വല്ലക്കുന്ന് സെന്റ് അല്‍ഫോണ്‍സ പള്ളിയിൽ ഊട്ടുതിരുനാള് 28ന്
ഇരിങ്ങാലക്കുട: വല്ലക്കുന്ന് സെന്റ് അല്‍ഫോണ്‍സ ദേവാലയത്തില്‍ ഊട്ടു തിരുനാള്‍ 28ന്. തിരുനാളിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വികാരി ഫാ. ജോസഫ് മാളിയേക്കല്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 28നു രാവിലെ 7.30 മുതല്‍ ഉച്ചക്ക് മൂന്നുവരെയാണ് നേര്‍ച്ചഊട്ട്. 28നു രാവിലെ 6.30, 8.15, 10.00 വൈകീട്ട് അഞ്ച് എന്നീ സമയങ്ങളില്‍ ദിവ്യബലി ഉണ്ടായിരിക്കും. രാവിലെ പത്തിനുള്ള ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് സെന്റ് സേവിയേഴ്സ് സ്കൂള്‍ പീച്ചാനിക്കാട് ഫാ. വിനില്‍ കുരിശുംതറ സിഎംഎഫ് മുഖ്യകാര്‍മികത്വം വഹിക്കും. ദീപിക മാര്‍ക്കറ്റിംഗ് കോ-ഓര്‍ഡിനേറ്റര്‍ ഫാ. ജിയോ ചെരടായി വചനസന്ദേശം നല്‍കും. 29നു വൈകീട്ട് 5.30നു മരിച്ചവര്‍ക്കുവേണ്ടിയുള്ള ദിവ്യബലി ഉണ്ടായിരിക്കും. കൈക്കുഞ്ഞുള്ള അമ്മമാര്‍ക്കും വാര്‍ധക്യസഹജമായ അസുഖങ്ങളുള്ളവര്‍ക്കും നേര്ച്ചഊട്ടിനു പ്രത്യേക സൗകര്യവും കുഞ്ഞുങ്ങള്‍ക്ക് ചോറൂണിനും അമ്മത്തൊട്ടിലില്‍ സമര്‍പ്പിച്ച് പ്രാര്‍ഥിക്കുന്നതിനും അടിമവയ്ക്കലിനും സൗകര്യം ഒരുക്കിയിട്ടുണ്ട്. 30,000 പേര്‍ക്കാണ് നേര്‍ച്ചയൂട്ട് ഒരുക്കുന്നത്. ജനറല്‍ കണ്‍വീനര്‍ ബാബു പള്ളിപ്പാട്ട്, ജോയിന്റ് കണ്‍വീനര്‍ ജിക്സോ കോരോത്ത്, കൈക്കാരന്മാരായ സജി കോക്കാട്ട്, പോള്‍ മരത്തംപ്പിള്ളി, സോജന് കോക്കാട്ട്, പബ്ലിസിറ്റി കണ്‍വീനര്‍മാരായ ജോണ്സണ് കോക്കാട്ട്, നെല്‍സണ്‍ കോക്കാട്ട് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു. വിശുദ്ധ അല്‍ഫോണ്‍സാമ്മയുടെ നാമധേയത്തിലുള്ള ആദ്യ ദേവാലയമാണിത്.