വീടിനുള്ളില്‍ കണ്ടെത്തിയ ഗൃഹനാഥന്റെ മൃതദേഹത്തിനു പഴക്കം
ഇരിങ്ങാലക്കുട: വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഗൃഹനാഥന്റെ മൃതശരീരം പഴക്കം ചെന്ന നിലയില്‍. മുരിയാട് സിയോണ്‍ ട്രസ്റ്റിനു സമീപം താമസിക്കുന്ന തൊടുപ്പുഴ സ്വദേശി കീതപ്പിള്ളി വീട്ടില്‍ ചാക്കോ മകന് അഗസ്റ്റിനെ (52) യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് ഏകദേശം നാലു ദിവസത്തെ പഴക്കം കണക്കാക്കുന്നു. വീടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് മരണവിവരം അറിയുന്നത്. വീടിന്റെ കതക് തുറന്നിട്ട നിലയിലാണ്. കുറച്ചുനാളുകളായി ഭാര്യയും മക്കളും മറ്റൊരു വീട്ടില്‍ താമസമാക്കിയതിനാല്‍ ഒറ്റയ്ക്കാണ് ഈ വീട്ടില്‍ താമസിച്ചിരുന്നത്. ഭാര്യയും മക്കളുമായി കുറച്ചു ദിവസം മുമ്പ് തര്‍ക്കം ഉണ്ടായതായി നാട്ടുക്കാര് പറയുന്നു. പലവിധത്തില്‍ ഇയാള്‍ക്കു നേരെ ഭീഷണി ഉണ്ടായതായും സംശയമുണ്ട്. മരണത്തില്‍ ദുരൂഹത സംശയപ്പെട്ടതിനാല് വന്‍ പോലീസ് സന്നാഹത്തിലാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ചത്. ഫോറന്‍സിക് വിദഗ്ദരും പരിശോധനയ്ക്കായി സ്ഥലത്ത് എത്തിയിരുന്നു. ഇന്ന് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പോസ്റ്റ് മാര്‍ട്ടം നടത്തും. ആളൂര്‍ പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.