പോക്സോ കേസില്‍ പ്രതിക്ക് 22 വര്‍ഷം കഠിന തടവ്
ഇരിങ്ങാലക്കുട: പ്രായപൂര്‍ത്തിയാകാത്ത ശാരീരിക വൈകല്യമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 22 വര്‍ഷം കഠിനതടവും, ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചുകൊണ്ട് ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യല്‍ കോടതി ജഡ്ജ് സി.ആര്. രവിചന്ദര്‍ വിധി പ്രസ്താവിച്ചു. 2015 വര്‍ഷത്തില്‍ പല തവണകളിലായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന് ആരോപിച്ച് രണ്ടു പേര്‍ക്കെതിരെയാണ് പുതുക്കാട് പോലീസ് ചാര്‍ജ് ചെയ്ത കേസില്‍, രണ്ടാം പ്രതിയായ കൊടകര സ്വദേശി പാപ്പാത്ത് വീട്ടില്‍ രാജുവിനെയാണ് കോടതി ശിക്ഷിച്ചത്. ഒന്നാംപ്രതി വിചാരണമധ്യേ മരണപ്പെട്ടിരുന്നു. പ്രോസിക്യൂഷന് ഭാഗത്ത് നിന്നും ഒന്നു മുതല്‍ പത്ത് വരെയുള്ള സാക്ഷികളെയും, ഒന്നു മുതല്‍ 20വരെ രേഖകളും ഹാജരാക്കിയിരുന്നു. പുതുക്കാട് പോലീസ് അഡീഷണല്‍ എസ്ഐ ടി.ആര്. രാജന് രജിസ്റ്റര്‍ ചെയ്ത കേസില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആയിരുന്ന എസ്പി സുധീരന് ആണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. വിജു വാഴക്കാല, കെ.എം. സിനിമോള്‍ എന്നിവര്‍ ഹാജരായി. സീനിയര്‍ സിവില്‍ പോലീസ് ഓഫീസറും ലെയ്സണ്‍ ഓഫീസറുമായ ടി.ആര്. രജനി പ്രോസിക്യൂഷന് നടപടികള്‍ ഏകോപിപ്പിച്ചു. പോക്സോ നിയമത്തിന്റെ നാലാം വകുപ്പ് പ്രകാരം ഏഴുവര്‍ഷം കഠിനതടവും 25000 രൂപ പിഴയും, പിഴയൊടുക്കാതിരുന്നാല്‍ രണ്ടുമാസം വെറും തടവും, ആറാം വകുപ്പ് പ്രകാരം 10 വര്‍ഷം കഠിനതടവും അമ്പതിനായിരം രൂപ പിഴയും, പിഴയൊടുക്കാതിരുന്നാല്‍ ആറുമാസം വെറും തടവും, കൂടാതെ പത്താം വകുപ്പ് പ്രകാരം അഞ്ചുവര്‍ഷം കഠിനതടവും 25000 രൂപ പിഴയും, പിഴയൊടുക്കാതിരുന്നാല്‍ രണ്ടുമാസം വെറും തടവിനുമാണ് ശിക്ഷിച്ചത്. പ്രതിയെ ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു. പിഴസംഖ്യ ഈടാക്കിയാല്‍ ആയത് അതിജീവിതക്ക് നഷ്ടപരിഹാരമായി നല്കുവാനും ഉത്തരവിലുണ്ട്. കൂടാതെ അതിജീവിതക്ക് മതിയായ നഷ്ടപരിഹാരം നല്കാന് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് നിര്‍ദ്ദേശം നല്കി.