വിശ്വാസ നിറവില്‍ താഴെക്കാട് സെന്റ് സെബാസ്റ്റ്യന്‍ ദേവാലയത്തില്‍ വിശുദ്ധ കുരിശു മുത്തപ്പന്റെ തിരുനാൾ
താഴെക്കാട്: ഭക്തിയുടെയും വിശ്വാസത്തിന്റെയും നിറവില്‍ താഴെക്കാട് സെന്റ് സെബാസ്റ്റ്യന്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന ദേവാലയത്തിലെ തിരുനാളിനു വര്‍ണാഭമായ തുടക്കം. മേയ് രണ്ട്, മൂന്ന്, നാലു തീയതികളിലാണു തിരുനാള്‍. ഇന്നു വൈകീട്ട് 6.30 നു വാദ്യമേളങ്ങളുടെ അകമ്പടിയോടെ തിരുസന്നിധിയിലേക്ക് ആഘോഷമായ തിരുസ്വരൂപാരോഹണം, ഏഴിനു ലൈറ്റ് സ്വിച്ച് ഓണ്‍കര്‍മം എന്നിവ നടക്കും. നാളെ രാവിലെ 5.45 നു ദിവ്യബലി, 6.30 നു ദിവ്യബലി, തിരുസ്വരൂപങ്ങള്‍ ഏഴുന്നള്ളിപ്പിനായി ഇറക്കല്‍, വീടുകളിലേക്ക് അമ്പ് എഴുന്നള്ളിക്കല്‍, ഉച്ചതിരിഞ്ഞ് 5.30 നു ദിവ്യബലി, നൊവേന, രൂപം വഹിച്ചുള്ള പള്ളിചുറ്റി പ്രദക്ഷിണം, രാത്രി 10 നു അമ്പ് സമാപനം, തുടര്‍ന്നു വര്‍ണമഴ എന്നിവ ഉണ്ടാകും. തിരുനാള്‍ ദിനമായ മേയ് മൂന്നിനു രാവിലെ ആറ്, ഏഴ്, എട്ട്, ഒമ്പതു സമയങ്ങളില്‍ ദിവ്യബലി, 10.30 നു ഫാ. ടോബി പുളിക്കാശേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ ദിവ്യബലി എന്നിവ ഉണ്ടാകും. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ റവ. ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ തിരുനാള്‍ സന്ദേശം നല്‍കും. ഉച്ചതിരിഞ്ഞു 3.30 നു ദിവ്യബലി, ആഘോഷമായ തിരുനാള്‍ പ്രദക്ഷിണം, തുടര്‍ന്നു വര്‍ണമഴ എന്നിവ നടക്കും. മേയ് നാലിനു വിശുദ്ധ ഗീവര്‍ഗീസിന്റെ തിരുനാളായി ആഘോഷിക്കും. തിരുനാളിന്റെ ഭാഗമായി രാവിലെ ആറ്, ഏഴ്, എട്ട്, ഒമ്പതു സമയങ്ങളില്‍ ദിവ്യബലി, 10.30 നു ഫാ. മെല്വിന് പെരേപ്പാടന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ ദിവ്യബലി എന്നിവ നടക്കും. ഫാ. ടിന്റോ ഞാറെക്കാടന് തിരുനാള്‍ സന്ദേശം നല്‍കും. വൈകീട്ട് 4.30 നു ദിവ്യബലി, തിരുനാള്‍ പ്രദക്ഷിണം, തുടര്‍ന്നു കൊച്ചിന് കലാഭവന്‍ അവതരിപ്പിക്കുന്ന ഗാനമേള എന്നിവ നടക്കും. മേയ് അഞ്ചിനു പരേതരുടെ അനുസ്മരണദിനമായി ആചരിക്കും. 10 നു എട്ടാമിടവും 17 നു പതിനഞ്ചാമിടവും ആഘോഷിക്കും. ഈ ദേശത്ത് മാറാരോഗങ്ങളായ വസൂരി, കോളറ തുടങ്ങിയവ പിടിക്കപ്പെട്ടപ്പോള്‍ മൂത്തപ്പനോട് അപേക്ഷിച്ചപ്പോള്‍ അതിന്റെ ഫലമായി രോഗങ്ങള്‍ നിശേഷം തുടച്ചുനീക്കപ്പെട്ടതിനു നന്ദിസൂചകമായി മെയ് മൂന്നു തിരുനാള്‍ ദിനത്തില്‍ മതമൈത്രിയുടെ ഭാഗമായി ഉച്ചയ്ക്കു രണ്ടിനു പാരമ്പര്യമായി തന്നെ ഹൈന്ദവ സഹോദരങ്ങള്‍ നടത്തുന്ന മുടിയാട്ടം, കുതിരക്കളി, പറയന് തുള്ളല്‍ എന്നിവ നടത്തി മുത്തപ്പനെ വണങ്ങുന്ന പതിവ് ഇന്നും തുടര്‍ന്നു പോരുന്നു. 2020 മാര്‍ച്ച് എട്ടിനാണു കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആഗോളതലത്തില്‍ തീര്‍ഥാടന കേന്ദ്രമാക്കി ഈ ദേവാലയത്തെ ഉയര്‍ത്തിയത്. 45 ലക്ഷത്തോളം രൂപയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് ഇടവക നടത്തിയത്. വീടു നിര്‍മിച്ചു കൊടുക്കല്‍, കോവിഡ് ധനസഹായം ആശ്വാസമായി 100 കുടുംബങ്ങളെ ഒരു വര്‍ഷത്തേക്കു ദത്തെടുക്കല്‍, മലയോര പ്രദേശങ്ങളില്‍ ഭക്ഷണസാധനങ്ങള്‍ വിതരണം, ഹൊസൂര്‍ രൂപതയിലെ നിര്‍ധനര്‍ക്കു സാമ്പത്തിക സഹായം, ഇടവകയിലെ കോവിഡ്-ലോക്ക്ഡൗണ്‍ കാലത്ത് ഭക്ഷ്യോത്പന്ന വിതരണം, ചികിത്സ സഹായങ്ങള്‍ എത്തിക്കല്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. തിരുനാളിന്റെ വിജയത്തിനായി ആര്‍ച്ച് പ്രീസ്റ്റ് ഫാ. ലാസര്‍ കുറ്റിക്കാടന്‍, അസിസ്റ്റന്റ് വികാരിമാരായ ഫാ. സിബിന് വാഴപ്പിള്ളി, ഫാ. ജോമോന് അറയ്ക്കപറമ്പില്‍ സിഎംഐ, ജനറല്‍ കണ്‍വീനര്‍ വിന്‍സെന്റ് തെക്കേത്തല, കൈക്കാരന്മാരായ ജോണ്സണ് നെരെപറമ്പില്‍, ലെജു കൂനമ്മാവ്, ജോയ് കളവത്ത്, സെബാസ്റ്റിയന് പ്ലാശേരി, പബ്ലിസിറ്റി കണ്‍വീനര്‍ ജോജു എളംങ്കുന്നപ്പുഴ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റിയാണു പ്രവര്‍ത്തിക്കുന്നത്.