെ അന്വേഷണം നടക്കുന്നതിനിടയില്‍ ഓട്ടോ ടാക്സിയില്‍ ഒരു സംഘം വിളക്കുകള്‍ വില്‍പ്പനയ്ക്കായി നടക്കുന്നതായി വിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് ഓട്ടോ ടാക്സി കണ്ടെത്തി ഡ്രൈവര്‍ സഹജനെ ചോദ്യം ചെയ്തതോടെ മറ്റു പ്രതികളേയും പോലീസ് സംഘം പൊക്കുകയായിരുന്നു. ആദ്യം സംഭവം നിഷേധിച്ച പ്രതികള്‍ പോലീസിന്റെ ചോദ്യം ചെയ്യലില്‍ കുറ്റസമ്മതം നടത്തുകയായിരുന്നു. മോഷണമുതലുകള്‍ രാജേഷിന്റെ പറമ്പില്‍ പല സ്ഥലങ്ങളിലായി കുഴിച്ചിട്ട നിലയിലായിരുന്നു. ഇവയെല്ലാം കണ്ടെടുത്തിട്ടുണ്ട്. മോഷണത്തെത്തുടര്‍ന്ന് പോലീസ് പല സംഘങ്ങളായി തിരിഞ്ഞ് മുന്‍ കളവു കേസിലെ പ്രതികള്‍, ആക്രി വില്‍പ്പനക്കാരടക്കമുള്ളവരെ നിരീക്ഷിച്ച് വ്യാപകമായ അന്വേഷണമാണ് നടത്തിയത്. എസ്ഐ ബെനഡിക്, എഎസ്ഐമാരായ ഹരിഹരന്, പ്രസാദ്, കെ. അജയ്, സ്പെഷ്യന്‍ ബ്രാഞ്ച് ഓഫീസര്‍ സീനിയര്‍ സിപിഒ കെ.വി. ഫെബിന്, ഇ.എസ്. ജീവന്, സോണി സേവ്യര്‍, പി.വി. വികാസ്, സബരി കൃഷ്ണന്, ഷമീര്‍, ജെയ്മോന്, സതീഷ് കുമാര്‍, ടി.സി. പ്രതോഷ്, കിരണ്‍ രഘു എന്നിവരാണ് പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്.