ദി ലോ മികച്ച ഷോര്‍ട്ട് ഫിലിം അവാര്‍ഡ്, നല്ല നടന് ശിവജി ഗുരുവായൂര്‍
മികച്ച സംവിധാനം അനില്‍ കാരകുളം
ഇരിങ്ങാലക്കുട: സ്ക്രീന്‍ ടച്ച് ടാലന്റ് സ്റ്റുഡിയോയും മോളിവുഡ് മൂവി ലവേഴ്സ് ഫോറവും സംഘടിപ്പിച്ചു വരുന്ന കേരള ഷോര്‍ട്ട് ഫിലിം ലീഗ് സീസണ്-2 ഫിലിം അവാര്‍ഡ് പ്രഖ്യാപിച്ചു. വാലപ്പന് ക്രിയേഷന്‍സിന്റെ ബാനറില്‍ ഷാജു വാലപ്പന് നിര്‍മിച്ച ”ദി ലോ”എന്ന ഷോര്‍ട്ട് ഫിലിം ഏറ്റവും നല്ല ചിത്രത്തിനുള്ള അവാര്‍ഡ് കരസ്ഥമാക്കി. നീതി വ്യവസ്ഥയോടും സമൂഹത്തോടും തികഞ്ഞ നീതി പുലര്‍ത്തുകയും തന്റെ ജോലിയില്‍ സ്വന്തം മകനായാല്‍ പോലും നീതി വ്യവസ്ഥക്ക് എതിരായാല്‍ പോലും വിട്ടുവീഴ്ചക്ക് തയാറാകാത്ത പ്രശസ്ത ക്രിമിനല്‍ വക്കീലിന്റെ കഥ പറയുന്നതാണ് ”ദി ലോ”. മയക്കുമരുന്നിലൂടെ കൊലപാതകത്തില്‍ എത്തിച്ചേര്‍ന്ന മകനെ രക്ഷിക്കാന്‍ പഴുതുകളേറെയുണ്ടായിട്ടും സ്വന്തം മകനായാല്‍ പോലും രക്ഷിക്കാതെ കൊലപാതകത്തിന് പരമാവധി ശിക്ഷ വാങ്ങി കൊടുക്കുന്നതാണ് കഥ. ഇന്നത്തെ കാലഘട്ടത്തില്‍ വിദ്യാര്‍ഥികളും യുവാക്കളും മയക്കുമരുന്നിന് അടിമപ്പെട്ട ക്രിമിനല്‍ കേസുകളില്‍ ചെന്ന് ചാടാതിരിക്കാനുള്ള സന്ദേശങ്ങളും കഥയിലുണ്ട്. ”ദി ലോ” യിലെ അഭിനയത്തിന് പ്രശസ്ത സിനിമ സീരിയില്‍ നടന് ശിവജി ഗുരുവായൂര്‍ ഏറ്റവും നല്ല നടനുള്ള അവാര്‍ഡിന് അര്‍ഹനായി. ഈ ഷോര്‍ട്ട് ഫിലിം കഥ എഴുതി സംവിധാനം ചെയ്ത സിനിമാ സംവിധായകനായ അനില്‍ കാരകുളം മികച്ച സംവിധാനത്തിനുള്ള അവാര്‍ഡിന് അര്‍ഹനായത്. ‘ദി ലോ’ യില്‍ പ്രശസ്ത സിനിമ സീരിയില്‍ താരങ്ങളായ അംബികാ മോഹന്‍, ചിത്രത്തിന്റെ കോ പ്രൊഡ്യൂസര്‍ ജോസ് മാമ്പിള്ളി, ഷിജു ചാലക്കുടി, സജിനി കൊടകര, സോന, വിഷ്ണു എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.