മക്കളെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസില്‍ മാതാവ് കുറ്റക്കാരിയെന്നു കണ്ടെത്തി
ഇരിങ്ങാലക്കുട: മക്കളെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്കു ശ്രമിച്ച കേസില്‍ മാതാവ് കുറ്റക്കാരിയെന്നു കോടതി. പുല്ലൂര്‍ ഊരകം പുത്തുപറമ്പില്‍ ജിതേഷ് ഭാര്യ അമ്പിളി (34) യെയാണ് ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് കെ.എസ്. രാജീവ് കുറ്റക്കാരിയെന്നു കണ്ടെത്തിയത്. ശിക്ഷാവിധി 17 നു പറയും. കുടുംബകലഹത്തെ തുടര്‍ന്ന് അമ്പിളി 2014 ജനുവരി 11 നു രാത്രി 7.30 നു വീടിനടുത്തുള്ള കിണറ്റില്‍ മക്കളായ ലക്ഷ്മി (4), ശ്രീഹരി (ഒന്നര) എന്നിവരെയാണ് എറിഞ്ഞു കൊലപ്പെടുത്തുകയും കിണറ്റില്‍ ചാടി ആത്മഹത്യക്കു ശ്രമിക്കുകയും ചെയ്തത്. കേസിന്റെ വിസ്താരം 2022 ജനുവരി നാലിനു തുടങ്ങുകയും പ്രോസിക്യൂഷന് ഭാഗത്തുനിന്നു 24 സാക്ഷികളെ വിസ്തരിക്കുകയും 45 രേഖകള്‍ മാര്‍ക്ക് ചെയ്യുകയുമുണ്ടായി. ഇരിങ്ങാലക്കുട പോലീസ് സബ് ഇന്‍സ്പെക്ടര്‍ ടി.ജി. ദിലീപ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്പെക്ടര്‍മാരായ ആര്. മധു, ടി.എസ്. സിനോജ് എന്നിവരാണു കേസിന്റെ അന്വേഷണം നടത്തിയത്. കേസില്‍ പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പി.ജെ. ജോബി, അഡ്വ. ജിഷ ജോബി എന്നിവര്‍ ഹാജരായി.