വടക്കുംകര സര്‍ക്കാര്‍ യുപി സ്കൂള്‍ പ്രീ പ്രൈമറി കെട്ടിടത്തിന് ശിലാസ്ഥാപനം മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു
കല്പറമ്പ്: വിദ്യാര്‍ഥികള്‍ക്ക് മികച്ച സാമൂഹിക അന്തരീക്ഷം സൃഷ്ടിക്കുന്നതിലൂടെ അക്കാദമിക ഗുണനിലവാരം ഉയര്‍ത്തുകയാണ് പൊതുവിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു. വടക്കുംകര സര്‍ക്കാര്‍ യുപി സ്കൂള്‍ പ്രീ പ്രൈമറി കെട്ടിടം ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കുട്ടികളുടെ സാമൂഹ്യവല്‍ക്കരണ പ്രക്രിയയില്‍ ശാസ്ത്രീയ സംവിധാനം നല്‍കുന്നതിനായി എസ്എസ്കെയുമായി ആലോചിച്ച് പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. സമൂഹത്തെയും മാതാപിതാക്കളെയും നാട്ടുഭാഷയെയും സ്നേഹിക്കുന്ന സാമൂഹ്യബോധമുള്ള കുട്ടികളായി പൊതുവിദ്യാലയത്തിലെ വിദ്യാര്‍ഥികള്‍ മാറുന്നതിനു വേണ്ട എല്ലാ സൗകര്യങ്ങളും സാമൂഹിക അന്തരീക്ഷവും ഒരുക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ നിന്നും 59 ലക്ഷം രൂപ വിനിയോഗിച്ചാണ് അന്താരാഷ്ട്ര നിലവാരമുള്ള പ്രീ പ്രൈമറി കെട്ടിടം നിര്‍മ്മിക്കുന്നത്. പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി അധ്യക്ഷനായി. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന് മുഖ്യാതിഥിയായി.വടക്കുംകര സര്‍ക്കാര്‍ യുപി സ്കൂള്‍ പ്രധാന അധ്യാപകന് ടി.എസ്. സജീവന്, പിടിഎ പ്രസിഡന്റ് എം.എം. രാധാകൃഷ്ണന്, വാര്‍ഡ് മെമ്പര്‍ ജൂലി ജോയ് തുടങ്ങിയവര്‍ പങ്കെടുത്തു.